ഉഡുപ്പി-കര്‍ണാടകയിലെ ഉഡുപ്പിയില്‍ പ്രവാസി കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്താനുള്ള കാരണം അറസ്റ്റിലായ പ്രതി അരുണ്‍ ചൗഗുലെയുമായി എയര്‍ഹോസ്റ്റസ് അയ്നാസ് സൗഹൃദം അവസാനിപ്പിച്ചതാണെണന്ന് സ്ഥിരീകരിച്ച് പോലീസ്. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കാബിന് ക്രൂ അംഗമായിരുന്ന അരുണ്‍ എയര്‍ഹോസ്റ്റസ് അയ്നാസ് തന്റേത് മാത്രമായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഉഡുപ്പിയിലെ നെജാരു ഗ്രാമത്തിലാണ് അയ്നാസ് എം (21), മാതാവ് ഹസീന (47), മൂത്ത സഹോദരി അഫ്നാന് (23), സഹോദരന് അസീം (14) എന്നിവരെ അരുണ്‍ കൊലപ്പെടുത്തിയത്. 39 കാരനായ അരുണ്‍ നവംബര്‍ 15 ബെലഗാവിയിലെ കുടച്ചിയിലെ ബന്ധുവീട്ടില്‍നിന്നാണ് പോലീസ് പിടിയിലായത്.
നവംബര്‍ 12 ന് രാവിലെ ഒമ്പത് മണിയോടെ വീട്ടിലെത്തിയ അരുണ്‍ നാലംഗ കുടുംബത്തെ കുത്തിക്കൊലപ്പെടുത്തി 15 മിനിറ്റിനുള്ളില്‍ സ്ഥലം വിടുകയായിരുന്നു.
നവംബര്‍ 22 ന് പോലീസ് അന്വേഷണത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അയ്നാസിനെ സ്വന്തമാക്കാനുള്ള ആഗ്രഹവും അസൂയയും മൂലമാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി ഉഡുപ്പി പോലീസ് സൂപ്രണ്ട് ഡോ കെ.അരുണ്‍ പറഞ്ഞു.
അയ്നാസും പ്രതി അരുണും എട്ട് മാസമായി ഒരുമിച്ച് ജോലി ചെയ്തു വരികയായിരുന്നു. അന്താരാഷ്ട്ര വിമാനങ്ങളില്‍ ക്രൂ എന്ന നിലയില്‍ 10 തവണ ഇവര്‍ ഒരുമിച്ചുണ്ടായിരുന്നു. ഈ സമയത്ത് ഇവര്‍ തമ്മിലുള്ള സൗഹൃദം വളര്‍ന്നു. പ്രതി ചില അവസരങ്ങളില്‍ യുവതിയെ സഹായിച്ചിട്ടുണ്ട്. മംഗളൂരുവില്‍ വീട് വാടകയ്ക്കെടുക്കാന്‍ പ്രതി സഹായിച്ചിട്ടുണ്ട്. കൂടാതെ യാത്രയ്ക്കായി തന്റെ ഇരുചക്രവാഹനം നല്കി. ഇതെല്ലാം അടുത്ത സൗഹൃദത്തിലേക്ക് നയിച്ചുവെന്ന് എസ്.പി പറഞ്ഞു.
ഒരു മാസം മുമ്പ് യുവതി അരുണ്‍ ചൗഗുലെയുമായുള്ള ആശയവിനിമയം നിര്‍ത്തിയതായി ഉദ്യോഗസ്ഥന് പറഞ്ഞു. ഇതാണ് പ്രതിയെ ക്ഷുഭിതനാക്കിയതും അവളെ കൊല്ലാന്‍ തീരുമാനിക്കുന്നതിലേക്ക് നയിച്ചതും. തുടര്‍ന്ന് കൊലപാതകം നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി.
എന്തുകൊണ്ടാണ് യുവതി പ്രതിയില്‍നിന്ന് അകന്നുതുടങ്ങിയത് എന്ന ചോദ്യം വ്യക്തിപരമാണെന്നും പ്രസക്തമല്ലെന്നും എസ്.പി ചോദ്യത്തിനു മറുപടി നല്കി.
15 വര്‍ഷമായി സര്‍വീസിലുണ്ടായിരുന്ന എയര്‍ലൈന്‍ ജീവനക്കാരന്റെ മാനസികാവസ്ഥയെക്കുറിച്ച് എന്തെങ്കിലും നിഗമനത്തിലെത്തുന്നതിന് മുമ്പ് പ്രതിയുടെ മാനസിക നില ഡോക്ടര്‍മാര്‍ വിലയിരുത്തേണ്ടതുണ്ടെന്ന് എസ്പി പറഞ്ഞു.
കൊലപാതകം നടന്ന ദിവസം അരുണ്‍ ചൗഗുലെ തന്റെ കാറില്‍ മംഗളൂരുവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട് ടോള്‍ ഗേറ്റുകളിലെ സിസിടിവി ക്യാമറകളില്‍ പതിയാതിരിക്കാന്‍ ഉഡുപ്പിയിലേക്ക് പോകുന്ന റൂട്ടിലെ ടോള്‍ ഗേറ്റിന് മുമ്പുള്ള സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തു. പിന്നീട് ബസ്, ബൈക്ക്, ഓട്ടോ എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ യുവതിയുടെ വീട്ടിലെത്തിയെന്നും പോലീസ് പറഞ്ഞു.
അയ്നാസിന്റെ വീട് കണ്ടെത്താന്‍ ഇമേജ് ലൊക്കേഷന്‍ പോലുള്ള ഓണ്‍ലൈന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യം അയ്നാസിനേയും ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ മറ്റുള്ളവരെയും കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കുറ്റകൃത്യത്തിന് ശേഷം തന്റെ കാറിലേക്ക് മടങ്ങി. ധരിച്ചിരുന്ന ചില വസ്ത്രങ്ങള്‍ കത്തിച്ചു. വീട്ടിലേക്ക് പോയ ശേഷം കൈയിലെ മുറിവിന് ചികിത്സയ്ക്കായി ആശുപത്രിയിലെത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി അടുക്കളയില്‍ തിരികെ വെച്ചുവെന്നും പോലീസ് പറഞ്ഞു. തുടര്‍ന്ന് ഭാര്യയുടെ അമ്മാവന്റെ വീട്ടിലേക്ക് കൊണ്ടുപോയി.
പോലീസ് ചൗഗുലെയെ അറസ്റ്റ് ചെയ്യുന്നതുവരെ ഭാര്യയ്ക്കും കുടുംബത്തിനും കുറ്റകൃത്യത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നേരത്തെ പൂനെ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിയമിതനായ ചൗഗുലെ പരിശീലനത്തിനിടെ 2008ല്‍ ക്യാബിന് ക്രൂ അംഗമായി എയര്‍ലൈന്‍ റിക്രൂട്ട് ചെയ്തതിന് ശേഷം പോലീസ് ജോലി ഉപേക്ഷിക്കുകയായിരുന്നു.