ന്യൂദല്‍ഹി- തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരായ പണമിടപാട് ആരോപണങ്ങളില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. ലോക്പാലിന്റെ ഉത്തരവനുസരിച്ചാണ് അന്വേഷണം. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ടി.എം.സി നേതാവ് ഒരു വ്യവസായിയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊയ്ത്രക്കെതിരെ സി.ബി.ഐ അന്വേഷണം ആരംഭിച്ചത്. ദേശസുരക്ഷ മുന്‍നിര്‍ത്തി മൊയ്ത്രക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് നവംബര്‍ എട്ടിന് ലോക്പാല്‍ ഉത്തരവിട്ടതായി ദുബെ നേരത്തെ പറഞ്ഞിരുന്നു.
വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ നിര്‍ദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ലക്ഷ്യമിട്ട് ലോക്‌സഭയില്‍ മൊയ്ത്ര ചോദ്യങ്ങള്‍ ചോദിച്ചതായി ദുബെ തന്റെ പരാതിയില്‍ ആരോപിച്ചു. മൊയ്ത്രയും വ്യവസായിയും തമ്മില്‍ കൈമാറിയ കൈക്കൂലിയുടെ അനിഷേധ്യമായ തെളിവുകള്‍ കൈയിലുള്ള സുപ്രീം കോടതി അഭിഭാഷകന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റം ചുമത്തിയതെന്ന് ദുബെ പറഞ്ഞു.
ഈ മാസം ആദ്യം, ആരോപണങ്ങള്‍ അന്വേഷിച്ച ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി, ലോക്‌സഭയില്‍നിന്ന് മൊയ്ത്രയെ അയോഗ്യയാക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് അംഗീകരിക്കുകയും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.