ദൈനംദിന ജീവിതത്തിന്റെ തിരക്കിൽ നിന്ന് ഒരു ഇടവേള എടുത്ത് പ്രകൃതിയുടെ വശ്യമായ അന്തരീക്ഷത്തിൽ കുറച്ച് നേരം ചെലവിട്ടാൽ ആസ്വദിക്കാവുന്ന സൗന്ദര്യവും സമാധാനവും ഒന്ന് വേറെ തന്നെയാണ്. ഒരു വനാന്തർഭാഗത്ത് സുരക്ഷിതമായി ചെലവിടുന്ന നിമിഷങ്ങൾ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്റെ മേന്മ വർധിപ്പിക്കുന്നു. പടർന്ന് പന്തലിച്ച മരങ്ങൾക്ക് ചുവട്ടിലൂടെ നടക്കുന്നതും ഹരിത സ്ഥലികളിൽ ഇത്തിരി നേരം ചെലവിടുന്നതും ആരോഗ്യം മെച്ചപ്പെടുത്തും. പാർശ്വഫലങ്ങളില്ലാത്ത ഒരു സൗജന്യ ചികിൽസയായതിനെ കണക്കാക്കാമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വൃക്ഷങ്ങൾക്കിടയിൽ നേരം ചെലവിടുന്നത് നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും രക്തസമ്മർദം കുറയ്ക്കുന്നതിനും ഏറെ സഹായകമാണ്. മരത്തണലുകൾ ആത്മസംഘർഷങ്ങൾ ലഘൂകരിച്ച് നമ്മുടെ മാനസികാവസ്ഥയെ ഗണ്യമായി മെച്ചപ്പെടുത്തുന്നു.
യു.എസ് ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി പഠനങ്ങൾ പ്രകൃതിയിലും ഹരിത ഇടങ്ങളിലും പ്രത്യേകിച്ച് വനങ്ങളിലും സമയം ചെലവഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഗവേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. വനത്തിലൂടെ സഞ്ചരിക്കുന്നതിന്റെ നേട്ടങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് 1982 ൽ, ജാപ്പനീസ് കൃഷി, വനം, മത്സ്യബന്ധന മന്ത്രാലയം അതിനായി ഒരു പദം പോലും ഉണ്ടാക്കിയത്. 'ഷിൻറിൻ-യോകു. വനാന്തരീക്ഷം' അല്ലെങ്കിൽ 'വനത്തിൽ കുളിക്കുക' എന്നാണ് ഇതിനർത്ഥം. സമ്മർദം ഒഴിവാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വനങ്ങൾ സന്ദർശിക്കാൻ മന്ത്രാലയം ആളുകളെ പ്രോത്സാഹിപ്പിക്കുന്നു.
വെളിയിലും വനങ്ങളിലും സമയം ചെലവഴിക്കുന്നത് നമ്മെ എങ്ങനെ ആരോഗ്യകരമാക്കുന്നു എന്നതിലേക്ക് ഗവേഷണം വെളിച്ചം വീശുന്നുണ്ട്. വനങ്ങളിലെ സസ്യവൈവിധ്യങ്ങളുമായി നാം സമ്പർക്കം പുലർത്തുമ്പോൾ നമ്മുടെ പ്രതിരോധശേഷി വർധിക്കുന്നു. സസ്യങ്ങൾ പ്രാണികളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് പുറപ്പെടുവിക്കുന്ന വായുവിലൂടെയുള്ള രാസവസ്തുക്കളായ ഫൈറ്റോൺസൈഡുകളാണ് നാം കാട്ടിലെത്തിയാൽ ശ്വസിക്കുന്നത്. ഫൈറ്റോൺസൈഡുകൾക്ക് ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുണ്ട്. ഇത് സസ്യങ്ങളെ രോഗത്തിനെതിരെ പോരാടാൻ സഹായിക്കുന്നു. നാം ഈ രാസവസ്തുക്കൾ ശ്വസിക്കുമ്പോൾ പ്രകൃതിദത്ത കൊലയാളി കോശങ്ങൾ അല്ലെങ്കിൽ എൻ.കെ എന്നറിയപ്പെടുന്ന ഒരു തരം വെളുത്ത രക്താണുക്കളുടെ എണ്ണവും പ്രവർത്തനവും വർധിപ്പിച്ചുകൊണ്ട് നമ്മുടെ ശരീരം പ്രതികരിക്കുന്നു. ഈ കോശങ്ങൾ നമ്മുടെ ശരീരത്തിലെ വൈറസ് ബാധിച്ച കോശങ്ങളെ നശിപ്പിക്കുന്നു. ജാപ്പനീസ് ഗവേഷകർ വനങ്ങളിലേക്കുള്ള സമ്പർക്കം ചിലതരം കാൻസറുകൾ തടയാൻ സഹായിക്കുമോ എന്ന് കൂടി അന്വേഷിക്കുകയാണ്.
മരങ്ങൾക്കു ചുറ്റും സമയം ചെലവഴിക്കുന്നതും മരങ്ങളിലേക്ക് നോക്കുന്നതും നമ്മുടെ സമ്മർദം കുറയ്ക്കുകയും രക്തസമ്മർദം ക്രമീകരിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വനങ്ങളിൽ വ്യായാമം ചെയ്യുന്നതും മരങ്ങളെ നോക്കി ഇരിക്കുന്നതും രക്തസമ്മർദവും സമ്മർദവുമായി ബന്ധപ്പെട്ട ഹോർമോണുകളായ കോർട്ടിസോൾ, അഡ്രിനാലിൻ എന്നിവ കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ കാണിക്കുന്നു. പ്രൊഫൈൽ ഓഫ് മൂഡ് സ്റ്റേറ്റ്‌സ് ടെസ്റ്റ് ഉപയോഗിച്ച്, ഫോറസ്റ്റ് ബാത്ത് ട്രിപ്പുകൾ ഉത്കണ്ഠ, വിഷാദം, കോപം, ആശയക്കുഴപ്പം, ക്ഷീണം എന്നിവയുടെ സ്‌കോറുകൾ ഗണ്യമായി കുറയ്ക്കുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. രോഗപ്രതിരോധ സംവിധാനത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ സമ്മർദം വളരാതിരിക്കാൻ വനങ്ങളിൽ സമയം ചെലവിടുന്നത് ഏറെ ഉത്തമമാണ്.
ജോലി, സ്‌കൂൾ, കുടുംബ ജീവിതം എന്നിങ്ങനെ ജീവിതം എന്നത്തേക്കാളും തിരക്കേറിയതാണ് ഇപ്പോൾ. ഒരു കാര്യത്തിലും വേണ്ടത്ര ദീർഘനേരം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തവരുടെ എണ്ണം കൂടിവരികയാണ്. പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത് നമ്മുടെ ശ്രദ്ധയെ കൂടുതൽ ഏകാഗ്രമാക്കാൻ സഹായിക്കുന്നു. കാട്ടിലെ സസ്യങ്ങൾ, വെള്ളം, പക്ഷികൾ, പ്രകൃതിയുടെ മറ്റ് വശങ്ങൾ എന്നിവ നിരീക്ഷിക്കുന്നത് നമ്മുടെ തലച്ചോറിന്റെ വൈജ്ഞാനിക ഭാഗത്തിന് ഒരു ഇടവേള നൽകുന്നു, ഇത് നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാനും ക്ഷമയോടെയിരിക്കാനുള്ള നമ്മുടെ കഴിവ് പുതുക്കാനും ഉപകാരപ്പെടുന്നു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സമൃദ്ധവും വൈവിധ്യമാർന്നതുമായ സസ്യസമ്പത്ത്
കൊണ്ട് അനുഗൃഹീതമാണ് കേരളം. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ ഈ പ്രത്യേകത അനവധി ഗവേഷകരുടെയും ശാസ്ത്രജ്ഞന്മാരുടെയും സവിശേഷ ശ്രദ്ധ്ക്കു വിഷയീഭവിച്ചിരുന്നു. ആധുനിക സസ്യശാസ്ത്രത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാൾ ലിന്നയസിനു മുമ്പു പ്രസിദ്ധീകരിക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കസ് എന്ന ബൃഹദ്ഗ്രന്ഥം തന്നെ ഇതിനൊരു തെളിവാണ്. 1678 നും 1703 നുമിടയ്ക്ക് പന്ത്രണ്ടു വാല്യങ്ങളിലായി ആംസ്റ്റർഡാമിൽ അച്ചടിച്ചു പുറത്തിറക്കിയ ഈ ഗ്രന്ഥത്തിന്റെ ഏഴായിരത്തി ഇരുന്നൂറു പുറങ്ങളിലായി ഒട്ടനവധി കേരളീയ സസ്യങ്ങളുടെ വിവരണം വ്യാപിച്ചു കിടക്കുന്നു. അന്ന് കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെന്റി വാന്റീഡ് ലോകത്തൊരിടത്തും ഇത്ര സമൃദ്ധവും വൈവിധ്യമാർന്നതുമായ ഒരു സസ്യസമൂഹം കണ്ടിരുന്നില്ല. അക്കാരണം തന്നെയാണ് ഇങ്ങനെ ഒരു പുസ്തക നിർമാണത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മലയാളികൾ എന്നിട്ടും കാനന സ്‌നാനത്തിന്റെ പ്രയോജനം വേണ്ടത്ര തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തുന്നില്ല എന്നത് ഒരു വസ്തുതയാണ്.
കേരളത്തിലെ നാൽപത്തിനാല് നദികളുടേയും സ്രോതസ്സായ സസ്യ നിബിഡമായ മലനിരകളിൽ ഇന്ന് സസ്യങ്ങൾ വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. സെന്ന സ്പെക്റ്റാബിലിസ് എന്നറിയപ്പെടുന്ന ഒരു തരം അധിനിവേശ സസ്യം നമ്മുടെ വനസമ്പത്തിന് ഉയർത്തിയ ഭീഷണി നിസ്സാരമല്ല. നിലവിൽ ഈ മരം അതിന്റെ അതിവേഗം വളരാനുള്ള കഴിവ് കാരണം ലോകമെമ്പാടുമുള്ള വന, പരിസ്ഥിതി വ്യവസ്ഥകളുടെ തദ്ദേശീയ വൃക്ഷ ഇനങ്ങൾക്ക് മഹാ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ് എന്ന കാര്യം നമ്മെ ഏറെ ആകുലപ്പെടുത്തേണ്ടതുണ്ട്.