ഗാസ/ജറൂസലം - ഗാസയില്‍ വെടിനിര്‍ത്തല്‍ വെള്ളി രാവിലെ ഏഴു മുതല്‍. വൈകിട്ട് നാലിന് ബന്ദികളുടെ ആദ്യ സംഘത്തെ മോചിപ്പിക്കും. എട്ടുമണിയോടെ തടവുകാരുടെ ആദ്യസംഘവും പുറത്തെത്തും. ഖത്തര്‍ മധ്യസ്ഥതയില്‍ ഇസ്രായില്‍-ഹമാസ് വിഭാഗങ്ങളെത്തിച്ചേര്‍ന്ന വെടിനിര്‍ത്തല്‍ ധാരണ വെളളിയാഴ്ച നടപ്പാകുമെന്ന് ഖത്തര്‍ അറിയിച്ചു.
13 ന് പകരം 39
സ്ത്രീകളും കുട്ടികളുമായി 13 ഇസ്രായിലി ബന്ദികളെയാണ് വെള്ളിയാഴ്ച മോചിപ്പിക്കുക. പകരം 39 തടവുകാരെ ഇസ്രായിലും വിട്ടയക്കും. ഏഴാഴ്ച നീണ്ട ക്രൂരമായ യുദ്ധത്തിലെ ആദ്യ സമാധാന നീക്കമാണിത്. പ്രാദേശിക സമയം രാവിലെ ഏഴ് മണിക്ക് വടക്കന്‍, തെക്കന്‍ ഗാസയില്‍ സമഗ്രമായ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാകുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിദിനം 200 റിലീഫ് ട്രക്കുകള്‍
വെള്ളി രാവിലെ മുതല്‍ ഗാസയിലേക്ക് ജീവകാരുണ്യ സഹായം ഒഴുകാന്‍ തുടങ്ങും. റഫാ അതിര്‍ത്തിയില്‍ ദുരിതാശ്വാസ വസ്തുക്കളും ഇന്ധനവുമായി നിര്‍ത്തിയിട്ടിരിക്കുന്ന നൂറുകണക്കിന് ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിക്കുമെന്നാണ് കരുതുന്നത്. പ്രതിദിനം 200 ട്രക്കുകളും നാല് ഇന്ധന ടാങ്കറുകളും ഗാസയിലെത്തും. ബന്ദികളുടെ ആദ്യസംഘത്തെ വൈകുന്നേരം നാല് മണിക്ക് മോചിപ്പിക്കും. എട്ടുമണിയോടെ ഇസ്രായില്‍ ജയിലുകളില്‍നിന്ന് ഫലസ്തീനി തടവുകാരേയും മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്ഥിരമായ ഒരു സമാധാന ഉടമ്പടിയിലേക്കുള്ള ആദ്യ നീക്കമായി ഇതിനെ കരുതുന്നതായും അന്‍സാരി കൂട്ടിച്ചേര്‍ത്തു.
തടവുകാരെ റെഡ്‌ക്രോസ് ഏറ്റുവാങ്ങും
ഇസ്രായിലിലെ മെഗിദ്ദോ, ദാമന്‍, ഒഫര്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീനി തടവുകാരെയാണ് മോചിപ്പിക്കുക. എല്ലാവരേയും ഒഫറില്‍ കൊണ്ടുവന്ന ശേഷം റെഡ്്‌ക്രോസ്സിന്റെ വാഹനത്തില്‍ ബൈത്തോണിയ ചെക്‌പോയന്റ് വഴി അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെത്തിക്കും. ഹമാസിന്റെ പിടിയിലുള്ള ബന്ദികള്‍ നാട്ടില്‍ എത്തിച്ചേരുമ്പോള്‍ ഒരുതരത്തിലുള്ള ആഘോഷവും നടത്തരുതെന്ന് ഇസ്രായിലി സൈന്യം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വ്യാഴം രാവിലെ പത്തുമണി മുതല്‍ വെടിനിര്‍ത്തല്‍ നടപ്പാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. നിലയ്ക്കാത്ത ആക്രമണമാണ് ഇസ്രായില്‍ വ്യാഴാഴ്ച പകലും രാത്രിയും ഗാസയില്‍ നടത്തിയത്. ഏതൊക്കെ ബന്ദികളെ വിട്ടയക്കണം, മോചിപ്പിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങളില്‍ അനിശ്ചിതത്വം ഉണ്ടായതോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരാതിരുന്നത്.
വിമാനമൊഴിഞ്ഞ് ഗാസയുടെ ആകാശം
ഇസ്രായില്‍ സൈന്യത്തിനെതിരായ പോരാട്ടം നിര്‍ത്തിവെക്കുമെന്ന് ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസക്ക് മുകളില്‍ ഒരു ഇസ്രായിലി യുദ്ധവിമാനവും ഈ ദിവസങ്ങളില്‍ പറക്കില്ല. എല്ലാ ദിവസവും രാവിലെ 10 മുതല്‍ നാലു വരെ ആറു മണിക്കൂറാണ് വ്യോമനിരോധം. വിട്ടയക്കുന്ന ഓരോ ഇസ്രായിലി ബന്ദിക്കും പകരമായി മൂന്നു ഫലസ്തീന്‍ തടവുകാരെയാണ് മോചിപ്പിക്കുക. നാലു ദിവസത്തിനുള്ളില്‍ ഇപ്രകാരം 50 ബന്ദികളും 150 തടവുകാരും മോചിപ്പിക്കപ്പെടും- ഹമാസ് വക്താവ് പറഞ്ഞു. മധ്യസ്ഥചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച ഖത്തറിനും ഈജിപ്തിനും ഹമാസ് വക്താവ് ഉസാമ ഹംദാന്‍ നന്ദി പറഞ്ഞു. ഈ വ്യവസ്ഥകളെല്ലാം 10 ദിവസം മുമ്പു തന്നെ തങ്ങള്‍ അംഗീകരിച്ചതാണെങ്കിലും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ദുര്‍വാശിയാണ് നീണ്ടുപോകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസത്തെ വെടിനിര്‍ത്തല്‍ കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകുമെന്ന് തന്നെയാണ് വിശ്വാസം.
കുടുംബങ്ങളെ വിവരമറിയിച്ച് ഇസ്രായില്‍
ഗാസ മുനമ്പില്‍നിന്ന് മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പ്രാഥമിക ലിസ്റ്റ് ഇസ്രായിലിന് ലഭിച്ചിട്ടുണ്ടെന്നും കുടുംബങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഒക്‌ടോബര്‍ ഏഴിന് ഹമാസിന്റെ തോക്കുധാരികള്‍ അതിര്‍ത്തി വേലി കടന്ന് 1,200 പേരെ കൊല്ലുകയും 240 ഓളം പേരെ ബന്ദികളായി പിടിക്കുകയും ചെയ്തതോടെയാണ് വിനാശകരമായ യുദ്ധം ആരംഭിച്ചത്. അതിനുശേഷം, 14,500 ലധികം ഗാസക്കാര്‍ ഇസ്രായില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. അവരില്‍ 40 ശതമാനം കുട്ടികളാണ്.
പ്രതിദിനം 10 ബന്ദികളെങ്കിലും മോചിപ്പിക്കപ്പെട്ടാല്‍ അതനുസരിച്ച് വെടിനിര്‍ത്തല്‍ ആദ്യ നാല് ദിവസത്തിനപ്പുറം നീണ്ടുനില്‍ക്കുമെന്ന് ഇസ്രായില്‍ പറഞ്ഞു. നവംബര്‍ അവസാനത്തോടെ നൂറോളം ബന്ദികളെ മോചിപ്പിക്കാന്‍ സാധിക്കുമെന്ന് ഫലസ്തീന്‍ വൃത്തങ്ങളും പ്രതീക്ഷ പ്രകടിപ്പിച്ചു. വെടിനിര്‍ത്തല്‍ സമയം അവസാനിച്ചാല്‍ വീണ്ടും പോരാട്ടത്തിലേക്ക് കടക്കുമെന്ന് ഇരുപക്ഷവും വ്യക്തമാക്കി.
ഖത്തറില്‍ ഓപറേഷന്‍ റൂം
വെടിനിര്‍ത്തലും ബന്ദിമോചനവും നിരീക്ഷിക്കുന്നതിന് ഖത്തറില്‍ ഓപറേഷന്‍ റൂം തുറന്നിട്ടുണ്ട്. ഇസ്രായില്‍, ദോഹയിലെ ഹമാസ് രാഷ്ട്രീയ ഓഫീസ്, ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ്‌ക്രോസ് (ഐ.സി.ആര്‍.സി) എന്നിവയുമായി നേരിട്ട് ആശയവിനിമയം നടത്തുമെന്നും ഖത്തര്‍ പറഞ്ഞു. ഓപ്പറേഷന്‍ റൂമിലൂടെ എല്ലാവരുമായും വ്യക്തമായ ആശയവിനിമയം ഞങ്ങള്‍ നിലനിര്‍ത്തുന്നു എന്നതാണ് പ്രധാന കാര്യം- അന്‍സാരി പറഞ്ഞു. വെടിനിര്‍ത്തലിന്റെ നാലാം ദിവസമെത്തുന്നതിന് മുമ്പായി തന്നെ ഗാസയില്‍നിന്ന് കൂടുതല്‍ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറില്‍ ചര്‍ച്ച ആരംഭിക്കുമെന്നും ഖത്തര്‍ അറിയിച്ചു.
ഗാസയില്‍ ആഹ്ലാദം, മുഖത്ത് പുഞ്ചിരി
വെടിനിര്‍ത്തലിന് കളമൊരുങ്ങിയതോടെ ഗാസയിലെങ്ങും ജനങ്ങള്‍ ആശ്വാസത്തിലാണ്. ഖാന്‍ യൂനിസിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍നിന്ന് ഇസ്രായിലിന്റെ ഉത്തരവുപ്രകാരം മധ്യഭാഗങ്ങളിലേക്ക് മാറിയ ചിലര്‍ വീടുകളിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
അതേസമയം, ഇന്നലെയും ഇസ്രായില്‍ സൈനികര്‍ ആശുപത്രികള്‍ക്കെതിരെ അതിക്രമം തുടര്‍ന്നു. അല്‍ഷിഫ ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടറെ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്തു. മറ്റു ചില ഡോക്ടര്‍മാരേയും പിടികൂടി. ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ ബോംബിംഗ് തുടര്‍ന്നു.