ദഹ്‌റാന്‍- കിംഗ് അബ്ദുല്‍ അസീസ് സെന്റര്‍ ഫോര്‍ വേള്‍ഡ് കള്‍ച്ചര്‍ (ഇത്രാ) നിര്‍മ്മിച്ച മൂന്ന് ചിത്രങ്ങള്‍ ഈ വര്‍ഷത്തെ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഒമ്പതു വരെയാണ് ജിദ്ദയില്‍ റെഡ് സീ ചലച്ചിത്രോത്സവം. ഏറ്റവും മികച്ച സൗദി സിനിമക്ക് അരലക്ഷം ഡോളറിന്റെ സമ്മാനവും ഇത്രാ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ചലച്ചിത്ര വ്യവസായത്തിന്റെ പുരോഗതിക്ക് വലിയ പിന്തുണയാണ് ഇത്രാ കേന്ദ്രം ല്‍കിവരുന്നത്.
ഏറ്റവും മികച്ച സിനിമകള്‍ നിര്‍മ്മിച്ച് അന്താരാഷ്ട്ര വേദികളില്‍ എത്തിക്കുന്നതിലൂടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഇത്രായുടെ സഹായമുണ്ട്. രാജ്യത്തെ ചലച്ചിത്ര മേഖലയിലെ പുരോഗതിയെ കേന്ദ്രം എല്ലാ അര്‍ഥത്തിലും പിന്തുണക്കുന്നത്. അറേബ്യന്‍ മാസ്റ്റര്‍പീസ് വിഭാഗത്തില്‍ ഹജാന്‍ എന്ന ഫീച്ചര്‍ ചിത്രമാണ് പ്രദര്‍ശിപ്പിക്കുക. ഫിലിം ക്ലിനിക്കുമായി സഹകരിച്ച് ഇത്രാ നിര്‍മ്മിച്ച അറബി ഭാഷാ ഫീച്ചര്‍ ഫിലിമാണിത്.
പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനും സവിശേഷവും ശാശ്വതവുമായ ബന്ധം രൂപപ്പെടുത്താനും ഒരുമിച്ച് ഓടുന്ന അനാഥ ബാലനായ മാതാറിന്റെയും ഒട്ടകമായ ഹോയ്ഫ്രയുടെയും കഥയാണ് ഈ അറബി ഭാഷാ ഫീച്ചര്‍ ചിത്രം വെള്ളിത്തിരയിലെത്തിക്കുന്നത്.
മുഫാരിജ് അല്‍മിജ്ഫിലും ഉമര്‍ ശാമയും ചേര്‍ന്ന് രചിച്ച ഹജാന്‍ സംവിധാനം ചെയ്തിരിക്കുന്നത് അബൂബക്കര്‍ ഷൗക്കിയാണ്. ചിത്രത്തില്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍നിമര്‍, അല്‍ഷൈമ തയ്യിബ്, ഉമര്‍ അല്‍അതാവി എന്നിവരാണ് അഭിനേതാക്കള്‍.
സെപ്റ്റംബറില്‍ ടൊറണ്ടോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഡിസ്‌കവറി പ്രോഗ്രാമിന്റെ ഭാഗമായിരുന്ന ഹജാന്റെ വേള്‍ഡ് പ്രീമിയര്‍ യു.എന്‍ ഒട്ടക വര്‍ഷമായി ആചരിക്കുന്ന അടുത്ത വര്‍ഷമാണ് റിലീസ് ചെയ്യുന്നത്.
ന്യൂ സൗദി സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഹാദി അല്‍ഈസാണ് ഇത്രാ എത്തിക്കുന്ന രണ്ടാമത്തെ ചിത്രം. ഈ വര്‍ഷമാദ്യം ഷാര്‍ജ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കകയും പ്രത്യേക പ്രശംസാപത്രം നേടുകയും ചെയ്ത ഷോര്‍ട്ട് ഫിലിമാണ് ഹാദി അല്‍ഈസ്.
ഒട്ടകങ്ങളുടെ ചരിത്രത്തിലേക്കും സൗദി സംസ്‌കാരവുമായി അവയെ ബന്ധിപ്പിക്കുന്ന ആഴത്തില്‍ വേരൂന്നിയ ആചാരങ്ങളിലേക്കും രാജ്യത്തെ ജനങ്ങളുമായുള്ള വെകാരികവും ചരിത്രപരവുമായ ബന്ധത്തിലേക്കും പുതിയവെളിച്ചം വീശുന്ന ചിത്രമാണ് ഹാദി അല്‍ഈസ്.
അബ്ദുല്ല സഹര്‍തി സംവിധാനം ചെയ്ത ഈ ചിത്രം ഒട്ടകങ്ങളുടെ സ്വഭാവം അനാവരണം ചെയ്യുന്നു. ഉടമകളുമായും അവയെ കൈകാര്യം ചെയ്യുന്നവരുമായുമായുള്ള ബന്ധങ്ങളാണ് ചിത്രത്തില്‍ വെളിപ്പെടുത്തുന്നത്. സൗദിയുടെ മനോഹരമായ ഭൂപ്രകൃതിയിലൂടെ നീങ്ങുന്ന ചിത്രം ഒട്ടകങ്ങളുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും പരിശോധിക്കുന്നു.
ഇത്രായുടെ പിന്തുണയോടെ തമന്യ നിര്‍മിച്ച 'ഖാലിദ് അല്‍ശൈഖ്: ബിറ്റ്‌വീന്‍ ദ തോണ്‍സ് ഓഫ് ആര്‍ട്ട് ആന്‍ഡ് പൊളിറ്റിക്‌സ്' എന്ന ഡോക്യുമെന്ററിയാണ് മറ്റൊരു ചിത്രം.
സൗദിയുടെ സംസ്‌കാരത്തിലേക്കും പാരമ്പര്യത്തിലേക്കും വെളിച്ചം വീശുന്ന ഉയര്‍ന്ന നിലവാരമുള്ള സിനിമകള്‍ അന്താരാഷ്ട്ര വേദികളില്‍ എത്തിച്ചാണ് അഭിമാനാര്‍ഹമായ നേട്ടങ്ങളുമായി ഇത്രാ മുന്നേറുന്നത്. ഇതുവരെ കൈവരിച്ച പുരോഗതിയാണ് അഭിമാനവും ആവേശവുമെന്ന് ഇത്രായിലെ പര്‍ഫോമിംഗ് ആര്‍ട്‌സ്, സിനിമ മേധാവി മജീദ് ഇസഡ് സമാന്‍ പറഞ്ഞു.
ഐഎഫ്പി ആരംഭിച്ചതിനുശേഷം 2016 മുതല്‍ ഇതുവരെ 72ലധികം ചലച്ചിത്രമേളകളില്‍ ഇത്രാ പങ്കെടുത്തിട്ടുണ്ട്. ഇത്രായുടെ സിനിമകള്‍ 24 അവാര്‍ഡുകള്‍ നേടി.
സൗദി ചലച്ചിത്ര പ്രവര്‍ത്തകരുടെ അടുത്ത തലമുറയെ കണ്ടെത്താനും വികസിപ്പിക്കാനുമുള്ള പ്രതിബദ്ധതയാണ് ഇത്രാ തുടരുന്നത്.
ഡിസംബര്‍ അഞ്ചിന് റെഡ് സീ സൂക്ക് അവാര്‍ഡ് ദാന ചടങ്ങില്‍ മികച്ച സൗദി ഫിലിം വിജയിക്ക് അരലക്ഷം ഡോളറാണ് ഇത്രാ സമ്മാനമായി നല്‍കുക.
ഫെസ്റ്റിവലിലുടനീളം ഇത്രായുടെ പ്രത്യേക പവലിയനുണ്ടാകും. സൗദിയില്‍ യുവസംവിധായകരെ എങ്ങനെ പ്രത്സാഹിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്നതും രാജ്യത്ത് ചലച്ചിത്ര വ്യവസായത്തെ എങ്ങനെ പിന്തുണക്കുന്നുവെന്നും കാണിക്കുന്നതായിരിക്കും പവലിയന്‍. ഇത്രാ ഫിലിം നിര്‍മാണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കാം. www.ithra.com