- 'അവർ ഉള്ളിൽ പറഞ്ഞത് പുറത്തും പറയും' - മഹുവയെ കുറിച്ച് ബംഗാൾ മുഖ്യമന്ത്രി
കൊൽക്കത്ത - പാർല്ലമെന്റിനകത്തും പുറത്തും സംഘപരിവാറിന്റെ കണ്ണിലെ കരടായി മാറിയ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എം.പിക്കെതിരായ കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതികരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ എത്തിക്‌സ് കമ്മിറ്റിയുടെ മറപിടിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ അമിത് ഷായും സംഘവും മഹുവയെ എം.പി സ്ഥാനത്തുനിന്നും അയോഗ്യായാക്കാൻ നാളുകളായി ശ്രമിക്കുന്നതിനിടെയാണ് മമത മൗനം വെടിഞ്ഞ് രംഗത്തെത്തിയത്.
പ്രശ്‌നത്തിൽ മഹുവയോടൊപ്പമാണ് പാർട്ടിയും താനുമെന്ന സന്ദേശമാണ് മമതയുടെ പ്രതികരണത്തിൽനിന്ന് വ്യക്തമാകുന്നത്. മഹുവയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ ബി.ജെ.പി ആസൂത്രണം നടക്കുകയാണെന്നും ഇത് അവർക്ക് 2024-ലെ തെരഞ്ഞെടുപ്പിൽ കൂടുതൽ ഗുണം ചെയ്യുമെന്നും മമത ബാനർജി വ്യക്തമാക്കി. മഹുവയെ നിശബ്ദമാക്കാനാണ് അവരുടെ പദ്ധതി. പക്ഷേ, അത് മഹുവയെ കൂടുതൽ ജനപ്രീതിയുള്ള നേതാവാക്കും. ഉള്ളിൽ പറഞ്ഞത് അവർ പുറത്തും പറയും. മുഖംമൂടിയില്ലാതെ, അവർ എല്ലാ ദിവസവും പത്രസമ്മേളനവും നടത്തും. അവർക്കൊന്നും നഷ്ടപ്പെടാനില്ലെന്നും കുടുതൽ ശ്രദ്ധിക്കപ്പെടുമെന്നും മമത ചൂണ്ടിക്കാട്ടി.
മഹുവക്കെതിരെ സംഘപരിവാർ കേന്ദ്രങ്ങളിൽനിന്ന് സംഘടിതമായി കടുത്ത ആരോപണം ഉയർന്നതു മുതൽ പാർട്ടിയോ മുഖ്യമന്ത്രിയോ മഹുവയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നില്ല. അതോടെ പാർട്ടിക്ക് അനഭിമതയാണ് മഹുവയെന്ന രീതിയിൽ റിപോർട്ടുകളുണ്ടായിരുന്നു. പിന്നാലെ പാർല്ലമെന്റ് എത്തിക്‌സ് കമ്മിറ്റി നവംബർ ഒന്നിന് മഹുവയെ ചോദ്യം ചെയ്തിരുന്നു. ശേഷം അവരെ എം.പിസ്ഥാനത്ത് നിന്ന് അയോഗ്യയാക്കാനും ശിപാർശ ചെയ്തിട്ടുണ്ട്. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ നടപടിയെടുക്കാനാണ് അണിയറയിൽ നീക്കം നടക്കുന്നത്. ഇതിനിടെയാണ് വൈകിയെങ്കിലും മമത ബാനർജിയുടെ തുറന്നുപറച്ചിൽ.
പ്രധാനമന്ത്രിക്കും അദാനി ഗ്രൂപ്പിനുമെതിരെ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മഹുവ പണം വാങ്ങിയെന്നായിരുന്നു ആരോപണം. വ്യവസായിയുമായി മഹുവ പാർലമെന്റ് ലോഗിൻ വിവരങ്ങൾ പങ്കുവെച്ചതിന്റെ തെളിവുകളും ദുബെ ഹാജരാക്കി. ദർശനും ഇക്കാര്യം സമ്മതിച്ചിരുന്നു. ലോഗിൻ വിവരങ്ങൾ ദർശന് കൈമാറിയെന്ന് സമ്മതിച്ച മഹുവ കോടികൾ പ്രതിഫലമായി കൈപ്പറ്റിയിട്ടില്ലെന്നും ചില സമ്മാനങ്ങൾ മാത്രമാണ് സ്വീകരിച്ചതെന്നും അതെന്താണെന്നും കൃത്യമായി വെളിപ്പെടുത്തി. ഒപ്പം ലോഗിൻ വിവരങ്ങൾ പങ്കുവെക്കാൻ യാതൊരു നിയന്ത്രണവുമില്ലെന്ന് ചൂണ്ടിക്കാട്ടി മഹുവ എത്തിക്‌സ് കമ്മിറ്റിക്ക് കത്തും നൽകി. അത്തരമൊരു നിയമമുണ്ടെങ്കിൽ എം.പിമാരുമായി അക്കാര്യം പങ്കുവെക്കണമെന്നും മഹുവ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.