മമ്മൂട്ടി സ്വവര്‍ഗ്ഗാനുരാഗിയായ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സങ്കല്‍പ്പിക്കാനാവുമോ? ഇത്രയും കാലം പറ്റില്ലായിരുന്നു. എന്നാല്‍ വിശ്വസിച്ചോളൂ, കാതലില്‍ സ്വവര്‍ഗ്ഗാനുരാഗിയാണ് മമ്മൂട്ടിയുടെ മാത്യു ദേവസ്സി.
ഇത്തരമൊരു പ്രമേയം കൈകാര്യം ചെയ്യുമ്പോള്‍ കൈവിട്ടു പോകുമെന്നാണ് കരുതുന്നതെങ്കില്‍ അതും തെറ്റാണെന്ന് കാതല്‍ കാണുമ്പോള്‍ മനസ്സിലാകും. ഒരു രംഗത്തും സംഭാഷണത്തിലെ ഒരക്ഷരത്തില്‍ പോലും അശ്ലീലച്ചുവയില്ലാതെ ഒരുക്കിയിരിക്കുന്നു ജിയോ ബേബി കാതല്‍ ദി കോര്‍.
കുറ്റബോധത്തില്‍ നീറുന്ന മൂന്നു മനുഷ്യരും അവര്‍ക്കിടയില്‍ പെട്ട ഒരു ഭാര്യയും അവരുടെ കുടുംബവുമാണ് കാതല്‍ ദി കോറില്‍. താത്പര്യമില്ലാതെ വിവാഹത്തിലേര്‍പ്പെടേണ്ടി വന്ന ഒരു സ്വവര്‍ഗ്ഗാനുരാഗി അവിചാരിതമായി തെരഞ്ഞെടുപ്പില്‍ കൂടി മത്സരിക്കുന്ന അവസ്ഥ വരുന്നു. മാത്രമല്ല അയാള്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് അയാള്‍ക്കും ഭാര്യയ്ക്കും അച്ഛനുമല്ലാതെ മറ്റാര്‍ക്കുമറിയാത്ത രഹസ്യവുമാണ്. അതാണ് ലോകത്തിന് മുമ്പിലേക്ക് തുറക്കപ്പെടുന്നത്.
മമ്മൂട്ടി കമ്പനിയെന്ന നിര്‍മാണ കമ്പനിയിലൂടെ മമ്മൂട്ടി എന്ന നടന്‍ മലയാളത്തിന് നല്‍കിയ മികച്ച നാലാമത്തെ ചിത്രമാണ് കാതല്‍ ദി കോര്‍. ഒന്നിനൊന്ന് വ്യത്യസ്ത പ്രമേയങ്ങളുമായി തിയേറ്ററിലെത്തിയ റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയുടെ അതേ നിലവാരത്തിലാണ് കാതല്‍ ദി കോറുമുള്ളത്.
നീണ്ട 13 വര്‍ഷത്തിന് ശേഷം ജ്യോതിക മലയാളത്തില്‍ തിരികെയെത്തുന്ന സിനിമ കൂടിയാണ് കാതല്‍. മമ്മൂട്ടിയും ജ്യോതികയുമൊഴികെ എടുത്തു പറയാവുന്ന വലിയ താരങ്ങളൊന്നുമില്ല കാതല്‍ ദി കോറില്‍. കഥാപരിസരം തിരിച്ചറിയാതിരിക്കാനാവണം അന്യഭാഷയില്‍ നിന്നുമൊരു താരത്തെയാണ് മറ്റൊരു പ്രധാന വേഷത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.
വ്യത്യസ്ത പ്രമേയങ്ങളിലൂടെ നല്ല കഥകളും സിനിമകളും മലയാളത്തിന് നല്‍കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മമ്മൂട്ടി കമ്പനി കാതല്‍ ദി കോറിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. അതോടൊപ്പം മമ്മൂട്ടി എന്ന അഭിനയ പ്രതിഭയുടെ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നു കൂടി മാത്യു ദേവസ്സിയിലൂടെ പിറന്നിരിക്കുന്നു.