ഡെറാഡൂണ്‍ - ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക് എത്തിനില്‍ക്കേ അപ്രതീക്ഷിത തടസ്സം. ഡ്രില്ലിങ് മെഷീന്‍ ഇരുമ്പുപാളിയില്‍ ഇടിച്ച് രക്ഷാദൈത്യം തടസ്സപ്പെടുകയായിരുന്നു. ആറ് മീറ്റര്‍ കൂടി കൂടി തുരന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തിനായുള്ള പൈപ്പ് തൊഴിലാളികളുടെ അടുത്ത് എത്തും എന്ന സ്ഥിതിയിലാണ് മെഷീന്‍ ഇരുമ്പുപാളിയില്‍ ഇടിച്ചത്. തടസം നീക്കാന്‍ ശ്രമം ആരംഭിച്ചതായി എന്‍ ഡി ആര്‍ എഫ് അറിയിച്ചു. തടസം നീക്കുന്നതിനായി എന്‍ ഡി ആര്‍ എഫ് സംഘം ഓക്‌സിജന്‍ സിലിണ്ടറുകളുമായി പൈപ്പിനുള്ളിലേക്ക് കയറി. 41 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഏത് നിമിഷവും പുറത്തെത്തിക്കുന്ന തൊഴിലാളികളെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി 30 ആംബുലന്‍സുകള്‍ തയാറാണ്. ഉത്തരകാശിയിലെ ചിന്യാസൗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സൗകര്യത്തോടെ 41 കിടക്കകള്‍ തയാറാക്കി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ ഋഷികേശിലെ എയിംസിലേക്ക് മാറ്റും. അടിയന്തര ചികില്‍സ നല്‍കുന്നതിനായി തുരങ്കത്തിന് സമീപം താല്‍ക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.