Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ്പ് ആശംസ വിവാദത്തില്‍; വിരല്‍ വെക്കാന്‍ ആശങ്ക വേണ്ട

വിസ്മയിപ്പിക്കുന്ന ആശംസ കാണാന്‍ സ്‌ക്രനില്‍ വിരല്‍ വെക്കാന്‍ ആവശ്യപ്പെടുന്ന ഒരു സന്ദേശം വാട്‌സ് ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്വതന്ത്ര്യ ദിനം അടുത്തിരിക്കെ പ്രചരിക്കുന്ന ഈ സന്ദേശം നിങ്ങളുടെ ബയോമെട്രിക്‌സ് വിവരങ്ങള്‍ ചോര്‍ത്താനാണെന്ന മറ്റൊരു സന്ദേശം പിന്നാലെ എത്തിയത് വാട്‌സ് ആപ്പ് ഉപയോക്താക്കളെ ആശങ്കയിലാക്കുകയും ചെയ്തു.

 
 
ടെലിക്കോം അതോറിറ്റിയായ ട്രായ് എന്ന ഹാഷ് ടാഗോടെ ആയതിനാല്‍ മുന്നറിയിപ്പ് സന്ദേശത്തിന് വിശ്വാസ്യത ഏറിയിരിക്കയാണ്. വാട്‌സ്ആപ്പില്‍ മാത്രമല്ല, ട്വിറ്ററിലും ഈ മുന്നറിയിപ്പ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാല്‍ വാട്‌സ്ആപ്പ് ആശംസ ലഭിക്കുന്നവര്‍ സ്‌ക്രീനില്‍ വിരല്‍വെക്കുന്നത് കൊണ്ട് സ്വകാര്യ വിവരങ്ങള്‍ ചോരുമെന്ന ആശങ്ക വേണ്ട. വാട്‌സ്ആപ്പ് വഴി ലഭിക്കുന്ന മറ്റു ലിങ്കുകള്‍ തുറക്കുമ്പോഴാണ് യഥാര്‍ഥത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടത്.

മുന്നറിയിപ്പ് സന്ദേശം ഇങ്ങനെ

ഹാപ്പി ഇന്‍ഡിപെന്‍ഡന്‍സ് ഡേ, ഹാപ്പി ന്യൂ ഇയര്‍ തുടങ്ങിയ ആംശകള്‍ അടങ്ങുന്ന ആശംസകള്‍ തുറക്കാന്‍ സ്‌ക്രീനില്‍ തള്ളവിരല്‍ വെക്കാന്‍ ആവശ്യപ്പെടുന്ന മെസേജുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. ഇത്തരം മെസേജുകള്‍ വിശ്വസിച്ച് ഒരിക്കലും നിങ്ങളുടെ തള്ളവിരല്‍ ഒരിടത്തും വെക്കരുത്. നിങ്ങളുടെ തള്ളവിരല്‍ സ്‌കാന്‍ ചെയ്യുന്നതോടെ ബയോമെട്രിക്‌സ് വിവരങ്ങളെല്ലാം ആപ്പ് ഉടമകള്‍ക്ക് ലഭിക്കും. പാന്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവയുമായെല്ലാം നിങ്ങളുടെ ആധാര്‍ ബയോമെട്രിക് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അതീവ ജാഗ്രത വേണമെന്നും ഈ മെസേജ് ഷെയര്‍ ചെയ്യണമെന്നും ആവശ്യപ്പെടുന്നതാണ് മുന്നറിയിപ്പ്. 
സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നും ട്രായ് ഹാഷ് ടാഗ് സഹിതമുള്ള സന്ദേശത്തില്‍ ഉണര്‍ത്തുന്നു.

 
ടെലിക്കോം റഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പാണെന്ന് തോന്നിപ്പിക്കാനാണ് ട്രായ് എന്ന ഹാഷ് ടാഗ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ട്രായ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
ഫിംഗര്‍ വെക്കുന്നതോടെ ദേശഭക്തി ഗാനങ്ങളോടെ ആശംസ നേരുന്ന ഒരു പേജില്‍ എത്തിക്കുന്നതാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിസ്മയം.

 
 
സന്ദേശത്തില്‍ കാണുന്ന തള്ളവിരല്‍ സ്‌കാനിംഗ് ഇമേജ് ഒരു ഗിഫ് ഫയലാണെന്നും വെബ്‌സൈറ്റിലെ സ്‌ക്രിപ്റ്റ് പ്രവര്‍ത്തിക്കുന്നതിനായി പ്രത്യേക സ്ഥലത്ത് നിങ്ങളുടെ സ്പര്‍ശനം കാത്തിരിക്കുക മാത്രമാണെന്നും സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ പുറത്തുകൊണ്ടുവരുന്ന എസ്എംഹോക്‌സ്‌ലേയര്‍ വിശദീകരിക്കുന്നു.
 

Latest News