ടെല്‍ അവീവ് - ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമതീരുമാനമെടുക്കാന്‍ ഇന്ന് രാത്രി എട്ടിന് ഇസ്രായില്‍ മന്ത്രിസഭായോഗം ചേരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
ഹമാസുമായുള്ള ബന്ദി മോചന കരാറിന് അന്തിമ അനുമതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നതായി ഒന്നിലധികം ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ തെക്കന്‍ ഇസ്രായിലിലെ റിസര്‍വ് സൈനികരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരു കരാറിലേക്ക് 'ഞങ്ങള്‍ മുന്നേറുകയാണെന്ന്' പറഞ്ഞു.
സാങ്കേതിക പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥര്‍, കുറഞ്ഞത് 50 പേരെയെങ്കിലും മോചിപ്പിക്കുമെന്ന് ധാരണയുണ്ടെന്ന് പറഞ്ഞു.
പല ദിവസങ്ങളിലായി ഘട്ടംഘട്ടമായി മോചിപ്പിക്കപ്പെടാന്‍ പോകുന്നവര്‍ കുട്ടികളും സ്ത്രീകളും ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പകരമായി, ഇസ്രായില്‍ 300 ഫലസ്തീനികളെ മോചിപ്പിക്കും. അവരില്‍ സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടുന്നു. വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ചില റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വെടിനിര്‍ത്തല്‍ കാലത്ത് ദിവസത്തില്‍ മണിക്കൂറുകളോളം ഗാസയുടെ ഭാഗങ്ങള്‍ നിരീക്ഷിക്കാന്‍ ഇസ്രായില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തും.