ലണ്ടന്‍- സാഹിത്യ നൊബേല്‍, ബുക്കര്‍ സമ്മാന ജേതാവും ഇന്ത്യയില്‍ കുടുംബ വേരുകളുള്ള വിഖ്യാത എഴുത്തുകാരനുമായ വി.എസ്. നയ്പാള്‍ അന്തരിച്ചു. ലണ്ടനിലെ വീട്ടില്‍ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. 85 വയസ്സായിരുന്നു. വിദ്യാധര്‍ സൂരജ്പ്രസാദ് നയ്പാള്‍ എന്നാണ് മുഴുവന്‍ പേര്. ഉത്തര്‍ പ്രദേശിലാണ് കുടുംബ വേരുകള്‍. 1932-ല്‍ കരീബിയന്‍ രാജ്യമായ ട്രിനിഡാഡ് ആന്റ് ടൊബാഗോയിലായിരുന്നു നയ്പാളിന്റെ ജനനം. 19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഇന്ത്യയില്‍ നിന്ന് കുടിയേറിയതാണ് കുടുംബം. 1951ല്‍ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പഠന കാലത്താണ് എഴുത്ത് തുടങ്ങിയത്. 2001-ല്‍ സാഹിത്യ നൊബേല്‍ സ്വന്തമാക്കി.
പതിറ്റാണ്ടുകളായി ലണ്ടനിലായിരുന്നു സ്ഥിരതാമസം. 30ലേറെ പുസ്തകങ്ങള്‍ എഴുതി. ആക്ഷേപ ഹാസ്യ രചനയായിരുന്നു കൂടുതലും. ഇത് പലപ്പോഴും വലിയ വിവാദങ്ങള്‍ക്കും തിരികൊളുത്തി. എഴുത്തകാരന്‍ വിവാദമുണ്ടാക്കിയില്ലെങ്കില്‍ അയാള്‍ മരിച്ചുവെന്നാണ് സാരമെന്ന് നയ്പാള്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ദക്ഷണ അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലും നിരവധി യാത്രകള്‍ നടത്തിയ നയ്പാള്‍ ഒരു സഞ്ചാരി കൂടിയായിരുന്നു. കോളോണിയല്‍ കാലഘട്ടത്തിനു ശേഷമുള്ള രാജ്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകളെ ഇതു സമ്പന്നമാക്കി. പലപ്പോഴും വംശീയത, ലിംഗവിവേചനം, ഇസ്ലാംഭീതി തുടങ്ങിയ വിഷയങ്ങളുടെ പേരില്‍ ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ട്.
എ ഹൗസ ഓഫ് മിസ്റ്റര്‍ ബിസ്വാസ് (1961), എ ബെന്‍ഡ് ഇന്‍ ദ് റിവര്‍ (1971), ബു്ക്കര്‍ സമ്മാനം ലഭിച്ച ഇന്‍ എ ഫ്രീ സ്റ്റേറ്റ് (1971), ഇന്ത്യ: എ വൂന്‍ഡഡ് സിവിലൈസേഷന്‍, ഇന്ത്യ: എ മില്യന്‍ മിനിറ്റ്‌സ് നൗ, ആന്‍ ഏരിയ ഓഫ് ഡാര്‍ക്ക്‌നെസ് എന്നിവയാണ് പ്രധാന കൃതികള്‍.