കാണ്‍പൂര്‍ - പത്താം ക്ലാസുകാരനെ അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചു. പീഡനത്തില്‍ ഉള്‍പ്പെട്ട ഇവരുടെ ഭര്‍ത്താവിനും ഭര്‍തൃസഹോദരനും എതിരെയും കേസെടുത്തിട്ടുണ്ട്. അധ്യാപിക പീഡിപ്പിച്ച വിവരം പറഞ്ഞിട്ടും ഇക്കാര്യം മറച്ചുവെച്ച ഹെഡ്മിസ്ട്രസും കേസില്‍ പ്രതിയാണ്. കോടതി നിര്‍ദ്ദേശ പ്രകാരം പോക്‌സോ വകുപ്പ് അനുസരിച്ചാണ് എല്ലാവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. കാണ്‍പൂരിലാണ് സംഭവം. വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിക്കുകയും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും ചെയ്‌തെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പറയുന്നത്. ഉന്നാവോ സ്വദേശിയായ പത്താംക്ലാസുകാരനെയാണ് ലൈംഗികമായി ഉപദ്രവിക്കുകയും മതപരിവര്‍ത്തനത്തിനായി നിര്‍ബന്ധിക്കുകയും ചെയ്തത്. പരാതിയുമായി കുട്ടിയുടെ മാതാപിതാക്കള്‍ പ്രധാനാധ്യാപികയെയാണ് ആദ്യം സമീപിച്ചത്. ഏന്നാല്‍ വിഷയം മറച്ചുവെയ്ക്കണമെന്നായിരുന്നു പ്രധാനാധ്യാപികയുടെ നിര്‍ദേശം. തുടര്‍ന്ന് കുടുംബം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. എന്നാല്‍ പൊലീസും വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് കണ്ടാണ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അധ്യാപിക, ഭര്‍ത്താവ്, സഹോദരന്‍ എന്നിവര്‍ക്കൊപ്പം പ്രധാനാധ്യാപികയേയും പ്രതി ചേര്‍ത്തിട്ടുണ്ട്.