ചെറിയ തുകകളുടെ ഇടപാട് അനായാസം സാധ്യമാക്കുന്ന യുപിഐ ലൈറ്റ് ഡിജിറ്റൽ പേമെന്റ് സംവിധാനം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. ഫെഡറൽ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിഐ ആപ്പുകളിൽ ഇടപാടുകാർക്ക് ഈ സേവനം ഉപയോഗിക്കാം. ചെറിയ ഇടപാടുകൾ ലളിതവും വേഗത്തിലുമാക്കാനായി എൻസിപിഐ ഈയിടെ അവതരിപ്പിച്ച പുതിയ സേവനമാണ് യുപിഐ ലൈറ്റ്. കൂടുതൽ കാര്യക്ഷമവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഇടപാടുകൾ യുപിഐ ലൈറ്റ് സാധ്യമാക്കുന്നു.
നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന യുപിഐ ആപ്പിൽ തന്നെ യുപിഐ ലൈറ്റ് സംവിധാനം ഉപയോഗിക്കാം. പിൻ ഉപയോഗിക്കാതെ പരമാവധി 500 രൂപ വരെ ഒരിടപാടിൽ അയക്കാവുന്നതാണ്. ഒരു ദിവസം പരമാവധി 4000 രൂപയുടെ ഇടപാട് നടത്താം. യുപിഐ ലൈറ്റിൽ സൂക്ഷിക്കാവുന്ന പരമാവധി തുക 2000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. തുക തീരുന്ന മുറയ്ക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് യുപിഐ ലൈറ്റിലേയ്ക്ക് തുക മാറ്റാവുന്നതാണ്. മറ്റിടപാടുകളേക്കാൾ ഏകദേശം ഇരട്ടി വേഗത്തിലാണ് യുപിഐ ലൈറ്റ് ഇടപാടുകൾ നടക്കുകയെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു.