നടപ്പു സാമ്പത്തിക വർഷം സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന് 140.12 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേ പാദത്തിലെ 57.58 കോടി രൂപയിൽ നിന്ന് 143 ശതമാനമാണ് വർധന. മികച്ച പ്രകടനം കാഴ്ചവെച്ച ബാങ്കിന്റെ മൊത്തം ബിസിനസിൽ 32.81 ശതമാനം വളർച്ച രേഖപ്പെടുത്തി. മുൻവർഷം 26,284 കോടി രൂപായായിരുന്ന ഇത് ഇത്തവണ 34,906 കോടി രൂപയിലെത്തി. പ്രവർത്തന ലാഭത്തിലും മികച്ച വളർച്ചയാണ് കൈവരിച്ചത്. മുൻ വർഷത്തെ 210.83 കോടി രൂപയിൽ നിന്ന് 37.39 ശതമാനം വർധനയോടെ 289.65 കോടി രൂപയിലെത്തി.
ഗ്രാമീണ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും സുസ്ഥിര മാതൃകയുമാണ് ബാങ്കിന്റെ മികച്ച പ്രകടനത്തിന് കാരണമെന്ന് ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് പറഞ്ഞു.
സാമ്പത്തിക വർഷം ആദ്യ രണ്ടു പാദങ്ങളിലായി ബാങ്ക് 270.08 കോടി രൂപ അറ്റാദായം നേടി. 65.14 ശതമാനമാണ് വർധന. അർധവാർഷിക പ്രവർത്തന ലാഭം 35.36 ശതമാനം വർധിച്ച് 590.32 കോടി രൂപയിലുമെത്തി.