കാൺപൂർ (യു.പി) - പെഡസ്റ്റൽ ഫാനിൽനിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങളായ നാല് കുട്ടികൾ മരിച്ചു. ഉത്തർ പ്രദേശിലെ ലാൽമൻഖേഡ ഗ്രാമത്തിലെ കർഷകദമ്പതികളായ വീരേന്ദ്ര പ്രജാപ്തിയുടെയും ഷീലാ ദേവിയുടെയും മക്കളായ നാലിനും ഒൻപതിനും ഇടയിൽ പ്രായമുള്ള നാല് കുട്ടികളാണ് മരിച്ചത്.
മായങ്ക് (9), സഹോദരൻ ഹിമാങ്ക് (6), സഹോദരിമാരായ ഹിമാൻഷി (8), മൻസി (4) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. വീടിനുള്ളിൽ കളിക്കുന്നതിനിടെ കുട്ടികളിലൊരാൾ ഫാനിന്റെ വയറിൽ തൊട്ടപ്പോൾ ഷോക്കേറ്റതാണ്. പിന്നാലെ, കരച്ചിൽ കേട്ട് പരസ്പരം രക്ഷിക്കാനുള്ള ശ്രമത്തിലാണ് നാലു മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ചതെന്നാണ് കരുതുന്നത്.
തങ്ങൾ കൃഷിയിടത്തിൽ നിന്ന് വൈകീട്ട് അഞ്ചുമണിയോടെ തങ്ങളുടെ ഒറ്റമുറി വീട്ടിലെത്തിയപ്പോൾ നാലുമക്കളും തറയിൽ നിശ്ചലമായി കിടക്കുന്ന ദയനീയ കാഴ്ചയാണ് കണ്ടതെന്ന് മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.