നടി തൃഷയെ മാത്രമല്ല, മഡോണയോയും ലിയോ താരം മന്‍സൂര്‍ അലി ഖാന്‍ അപമാനിച്ചെന്ന് വിമര്‍ശം. ലിയോയില്‍ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്ന മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃഷയും രംഗത്തെത്തിയിരുന്നു.
ചിത്രത്തില്‍ സഹതാരങ്ങളായി അഭിനയിച്ച മൂന്ന് പേരെക്കുറിച്ചായിരുന്നു മന്‍സൂറിന്റെ വാക്കുകള്‍. അര്‍ജുന്‍, തൃഷ, മഡോണ എന്നിവരെക്കുറിച്ചാണ് നടന്‍ പറഞ്ഞത്.
മന്‍സൂറിന്റെ വാക്കുകള്‍ ഇങ്ങനെ: 'ആക്ഷന്‍ കിംഗ് അര്‍ജുന്‍. അദ്ദേഹത്തിനൊപ്പം ഫൈറ്റ് സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതി. പക്ഷേ അത്തരം ഒരു സീന്‍പോലും ലിയോയില്‍ ഉണ്ടായില്ല. ആക്ഷന്‍ കിംഗിന്റെ കൈ ഇരുമ്പ് മാതിരി ഇരിക്കും. കുറേ സിനിമകളില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹത്തിനൊപ്പം ആക്ഷന്‍ ചെയ്താല്‍ 8 - 10 ദിവസം എനിക്ക് ശരീരവേദന ആയിരിക്കും. പിന്നെ തൃഷ മാഡം. കൂടെ അഭിനയിക്കാനേ സാധിച്ചില്ല. ലോകേഷ് കനകരാജ് പടമല്ലേ, അടിയും ഇടിയുമൊക്കെയുള്ള പടമല്ലേ. പക്ഷേ അവര്‍ തൃഷയെ ഫ്‌ളൈറ്റില്‍ കൊണ്ടുവന്ന് ഫ്‌ളൈറ്റില്‍ കയറ്റിവിട്ടു.
അതോ കിട്ടിയില്ല, ശരി. മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി. മഡോണ സെറ്റില്‍ വന്നപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. ജോളിയായി കഴിയാമല്ലോ എന്ന് തോന്നി. പക്ഷേ അത് പെങ്ങള്‍ കഥാപാത്രം ആയിരുന്നു- മന്‍സൂര്‍ പറഞ്ഞു.
മന്‍സൂറിന്റെ വാക്കുകള്‍ മഡോണയില്‍ ഭാവമാറ്റമുണ്ടാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.