ചെന്നൈ-ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടി തൃഷയ്‌ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കുകയാണ്. സംഭവത്തില്‍ പ്രതികരിച്ച് തൃഷ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മന്‍സൂര്‍ അലി ഖാനെക്കുറിച്ച് നടന്‍ ഹരിശ്രീ അശോകന്‍ ഒരഭിമുഖത്തില്‍ സംസാരിച്ചത് ഏറെ ശ്രദ്ധനേടുകയാണ്. കുഞ്ചാക്കോ ബോബന്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ച സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മന്‍സൂറില്‍ നിന്ന് നേരിട്ട ദുരനുഭവമാണ് ഹരിശ്രീ അശോകന്‍ അഭിമുഖത്തില്‍ വിവരിച്ചത്.
സത്യം ശിവം സുന്ദരം സിനിമയില്‍ എന്നെയും ഹനീഫിക്കയെയും മന്‍സൂര്‍ അലി ഖാന്‍ ബസ്റ്റാന്‍ഡിലിട്ട് തല്ലുന്ന സീന്‍ ഉണ്ട്. അന്ധന്‍മാരുടെ വേഷമായതിനാല്‍ കണ്ണ് എപ്പോഴും മുകളിലേയ്ക്ക് വയ്ക്കണം. അപ്പോള്‍ നമുക്കൊന്നും കാണാന്‍ പറ്റില്ല. മന്‍സൂര്‍ രണ്ടുമൂന്ന് തവണ കൈക്കിട്ട് ഇടിച്ചു. നെഞ്ചിനിട്ടും ചവിട്ട് കിട്ടി. ഇനി ചവിട്ടരുത്, ടൈമിംഗ് നിങ്ങളുടെ കയ്യിലാണ്, ഞങ്ങള്‍ക്ക് കാണാന്‍ കഴിയില്ലെന്ന് ഒരു തവണ ഞാന്‍ പറഞ്ഞു. പുള്ളി മൈന്‍ഡ് ചെയ്തില്ല.
രണ്ടാമതും ചവിട്ടി. അപ്പോള്‍ ഞാന്‍ നിര്‍ത്താന്‍ പറഞ്ഞു. നിന്നോട് ഒരു തവണ പറഞ്ഞതാണ് ഇനി ചവിട്ടരുതെന്ന്. ഇനി നീയെന്റെ ദേഹത്ത് തൊട്ടാല്‍ മദ്രാസ് കാണില്ലെന്ന് ഞാന്‍ പറഞ്ഞു. പിന്നെ ഒരു കുഴപ്പവും ഉണ്ടായില്ല. എന്റെ നാലിരട്ടി ഉണ്ടായിരുന്നു അയാള്‍. നമ്മളെ ചവിട്ടിയിട്ട് എന്തായാലും അയാള്‍ ഇവിടുന്ന് പോകില്ല. ഒരു ബോധമില്ലാത്ത നടനാണ് ഈ മന്‍സൂര്‍ അലി ഖാന്‍. അയാള്‍ക്ക് വേണ്ടി ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു. അയാള്‍ക്കെതിരെ 150ഓളം കേസുകളുണ്ട്. ഇപ്പോഴും ജയിലിലാണ്. വീട്ടില്‍ വരുന്നത് വല്ലപ്പോഴുമാണ്'- സൈന സൗത്ത് പ്‌ളസിന് നല്‍കിയ അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ പറഞ്ഞു. തൃഷയ്ക്കൊപ്പം ലിയോയില്‍ അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍ കിടപ്പുമുറി സീന്‍ ഉണ്ടാകുമെന്ന് താന്‍ കരുതിയെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്. പഴയ സിനിമകളില്‍ ബലാത്സംഗ സീനുകള്‍ ചെയ്തിട്ടുണ്ട്. മറ്റ് നടിമാരെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയതുപോലെ തൃഷയേയും കൊണ്ടുപോകാമെന്ന് കരുതി. എന്നാല്‍ കാശ്മീരിലെ ഷൂട്ടിംഗ് സെറ്റില്‍ തൃഷയെ അവര്‍ കാണിച്ചില്ലെന്നും നടന്‍ പറഞ്ഞതാണ് ഏറെ വിവാദമായത്.