ടൊറണ്ടോ- തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനിടെ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന ആരോപണം നിഷേധിക്കുന്ന തുറന്ന കത്തില്‍ ഒപ്പിട്ട ഉദ്യോഗസ്ഥയെ കാനഡയിലെ എഡ്മണ്ടനിലെ ആല്‍ബെര്‍ട്ട സര്‍വകലാശാല പുറത്താക്കി.
കാമ്പസിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ കേന്ദ്രത്തിന്റെ മേധാവി സാമന്ത പിയേഴ്‌സനെയാണ് പുറത്താക്കിയതെന്ന് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു. ഹമാസിന്റെ പോരാളികള്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന ആരോപണം നിഷേധിക്കുന്ന തുറന്ന കത്തില്‍ സാമന്ത ഒപ്പിട്ടതാണ് വിവാദമായത്.
ഫലസ്തീനികള്‍ ലൈംഗികാതിക്രമത്തില്‍ കുറ്റക്കാരാണെന്ന് സ്ഥിരീകരിക്കാത്ത ആരോപണം ആവര്‍ത്തിച്ചതിന് മധ്യ ഇടതുപക്ഷ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിങ്ങിനെ വിമര്‍ശിക്കുന്ന തുറന്ന കത്തിലാണ് സാമന്ത പിയേഴ്‌സണ്‍ ഒപ്പുവച്ചത്. ഫലസ്തീനോപ്പം നില്‍ക്കുക എന്ന തലക്കെട്ടില്‍ ഫലസ്തീനികളുടെ വംശഹത്യ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ നേതാക്കളോട് അഭ്യര്‍ഥിക്കുന്നതായിരുന്നു കത്ത്. ഇതിനു പിന്നാലെ ആല്‍ബെര്‍ട്ട സര്‍വകലാശാലയിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ കേന്ദ്രത്തിന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലെ
അക്കൗണ്ട് നിര്‍ജീവമാക്കി.
വിക്ടോറിയയിലെ സിറ്റി കൗണ്‍സിലറായ സൂസന്‍ കിമ്മും ഒന്റാറിയോ പ്രവിശ്യാ പാര്‍ലമെന്റ് അംഗം സാറാ ജാമയും ചേര്‍ന്നാണ് കത്ത് തയാറാക്കിയത്. കത്തില്‍
യൂണിവേഴ്‌സിറ്റി കേന്ദ്രത്തിന്റെ പേര് അനധികൃതവുമായി ഉപയോഗിക്കപ്പെട്ടുവെന്ന് ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു. ഇത് പൊതുജനങ്ങളില്‍ ഉയര്‍ത്തിയ ആശങ്ക കണക്കിലെടുത്താണ് നടപടിയെന്നും പ്ര്‌സതാവനയില്‍ പറയുന്നു.
കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഇനി സര്‍വകലാശാലയില്‍ ജോലിയിലുണ്ടാകില്ലെന്നും കാമ്പസിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ കേന്ദ്രത്തിന് ഇടക്കാല മേധാവിയെ നിയമിച്ചതായും സര്‍വകലാശാല അറിയിച്ചു. കത്ത് തയറാക്കിയവരില്‍ ഒരാളായ ഒന്റാറിയോ പ്രവിശ്യാ പാര്‍ലമെന്റ് അംഗം സാറ ജമ ഇസ്രായിലിനെ അപ്പാര്‍ത്തീഡ് രാജ്യമെന്ന് വിശേഷിപ്പിച്ചതിനെ അവരുടെ പാര്‍ട്ടിയായ എന്‍.ഡി.പി താക്കീത് ചെയ്തിരുന്നു.