ഗാസ- ഗുരുതരാവസ്ഥയിലുള്ള നൂറുകണക്കിന് രോഗികളടക്കമുള്ളവര്‍ കഴിഞ്ഞ അല്‍ ഷിഫ ആശുപത്രി ഇസ്രായില്‍ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചത് സ്ഥിതി ഗുരുതരമാക്കി. താനും ജീവനക്കാരും രോഗികളും ഉള്‍പ്പെടെ ഏതാനും പേര് മാത്രമാണ് ആശുപത്രിയില്‍ അവശേഷിക്കുന്നതെന്ന് അല്‍ഷിഫ ഹോസ്പിറ്റല്‍ ഡയറക്ടര്‍ മുഹമ്മദ് അബു സാല്‍മിയ പറഞ്ഞു. അല്‍ഷിഫ ഹോസ്പിറ്റലില്‍നിന്ന് ആളുകളെ ഇസ്രായില്‍ നിര്‍ബന്ധിതമായി ഒഴിപ്പിച്ചതിനെക്കുറിച്ച് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇസ്രായില്‍ ഇത് നിഷേധിക്കുകയാണ്. ഇസ്രായില്‍ സൈനികര്‍ മണിക്കൂറുകളോളം തങ്ങളെ കര്‍ശനമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയതായും അവര്‍ പറഞ്ഞു. പല സ്ത്രീകളേയും അപമാനകരമായ രീതിയില്‍ വസ്ത്രമുരിഞ്ഞ് പരിശോധിച്ചു. ആശുപത്രിയിലും പരിസരത്തുമായി കഴിഞ്ഞ സിവിലിയന്മാരെ മുകളിലത്തെ നിലയില്‍ ബന്ദികളാക്കി. ഭക്ഷണവും വെള്ളവും ഇവര്‍ക്ക് നിഷേധിച്ചു.
നവജാത ശിശുക്കളേയും പരിക്കേറ്റ കുഞ്ഞുങ്ങളെയും അല്‍ഷിഫ ആശുപത്രിയില്‍നിന്ന് അധിനിവേശ വെസ്റ്റ് ബാങ്കിലെയോ ഈജിപ്തിലെയോ ആശുപത്രികളിലേക്ക് മാറ്റാന്‍ അന്താരാഷ്ട്ര സ്ഥാപനങ്ങളോട് ഫലസ്തീന് ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. ഇസ്രായില്‍ അല്‍ഷിഫയില്‍ നാശം വിതയ്ക്കുകയാണെന്നും ആശുപത്രി സമുച്ചയം സൈനിക ബാരക്കുകളാക്കി മാറ്റിയതായും മന്ത്രി പറഞ്ഞു. തോക്കിന്മുനയിലാണ് ആളുകളെ ഒഴിപ്പിക്കുന്നത്. പരിക്കേറ്റതും മാസം തികയാത്തതുമായ കുഞ്ഞുങ്ങളെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ഒരു ആശുപത്രിയും ഗാസ മുനമ്പില്‍ ഇല്ലെന്നും മന്ത്രി അല്‍കൈല പറഞ്ഞു.