തൃശൂർ-നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'പണി' എന്ന ചിത്രത്തിന്റെ ക്യാമറമാൻ സ്ഥാനത്ത് നിന്നും പ്രമുഖ ഛായഗ്രാഹകൻ വേണുവിനെ മാറ്റിയതായി ആക്ഷേപം. പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് വേണു പോലീസിന് പരാതി നൽകി. എന്നാൽ ക്യാമറാമാൻ വേണുവുമായി യാതൊരു പ്രശ്‌നവും ഇല്ലെന്നും അദ്ദേഹത്തെ സിനിമയിൽ നിന്ന് ആരും പുറത്താക്കിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം അദ്ദേഹം പിന്മാറിയതാണെന്നും നടൻ ജോജു പ്രതികരിച്ചു. തൃശൂരിൽ ഒരു മാസമായി പണി എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. ഇതിനിടെയാണ് വേണുവിനെ മാറ്റി ഇരട്ട എന്ന ചിത്രത്തിന്റെ ക്യാമറമാൻ വിജയിയെ ക്യാമറമാനാക്കിയത്. ചിത്രത്തിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരോട് മോശമായി പെരുമാറിയതാണ് വേണുവിനെ മാറ്റാൻ കാരണമെന്നാണ് അഭ്യൂഹം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ജോജുവുമായി വേണു രാമവർമപുരത്തെ പോലീസ് ട്രെയിനിംഗ് കോളേജിലെ ചിത്രീകരണത്തിനിടെ വഴക്ക് ഉണ്ടായെന്നും, ഇത് കൈയ്യാങ്കളിയിലേക്ക് നീങ്ങിയതായും പറയുന്നു. തുടർന്നാണ് വേണുവിനെ ചിത്രത്തിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചതെന്നുമാണ് പ്രചരിക്കുന്നത്. വേണുവിന്റെയും സഹായികളുടെയും മുഴുവൻ പ്രതിഫലവും നൽകിയെന്ന് നിർമ്മാണ വിഭാഗം പറയുന്നു.
അതേ സമയം തൃശൂരിൽ ഹോട്ടലിൽ താമസിക്കുന്ന തന്നെ ചില ഗുണ്ടകൾ ഭീഷണിപ്പെടുത്തിയതായി വേണു പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ച തൃശൂർ ഈസ്റ്റ് പോലീസിലാണ് വേണു പരാതി നൽകിയത്. തൃശൂർ വിട്ടില്ലെങ്കിൽ വിവരം അറിയുമെന്നാണ് ഭീഷണി വന്നതെന്നാണ് വേണു പരാതിയിൽ പറയുന്നത്. പോലീസ് ഫോൺ കോളുകൾ പരിശോധിക്കുന്നുണ്ട്. സിനിമയുടെ വടക്കുംനാഥ ക്ഷേത്ര മൈതാനത്തെ ഷൂട്ടിങ് കോടതി വിലക്കിയിരുന്നു.
എന്നാൽ വേണുവിനെ ആരും പുറത്താക്കിയിട്ടില്ലെന്ന് നടനും സംവിധായകനുമായ ജോജു ജോർജ് പ്രതികരിച്ചു. വേണു സാറിനെ ഇവിടെ നിന്ന് ഒരാളും പുറത്താക്കിയിട്ടില്ല. അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം പോയതാണ്. സാറിനോട് എനിക്കുള്ള ബഹുമാനം ഇപ്പോഴും അതുപോലെ തന്നെയുണ്ട്. അതിൽ യാതൊരു തർക്കവുമില്ല. എനിക്കിഷ്ടമുള്ള ഒരു കാര്യമാണ് സിനിമ ചെയ്യുക എന്നത്. എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ഇഷ്ടമുള്ള പടങ്ങളിൽ അഭിനയിച്ചു ജീവിച്ച് പോവുകയാണ്. ഈ സിനിമയുടെ ഒരു പ്ലാൻ വന്നപ്പോൾ വേണു സാർ തന്നെയാണ് എന്നോട് ഇത് സംവിധാനം ചെയ്യാൻ പറഞ്ഞത്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളിൽ യാതൊരു വാസ്തവവും ഇല്ല. ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്.
ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമ ചെയ്യുന്നത്. സിനിമയോടുള്ള പാഷൻ കൊണ്ടാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. എന്റെ സിനിമയുമായി ബന്ധപ്പെട്ട പലവിധ ആരോപണങ്ങളും ഊഹാപോഹങ്ങളും പലയിടത്തുന്നായി പ്രചരിക്കുന്നതായി കാണുന്നു. ദയവായി പ്രേക്ഷകർ തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും ജോജു പറയുന്നു.