ന്യൂഡൽഹി - നിർമിത ബുദ്ധിയുടെ കാലത്ത് ഡീപ് ഫേക്ക് വലിയ വെല്ലുവിളിയാണെന്നും ഇത് സമൂഹത്തിൽ അരാജകത്വം വളർത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഞാൻ ഗർഭഗാനം പാടുന്ന തരത്തിലുള്ള ഒരു വീഡിയോ അടുത്തിടെ ശ്രദ്ധയിൽപ്പെട്ടുവെന്നും എ.ഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചതാണ് അതെന്നും മോഡി പറഞ്ഞു. ബി.ജെ.പി ആസ്ഥാനത്ത് 'ദീവാലി മിലൻ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിലൂടെ ഉണ്ടാകുന്ന വിനാശവും മാനനഷ്ടവും വലുതാണ്. എ.ഐ സാങ്കേതിക വിദ്യ, ഡീപ് ഫേക്ക് എന്നിവ സംബന്ധിച്ച് മാധ്യമങ്ങൾ ജാഗ്രത പാലിക്കണം. ഇക്കാര്യങ്ങളിൽ ജനങ്ങൾക്ക് ശരിയായ അവബോധം നൽകണമെന്നും മോഡി ആവശ്യപ്പെട്ടു.
ഡീപ് ഫേക് വീഡിയോകൾ നമ്മെ വലിയ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടാൻ കെൽപ്പുള്ളവയാണെന്നതിനാൽ എല്ലാവരും ജാഗ്രത പുലർത്തണം. ചാറ്റ് ജി.പി.ടി ടീമിന് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയതായും ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിക്കുമ്പോൾ മുന്നറിയിപ്പ് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡീഫ് ഫേക്കിന് ഇരകളാകുന്നവരോട് കേസ് നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. ആടി ആക്ടിന് കീഴിൽ നടപടി എടുക്കാനും ആവശ്യപ്പെട്ടതായി പ്രധാനമന്ത്രി അറിയിച്ചു.
മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിക്കുന്ന വിധം ഡീപ് ഫേക്ക് വീഡിയോകൾ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഒരു ലക്ഷം രൂപ വരെ പിഴയും മൂന്ന് വർഷം തടവും ലഭിക്കാവുന്ന കുറ്റമാണിത്. നടിമാരായ രശ്മിക മന്ദാന, കജോൾ, കത്രീന കെയ്ഫ് തുടങ്ങിയവരുടെ അശ്ലീലമായ ഡീഫ് ഫേക്ക് വീഡിയോകൾ ഈയിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.