ജാജ്പൂര്‍- മന്ത്രവാദം നടത്തിയെന്നാരോപിച്ച് മൂന്ന് വര്‍ഷം മുമ്പ് ദമ്പതികളെ ചുട്ടുകൊന്ന കേസില്‍ 17 പേരെ ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.ജാജ്പൂര്‍ റോഡ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ഋശികേശ് ആചാര്യ 17 പേര്‍ക്കും 10,000 രൂപ വീതം പിഴയും ചുമത്തി.
2020 ജൂലായ് ഏഴിന് അര്‍ധരാത്രിയാണ് കലിംഗ നഗര്‍ പ്രദേശത്തെ നിമാപാലി ഗ്രാമത്തില്‍ ഷൈല ബല്‍മുജ്, സാംബരി ബല്‍മുജ് എന്നിവരെ കൊലപ്പെടുത്തിയത്. മന്ത്രവാദം നടത്തുന്നുവെന്ന സംശയത്തിന്റെ പേരിലാണ് ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ച് ഗ്രാമീണര്‍ അവരെ കൊലപ്പെടുത്തിയത്. 20 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. സാക്ഷികളുടെ മൊഴികള്‍ക്കുപുറമെ മറ്റ് തെളിവുകളും കോടതി പരിഗണിച്ചുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ രജത് കുമാര്‍ റൗട്ട് പറഞ്ഞു.