കൊച്ചി- ടൈറ്റാനിയം കമ്പനി അഴിമതി കേസിന് അന്താരാഷ്ട്ര തലത്തിലുള്ള ഇടപാടുകൾ ഉള്ളതുകൊണ്ട് സിബിഐ അന്വേഷണം അനിവാര്യമെന്നു ഹൈക്കോടതി. ടൈറ്റാനിയം കമ്പനിയുടെ 256 കോടി രൂപയ്ക്ക് മുകളിലുള്ള മലിനീകരണ നിയന്ത്രണം മെറ്റലർജിക്കൽ & എൻജിനീയറിങ് കൺസൾട്ടന്റ്സ് (എം.ഇ.സി.ഒ.എൻ) ലിമിറ്റഡിനെ ഏൽപ്പിച്ചതിന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉള്ള അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ സി. ബി. ഐക്ക് ഹൈക്കോടതി നിർദേശം നൽകി.
256 കോടി രൂപയോളം ചിലവിട്ട് നടത്തിയ പദ്ധതിയിലാണ് അഴിമതി ആരോപണങ്ങൾ ഉയർന്നത്. പദ്ധതിയിലൂടെ ടൈറ്റാനിയം കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കമ്പനിക്ക് വൻ നഷ്ടമുണ്ടായെന്നും ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ലെന്നും ആരോപണമുണ്ട്. സംസ്ഥാന അന്വേഷണ ഏജൻസിയായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (വി.എ.സി.ബി) നടത്തുന്ന അന്വേഷണം സ്തംഭിച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് കെ ബാബു നിരീക്ഷിച്ചു. ടൈറ്റാനിയം കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ അഴിമതി, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നീ ആരോപണങ്ങളാണ് ഉയർന്നത്. ടൈറ്റാനിയം കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരായ- ഈപ്പൻ ജോസഫ് (മുൻ മാനേജിംഗ് ഡയറക്ടർ), സന്തോഷ് കുമാർ (ചീഫ് മാനേജർ, മാർക്കറ്റിംഗ്), പരേതനായ എ.എം.ഭാസ്കരൻ (എക്സിക്യൂട്ടീവ് ഡയറക്ടർ), തോമസ് മാത്യു (മുൻ ചീഫ് കൊമേഴ്സ്യൽ മാനേജർ), ബി. ഗോപകുമാരൻ നായർ ( ചീഫ് കൊമേഴ്സ്യൽ മാനേജർ) എന്നിവർക്കെതിരെയാണ് ആരോപണം. വിജിലൻസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി മെഷിനറികൾ വാങ്ങുന്നതിനായി ഫിൻലാൻഡ് ആസ്ഥാനമായുള്ള കമ്പനി ഉൾപ്പെടെയുള്ള വിദേശ കമ്പനികൾക്ക് മെക്കോൺ കോടിക്കണക്കിന് പണം നൽകിയതായി കണ്ടെത്തി.കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്തർദേശീയ പ്രത്യാഘാതങ്ങളും ഉള്ളതിനാൽ അന്വേഷണം സിബിഐക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി സീനിയർ ഗവൺമെന്റ് പ്ലീഡർ പി.നാരായണൻ കോടതിയിൽ അറിയിച്ചു. മെക്കോൺ ഉപകരണങ്ങൾ വാങ്ങുന്നതിനായി വിദേശ കമ്പനികൾക്ക് പണം നൽകിയത് സംബന്ധിച്ച് അന്വേഷണം നടത്താൻ വിജിലൻസിന് കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ കേസ് കോടതി സി. ബി. ഐ ക്ക് കൈമാറി ഉത്തരവിടുകയായിരുന്നു.