മുംബൈ - അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും (എന്‍.സി.പി) മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയും തമ്മിലുള്ള വാക്പോരു മുറുകുന്നു. മൂന്നാഴ്ചയോളമായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് അജിത് വരുന്നില്ല. ഭരണ സഖ്യത്തില്‍ വിള്ളല്‍ ആസന്നമാണെന്ന അഭ്യൂഹം ഇതോടെ തശക്തമായി.
20 ദിവസമായി അജിത് മന്ത്രാലയത്തില്‍ പോയിട്ടില്ല. ഡെങ്കിപ്പനി ബാധിതനായിരുന്ന അദ്ദേഹം സുഖം പ്രാപിച്ചിട്ടും ഓഫീസില്‍ പോയില്ല. പകരം പൂനെയിലെ സഹോദരന്റെ വീട്ടില്‍ പോയി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാന്‍ ദല്‍ഹിയിലുമെത്തി. ബാരാമതിയില്‍ പവാര്‍ കുടുംബസംഗമത്തില്‍ പങ്കെടുത്തു. ബുധനാഴ്ച മുംബൈയില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനല്‍ മത്സരം കാണാനുമെത്തി. ബുധനാഴ്ച ബന്ധു സുപ്രിയ സുലെയെയും കണ്ടു. എന്നാല്‍ സെക്രട്ടറിയേറ്റിലേക്ക് അദ്ദേഹം വരുന്നേയില്ല. പവാറിന്റെ ഓഫീസുമായി ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറി ആശിഷ് ശര്‍മ്മയെ ബുധനാഴ്ചയാണ് ജി.എസ്.ടി കമ്മീഷണറായി നിയമിച്ചത്. നിലവില്‍ ഉപമുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയാണ് അദ്ദേഹം വഹിക്കുന്നത്.
മന്ത്രിമാര്‍ തമ്മിലുള്ള ചേരിപ്പോരില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചതോടെ സേനയും എന്‍.സി.പിയും തമ്മില്‍ ബന്ധം ശരിയല്ലെന്ന് കഴിഞ്ഞയാഴ്ച വീണ്ടും വ്യക്തമായി. മറാത്ത സംവരണ പ്രതിഷേധങ്ങളില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായ സമയത്താണ് ഡെങ്കിപ്പനി മൂലം അജിത് വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. മുതിര്‍ന്ന സേനാ നേതാവും മുന്‍ മന്ത്രിയുമായ രാംദാസ് കദം ബുധനാഴ്ച അജിത്തിനെതിരെ നേരിട്ട് ആക്രമണം നടത്തി. പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും സര്‍ക്കാരിനെതിരെ സംസാരിക്കുകയും ചെയ്ത അജിത്തിന്റെ വിശ്വസ്തരായ എം.എല്‍.എമാര്‍ക്കെതിരെയും കദം ആഞ്ഞടിച്ചു. 'മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ മറാത്താ സമുദായം ലക്ഷ്യമിട്ടപ്പോള്‍ അദ്ദേഹത്തിന് (അജിത് പവാര്‍) ഡെങ്കിപ്പനി ബാധിച്ചു. ഭരണപക്ഷത്തെ എം.എല്‍.എമാര്‍ക്ക് എങ്ങനെയാണ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനാവുക? അദ്ദേഹം ചോദിച്ചു.