തിരുവനന്തപുരം-അരുണ്‍ ഗോപിയുടെ സംവിധനത്തില്‍ ദിലീപ് നായകനായി നിര്‍മിച്ച 'ബാന്ദ്ര' സിനിമക്കെതിരെ വ് ളോഗര്‍മാര്‍ മോശം നിരൂപണം നടത്തിയെന്ന ആരോപണവുമായി നിര്‍മാതാക്കള്‍.
വ് ളോഗര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളായ അജിത് വിനായക ഫിലിംസ് തിരുവനന്തപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്‌ളോഗ്‌സ്, ഷാസ് മുഹമ്മദ്, അര്‍ജുന്‍, ഷിജാസ് ടോക്ക്‌സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂട്യൂബര്‍മാര്‍ക്കെതിരെയാണ് കേസെടുക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളില്‍ കമ്പനിക്കു നഷ്ടമുണ്ടാകുന്ന രീതിയില്‍ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹരജിയിലെ ആരോപണം. ചിത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയ വഴി വ്യാജവും മോശവും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച ഹരജിയില്‍, ഇവര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കണമെന്നും നിര്‍മാണ കമ്പനി ആവശ്യപ്പെടുന്നു.
ഇവര്‍ ചെയ്യുന്നത് അപകീര്‍ത്തിപ്പെടുത്തല്‍ മാത്രമല്ല കൊള്ളയടിക്കലാണെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു. സമീപകാലത്ത് റിവ്യൂ ബോംബിഗ് നടക്കുന്നുണ്ടെന്ന ചര്‍ച്ച പുരോഗമിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടാമത്തെ സംഭവമാണ് വ് ളോഗര്‍മാര്‍ക്കെതിരായ ഹരജി