ന്യൂദല്‍ഹി- ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബി. ജെ. പി അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നെന്ന ആരോപണവുമായി എ. എ. പി. തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ പോസ്റ്റ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ബി. ജെ. പി നടത്തുന്ന പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് എ. എ. പി ദേശീയ വക്താവ് രാഘവ് ഛദ്ദ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപകീര്‍ത്തിപ്പെടുത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പങ്കുവെച്ചതിന് എ. എ. പിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ചദ്ദയുടെ പ്രസ്താവന.
ബി. ജെ. പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞയാഴ്ചയാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എ. എ. പിക്ക് നോട്ടീസ് നല്‍കിയത്. അതിനിടെ ബി. ജെ. പിക്കെതിരെ പരാതി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് പാര്‍ട്ടി സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഛദ്ദ പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രചാരണമാണ് ബി. ജെ. പി നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.