പാതി തളർന്ന ശരീരമാണെങ്കിലും തളർന്നിരിക്കാനോ പ്രതിസന്ധികൾക്ക് മുന്നിൽ തോൽക്കാനോ ഷംലക്ക് മനസ്സില്ല. നിലമ്പൂർ രാമംകുത്ത് സ്വദേശി പരേതനായ പാലപ്പുറത്ത് മുത്തുക്കോയ തങ്ങളുടെ മകൾ ഷംലക്ക് ജയിച്ചേ തീരൂ. ഒന്നാം വയസിൽ പനിയുടെ രൂപത്തിലെത്തിയ ദുരന്തം സെറിബ്രൽ പാൾസിയിലെത്തിയാണ് നിന്നത്. എഴുപത്തിയഞ്ച് ശതമാനത്തിന് മുകളിൽ ചലനശേഷി നഷ്ടമാക്കിയാണ് ആ അസുഖം ഷംലയെ ആക്രമിച്ചത്.
കൂട്ടുകാർ ഓടിച്ചാടി നടക്കുമ്പോൾ പതിയെപ്പതിയെ പുസ്തകങ്ങളുമായി ചങ്ങാത്തം കൂടി. സഹോദരനും വഴികാട്ടിയുമായ ശിഹാബിന്റെ കൈത്താങ്ങിൽ ഷംല മുതുകാട് ഭാരത് മാതാ എ.യു.പി സ്‌കൂളിൽ ഒന്ന് മുതൽ ഏഴാം ക്ലാസ് പൂർത്തിയാക്കി. നിലമ്പൂർ ചക്കാലകുത്ത് എൻ.എസ്.എസ് ഹയർ സെക്കന്ററി സ്‌കൂളിൽ എസ്.എസ്.എൽ.സിയും പ്ലസ് ടുവും ഉയർന്ന മാർക്കിൽ പാസായി. കൂട്ടുകാരികളുടെ സഹായം എമ്പാടുമുള്ളതിനാൽ പോക്കുവരവ് പ്രയാസമേ ആയിരുന്നില്ലെന്ന് ഷംല ഓർക്കുന്നു. പക്ഷേ, 2010ൽ എസ്.എസ്.എൽ.സിക്ക് പഠിക്കുമ്പോഴാണ് താങ്ങുംതണലുമായിനിന്ന സ്‌നേഹനിധിയായ ഉമ്മ സുബൈദയുടെ ആകസ്മിക വേർപാട്. വൈകല്യങ്ങളോട് പൊരുതുന്ന, പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഉമ്മയുടെ മരണം ഏൽപ്പിച്ച ആഘാതം ചെറുതായിരുന്നില്ല. എങ്കിലും 85 ശതമാനം മാർക്ക് നേടി വിജയിച്ച ഷംല താൻ തളർന്നിട്ടില്ലെന്ന് ലോകത്തെ നോക്കി ചിരിച്ചു.
പ്ലസ് ടുവിന് ശേഷം ഷംല മമ്പാട് എം.ഇ.എസ് കോളേജിൽ ബി.എ ഇക്കണോമിക്‌സിന് ചേർന്നു. ഷംലയുടെ പഠനത്തിലെ മികവ് മനസ്സിലാക്കി, ഉന്നത പഠനത്തിനായി സൗദിയിലെ പ്രവാസം അവസാനിപ്പിച്ച പിതാവ് മുത്തുക്കോയ തങ്ങൾ മകളെ പരിചരിക്കാൻ നാട്ടിൽ തന്നെ കൂടി. ഉപ്പയുടെ ഓട്ടോയിലാണ് മമ്പാട് കോളേജിൽ പോയിവന്നിരുന്നത്.
ഡിഗ്രി അവസാന വർഷം സന്തതസഹചാരിയായിരുന്ന ഉപ്പയുടെ മരണം ഷംലക്ക് മുന്നോട്ടുള്ള പ്രയാണത്തിന് കടിഞ്ഞാണിട്ടുവെന്ന് പറയാം. ഉപ്പയുടെ സ്വപ്‌നങ്ങൾക്ക് നിറച്ചാർത്ത് നൽകി നല്ല മാർക്കോടെ ഈ മിടുക്കി ബി.എ പാസായി.
ഇതിനിടെ ആനുകാലിക പ്രസിദ്ധീകരങ്ങളിൽ കഥകളും കവിതകളും എഴുതാൻ ഷംല സമയം കണ്ടെത്തി. 2015ൽ 'നിറമുള്ള സ്വപ്‌നങ്ങൾ' എന്ന പേരിൽ കവിതാ സമാഹാരം പുറത്തിറക്കി. പ്രസിദ്ധമായ നിലമ്പൂർ പാട്ടുത്സവ നഗരിയിൽ മുൻവൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദാണ് പ്രകാശനം നിർവഹിച്ചത്. പ്രശസ്ത സംഗീതജ്ഞൻ ഞെരളത്ത് ഹരി ഗോവിന്ദൻ ഷംലയുടെ കവിത ആലപിച്ചത് യൂ ട്യൂബിൽ തരംഗമായി. രണ്ടാമത്തെ കവിതാസമാഹാരം പണിപ്പുരയിലാണ്.
പിതാവിന്റെ വിരൽതുമ്പ് നഷ്ടമായതിനാൽ നിലച്ചുപോയ പഠനം തുടരാൻ അടക്കാനാവാത്ത മോഹമുണ്ട് ഷംലക്ക്. തളരാൻ മടിച്ച വിരലുകളിലൂടെയും രണ്ടാനുമ്മ ജുവൈരിയ, സഹോദരന്റെ ഭാര്യ രഹനയിലൂടെയുമാണ് ഷംല ലോകത്തോട് സംവദിക്കുന്നത്.
ബന്ധുക്കൾ, അധ്യാപകർ, ബന്ധുക്കൾ തുടങ്ങി കടമയും കടപ്പാടുമുള്ള ജീവിതത്തിൽ അനേകംപേരുണ്ടെങ്കിലും മുതുകാട് എ.യു.പി സ്‌കൂളിലെ അധ്യാപികമാരായ ഗീത ടീച്ചർ, മിനി മോൾ ടീച്ചർ, കൂട്ടുകാരി ശാമില, ചക്കാലക്കുത്ത് ഹൈസ്‌കൂളിലെ സജു സാർ, അഭിനേഷ് സാർ, മമ്പാട് കോളേജിലെ ആത്മമിത്രം ശഹന ഹുസൈൻ എന്നിവരെ ഒരിക്കലും മറക്കാനാവില്ലെന്ന് ഷംല പറയുന്നു.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള വളാഞ്ചേരി പുറമണ്ണൂർ വി.കെ.എം സ്‌പെഷ്യൽ സ്‌കൂളിൽ പുതുതായി ആരംഭിക്കുന്ന ജെ.എസ്.എസ് പ്രൊജക്ടിന്റെ ഭാഗമായി സ്‌പെഷ്യൽ ഇൻസ്ട്രക്ടർ ആയി ഷംലക്ക് ജോലി വാഗ്ദാനം ലഭിച്ചിട്ടുണ്ട്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻപോലും പരസഹായം ആവശ്യമുള്ള ഈ പെൺകുട്ടിക്ക് കൃത്യനിർവഹണത്തിന് ഒരു ഇലക്ട്രിക് വീൽചെയർ അത്യാവശ്യമാണ്. സെപ്റ്റംബർ മൂന്നിന് മുമ്പായി പ്രവേശിച്ചില്ലെങ്കിൽ ജോലി നഷ്ടമാകും. കുടുംബത്തിന്റെ നിത്യ ചെലവിന് മാത്രമേ സഹോദരന്റെ വരുമാനം തികയുന്നുള്ളൂ. ഒരു ലക്ഷം രൂപയെങ്കിലും ചെലവ് വരുന്ന ഇലക്ട്രിക് വീൽചെയർ ലഭ്യമാക്കാൻ ആരെങ്കിലും കനിയുമെന്ന് കാതോർത്തിരിക്കുകയാണ് ഈ പ്രതിഭ.