ടെല്‍അവീവ്- ഗാസയില്‍ ബന്ദികളാക്കിയവരുടെ മോചനം സാധ്യമാക്കണമെന്ന ആവശ്യവുമായി ബന്ദികളുടെ കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു. ശനിയാഴ്ച ജറുസലേമില്‍ എത്തുന്ന മാര്‍ച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് പുറത്ത് വന്പ്രതിഷേധമുയര്ത്തും.
'ഞങ്ങള്‍ അവരെ തിരികെ കൊണ്ടുവരും' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് 240 ബന്ദികളുടെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ടെല്‍ അവീവിന്റെ പുനര്‍നാമകരണം ചെയ്ത ബന്ദികളുടെ സ്ക്വയറില്‍ നിന്ന് ജാഥ തുടങ്ങിയത്. രാത്രിയോടെ ബെയര്‍ യാക്കോവിലെ അവരുടെ ആദ്യ കേന്ദ്രത്തിലെത്തും.
എന്റെ കുട്ടിക്കുവേണ്ടി എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് ഗാസയില്‍ ഹമാസ് തടവിലാക്കിയ ഒമറിന്റെ മാതാവ് ഷെല്ലി ഷെം ടോവ് മര്‍ച്ച് തുടങ്ങുന്നതിനു മുമ്പ് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. 21 കാരനായ ഒമര്‍ ഗാസയില്‍ തടവിലാണെന്ന് കരുതുന്നു.
നമുക്ക് ആളുകളെ നഷ്ടപ്പെടുകയാണെന്ന് അവര്‍ കണ്ണീരോടെ പറഞ്ഞു. പട്ടാളക്കാരിയായ മകള്‍ നോവ മരിച്ചതായി കുടുംബം സ്ഥിരീകരിച്ചത് അവര്‍ എടുത്തു പറഞ്ഞു.
39 ദിവസമായിട്ടും ഒന്നും നടന്നില്ലെന്നും ഇരുട്ട് മാത്രമാണ് മുന്നിലെന്നും ഷെം ടോവ് പറഞ്ഞു. ബെഞ്ചമിന്‍ നെതന്യാഹുവും അദ്ദേഹത്തിന്റെ മന്ത്രിസഭയും മറുപടി നല്‍കുകയും നടപടി സ്വീകരിക്കുകയും വേണം. നമ്മുടെ മക്കളേയും കുടുംബങ്ങളേയും തിരികെ എത്തിക്കണം. താങ്ങാന്‍ ഇനി ഒട്ടും കരുത്തില്ല-അവര്‍ പറഞ്ഞു.
കുട്ടികളടക്കം തന്റെ കുടുംബത്തിലെ ഏഴു പേര് ഗാസയില്‍ തടവിലാണെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത യുവാല്‍ ഹാരന്‍ പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കുന്നതിന് ഇസ്രായിലും ഹമാസും ധാരണയിലെത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അവരുടെ കുടുംബങ്ങള്‍ പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചിരിക്കുന്നത്.