ന്യൂദല്‍ഹി- ആപ്പ്ള്‍, സാംസങ്, വണ്‍ പ്ലസ് തുടങ്ങിയ കമ്പനികളുടെ പ്രീമിയം സ്മാര്‍ട്‌ഫോണുകളുമായി വിപണിയില്‍ ഏറ്റുമുട്ടാന്‍ ചൈനീസ് കമ്പനിയായ ഷവോമി പോക്കോ എന്ന പുതിയ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡ് അവതരിപ്പിച്ചു. ഇന്ത്യയിലും ആഗോള വിപണിയും ലക്ഷ്യമിട്ടാണ് ഷവോമി പോക്കോയെ രംഗത്തിറക്കിയിരിക്കുന്നത്. ഗൂഗഌന്റെ മുന്‍ ഇന്ത്യ പ്രൊഡക്ട് മാനേജര്‍ ജയ് മണിയാണ് പോക്കോയുടെ പ്രൊഡക്ട് മാനേജര്‍. ഷവോമിയുടെ ഭാഗമായ ചെറിയൊരു കമ്പനിയായാണ് തുടക്കം. വേഗതയിലായിരിക്കും കമ്പനിയുടെ ശ്രദ്ധയെന്നും മികച്ച പ്രകടനത്തിനു പുറമെ മകവുറ്റ വേഗതയുള്ള പ്രീമിയം ഫോണുകളായിരിക്കും കമ്പനി വിപണിയിലിറക്കുകയെന്നും മണി പറഞ്ഞു. മുന്തിയ ഇനം ഫോണുകളുടെ വില കുതിച്ചുയരുമ്പോള്‍ അതിന് അനുസരിച്ചുള്ള നവീനതകള്‍ ഇല്ലെന്നതാണ് ഇപ്പോഴത്തെ പ്രവണത. പോക്കോ ഇതിനൊരു മാറ്റം വരുത്തുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയില്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാംസങ്ങുമായി മത്സരിച്ച് മുന്നേറുന്ന ഷവോമിയുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ഉപയോഗപ്പെടുത്തിയായിരിക്കും പോക്കോയുടേയും വരവ്. സബ് ബ്രാന്‍ഡുമായി ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തെത്താനാണ് ഷവോമിയുടെ ശ്രമം. 20,000 രൂപയ്ക്കു മുകളില്‍ വിലവരുന്ന ഫോണുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സമയമായിരിക്കുന്നു. നിലവില്‍ ഫോണുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നവരെയാണ് പോക്കോ ലക്ഷ്യമിടുന്നതെന്നും ഷവോമി ഇന്ത്യാ മേധാവിയും ആഗോള വൈസ് പ്രസിഡന്റുമായ മനു ജയ്ന്‍ പറഞ്ഞു.
വണ്‍ പ്ലസ്, ഒപ്പോ, വിവോ, വാവെ എന്നീ ചൈനീസ് കമ്പനികള്‍ പ്രീമിയം ഗണത്തില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ഇതാണ്. 30,000 രൂപയിലേറെ വില വരുന്ന പ്രീമിയം ഫോണുകളുടെ ഗണത്തിലേക്ക് സബ് ബ്രാന്‍ഡുമായി കടന്നു വരാന്‍ ഷവോമിയെ പ്രേരിപ്പിച്ചത്. ഏറ്റവും പുതിയ വില്‍പ്പന കണക്കുകള്‍ പ്രകാരം പ്രീമിയം ഗണത്തില്‍ ഐ ഫോണിനെയും സാംസങിനേയും പിന്തള്ളി വണ്‍ പ്ലസ് ആണ് മുന്നിലെത്തിയിരിക്കുന്നത്.