ഇന്‍ഡോര്‍- മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അട്ടിമറിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്‍ഡോറിലെ ദപാല്പൂര് നിയമസഭാ മണ്ഡലത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു അമിത് ഷായുടെ ആരോപണം.
ഒ. ബി. സികള്‍ക്കായി കോണ്‍ഗ്രസ് എന്താണ് ചെയ്തതെന്ന് ചോദിച്ച അമിത് ഷാ മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ടിനെ വര്‍ഷങ്ങളോളം അടിച്ചമര്‍ത്തുകയും എതിര്‍ക്കുകയും ചെയ്തുവെന്നും കുറ്റപ്പെടുത്തി. മോഡി സര്‍ക്കാരിലെ 35 ശതമാനത്തിലധികം മന്ത്രിമാരും ഒ. ബി. സിക്കാരാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒ. ബി. സിക്ക് 27 ശതമാനം സംവരണം നല്കിയതും പിന്നാക്ക വിഭാഗ കമ്മിഷന് ഭരണഘടനാപരമായ അംഗീകാരം നല്കിയതും നരേന്ദ്ര മോഡി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യമുന്നയിച്ചാണ് കോണ്‍ഗ്രസ് അമിത് ഷായ്ക്ക മറുപടി പറഞ്ഞത്. ഒ. ബി. സി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ കൃത്യമായ കണക്ക് ഇതിലൂടെ ലഭ്യമാകുമെങ്കിലും സെന്‍സസ് തടസ്സപ്പെടുത്തുകയാണ് ബി. ജെ. പി ചെയ്യുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.