Sorry, you need to enable JavaScript to visit this website.

നസ്‌റുല്‍ ഇസ്ലാമിന്റെ ദേശഭക്തിഗാനം ട്യൂണ്‍ മാറ്റി ആലപിച്ചു; എ.ആര്‍.റഹ്മാന്‍ വിവാദത്തില്‍

കൊല്‍ക്കത്ത-ഇതിഹാസ ബംഗാളി കവി കാസി നസ്‌റുല്‍ ഇസ്‌ലാമിന്റെ ജനപ്രിയ ദേശഭക്തി ഗാനം എ.ആര്‍.റഹ്മാന്‍ പുതിയ ബോളിവുഡ് സിനിമയില്‍ ഈണവും താളവും മാറ്റി ആലപിച്ചതിനെ ചൊല്ലി വിവാദം.
ഇഷാന്‍ ഖട്ടറും മൃണാല്‍ ഠാക്കൂറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച 'പിപ്പ' എന്ന യുദ്ധ ചിത്രത്തിലാണ് 'കാരാര്‍ ഓയ് ലൗഹോ കോപത്' (ജയിലിന്റെ ഇരുമ്പ് കമ്പികള്‍) എന്ന ഗാനം ആലപിച്ചിരിക്കുന്നത്. 1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ ബംഗ്ലാദേശിന്റെ പിറവിയിലേക്ക് നയിച്ച യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സിനിമക്ക് ഗാനം ഉപയോഗിക്കുന്നതിന് എന്റെ മാതാവ് സമ്മതം നല്‍കിയിരുന്നുവെങ്കിലും  ട്യൂണ്‍ മാറ്റാന്‍ പറഞ്ഞിരുന്നില്ലെന്ന് കാസി നസ്‌റുല്‍ ഇസ്‌ലാമിന്റെ ചെറുമകനും ചിത്രകാരനുമായ കാസി അനിര്‍ബന്‍ പിടിഐയോട് പറഞ്ഞു. താളത്തിലും ഈണത്തിലും മാറ്റം വരുത്തി പാട്ട് ഒരുക്കിയിരിക്കുന്ന രീതി ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിമത കവി എന്നറിയപ്പെടുന്ന നസ്രുള്‍ ഇസ്ലാം 1899ല്‍ ഇന്നത്തെ പശ്ചിമ ബംഗാളിലെ പശ്ചിം ബര്‍ധമാന്‍ ജില്ലയിലാണ് ജനിച്ചത്. 'നസ്രുല്‍ ഗീതി' എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ബംഗാളിലെ രവീന്ദ്രനാഥ ടാഗോറിന് ശേഷം ജനപ്രീതിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്. പിന്നീട് അദ്ദേഹം ബംഗ്ലാദേശിന്റെ ദേശീയ കവിയായി.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടികളെ സ്‌നേഹിക്കുന്നവരും എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഈ വികലത അംഗീകരിക്കാനാവില്ല. സിനിമയില്‍ നിന്ന് ഇത് ഉടന്‍ ഒഴിവാക്കണമെന്നും നസ്രുല്‍ ഇസ്ലാമിന്റെ ചെറുമകള്‍ അനിന്ദിത കാസി അമേരിക്കയില്‍ നിന്നുള്ള ശബ്ദ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

 

Latest News