തിരുവനന്തപുരത്തു നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങിനെത്തിയ മോഹന്‍ലാല്‍ പ്രസംഗിക്കുന്നതിനിടെ പ്രതീകാത്മകമായി തോക്ക് ചൂണ്ടി പ്രതിഷേധിച്ചെന്ന വാര്‍ത്ത നിഷേധിച്ച് നടന്‍ അലയന്‍സിയര്‍. തന്റെ പ്രതിഷേധം ഒരിക്കലും മോഹന്‍ലാലിന് നേരെ ആയിരുന്നില്ലെന്നും താന്‍ മുഖ്യമന്ത്രിക്കും സാംസ്‌ക്കാരിക മന്ത്രിക്കും ഈ സമൂഹത്തിനും നേരെയാണ് വെടിയുതിര്‍ത്തതെന്നും അലന്‍സിയര്‍ പറഞ്ഞു.
മോഹന്‍ലാലിന് നേരെ 'വെടിയുതിര്‍ത്തു' എന്ന വാര്‍ത്ത അട്ടര്‍ നോണ്‍സണ്‍സ് ആണെന്നും താന്‍ ഉദ്ദേശിച്ച അര്‍ത്ഥത്തെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും അലന്‍സിയര്‍ പറഞ്ഞു.
'അത് അട്ടര്‍ നോണ്‍സണ്‍സ് ആണ്..അട്ടര്‍ നോണ്‍സണ്‍സ് ആയിട്ടുള്ള വാര്‍ത്തയാണ് ആ സാധനം. വളരെ സര്‍ക്കാസത്തോടെ ചെയ്തുപോയ, ഒരു, വളരെ..ഒരു ഫങ്ഷനില്‍ നമ്മള്‍ ഒരു കുട്ടിക്കളി കാണിക്കില്ലേ.. ചിലപ്പോള്‍ ഒരു അര്‍ത്ഥം ഉണ്ടാകും. ആ അര്‍ത്ഥത്തെ ദുര്‍വ്യാഖ്യാനം ചെയ്തതുമാണ് ആ സാധനത്തില്‍ എനിക്ക് പറയാനുള്ളത്.
ഞാന്‍ മോഹന്‍ലാലിനെതിരെ എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ വെടിവെച്ചിട്ടില്ല. നിങ്ങള്‍ എഴുതിക്കോ.. ഞാന്‍ മുഖ്യമന്ത്രിക്കും സാംസ്‌ക്കാരിക മന്ത്രിക്കും എതിരെയാണ് ഞാന്‍ വെടിവെച്ചത്. നമ്മുടെ സൊസൈറ്റിക്ക് നേരെയാണ് ഞാന്‍ വെടിവെച്ചത്'.
എന്നാല്‍ തനിക്കൊന്നും ഓര്‍മയില്ലെന്നാണ് അലന്‍സിയര്‍ ആദ്യം പ്രതികരിച്ചത്. വേദിയിലേക്ക് തള്ളി കയറാന്‍ ശ്രമിച്ച അലന്‍സിയറെ പിടിച്ചു മാറ്റുകയായിരുന്നു.