ന്യൂദല്‍ഹി - നവംബര്‍ 30 വരെ സന്ദര്‍ശക പ്രവേശന പാസുകള്‍ നല്‍കരുതെന്ന് പഞ്ചാബിലെ വിമാനത്താവളങ്ങള്‍ക്കും ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും കര്‍ശന നിര്‍ദ്ദേശം നല്കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്). ഖാലിസ്ഥാന്‍ തീവ്രവാദി ഗുര്‍പത്വന്ത് സിംഗ് പന്നൂനിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
താത്കാലിക എയര്‍പോര്‍ട്ട് എന്‍ട്രി പാസുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തന ആവശ്യങ്ങള്‍ക്ക് ഇളവ് ഉണ്ടായിരിക്കും.നവംബര്‍ 19 ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സിഖ് ജനതയോട് യാത്ര ചെയ്യരുതെന്നും, യാത്ര ചെയ്താല്‍ ജീവന് അപകടത്തിലാകമെന്നും ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ നടക്കുന്ന ദിവസമാണ് നവംബര്‍ 19. ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നവംബര്‍ 19 ന് അടപ്പിക്കുമെന്നും അതിന്റെ പേര് മാറ്റുമെന്നും പന്നൂന്‍ പറഞ്ഞിരുന്നു.
എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്ന പ്രധാന വിമാനത്താവളങ്ങളിലും അതിനോട് ചേര്‍ന്ന നഗരങ്ങളിലും ജാഗ്രത പാലിക്കണമെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.