Sorry, you need to enable JavaScript to visit this website.

കോടതിയില്ലെങ്കില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യില്ല; മുസ്ലിം വിദ്യാർഥിയ തല്ലിച്ച സംഭവത്തിൽ യു.പി സർക്കാരിനെ വിമർശിച്ച് സുപീം കോടതി

ന്യൂദല്‍ഹി- മുസഫര്‍ നഗറില്‍ സഹപാഠികളെക്കൊണ്ട് അധ്യാപിക മുസ് ലിം വിദ്യാര്‍ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തില്‍ കോടതി ഉത്തരവ് പാലിക്കാത്തതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് വീണ്ടും സുപ്രീംകോടതി വിമര്‍ശം. ഇരയാക്കപ്പെട്ട മുസ് ലിം വിദ്യാര്‍ഥിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ജസ്റ്റിസുമാരായ എഎസ് ഓക്ക, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു.

വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തുന്നതായി വ്യക്തമാക്കിയ ബഞ്ച് ഉത്തര്‍പ്രദശ് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അടുത്ത മാസം 11ന് വെര്‍ച്വലായി ഹാജരാകാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാറിന്റെ സമീപനം ഞെട്ടിക്കുന്നതാണ്. കോടതി ഉത്തരവുകള്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും  ബഞ്ച് വിമര്‍ശിച്ചു. സെപ്തംബര്‍ 25ന് പുറപ്പെടുവിച്ച ഉത്തരവ്  യുപി സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും പാലിച്ചില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഇനിയെങ്കിലും വിദ്യാര്‍ഥിക്ക് കൗണ്‍സില്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്നും ബഞ്ച് ചോദിച്ചു. കോടതി ഉത്തരവ് നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യില്ല. സര്‍ക്കാര്‍  എന്തെങ്കിലും ചെയ്യുമോ അതോ മുഖം രക്ഷിക്കാന്‍ മാത്രമുള്ള നടപടിയാകുമോയെന്നും കോടതി ചോദിച്ചു.

വിദ്യാര്‍ഥികളെ ഇങ്ങനെയാണ് പരിഗണിക്കുന്നതെങ്കില്‍, മൂന്ന് മാസത്തിന് ശേഷം ഇപ്പോള്‍ വിദഗ്ധ കൗണ്‍സില്‍ നല്‍കുന്നത് കൊണ്ടുള്ള നേട്ടമെന്താണെന്നും ബഞ്ച് ചോദിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു കുട്ടികള്‍ക്കും കൗണ്‍സിലിംഗ് നല്‍കിയിട്ടില്ലെന്നും ബഞ്ച് ചൂണ്ടികാണിച്ചു. ഇര ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കേണ്ട രീതി നിര്‍ദ്ദേശിക്കാന്‍ മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിനോട് കോടതി  ആവശ്യപ്പെട്ടു. മുഖത്തടിക്കാന്‍ നിര്‍ദേശം നല്‍കിയ സ്‌കൂള്‍ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ നടപടി ആവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസ് അടുത്ത മാസം 11ന് വീണ്ടും പരിഗണിക്കും.
 

Latest News