Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആ വാക്കുകൾ നിസ്സാരമായി കാണരുതേ

എനിക്ക് ഈയിടെയായി ഒന്നിലും ഒരു താൽപര്യമില്ല; ഒരു തരം മടുപ്പാണ് എന്നൊക്കെ പറയുന്നവരെ നാം കണ്ടുമുട്ടാറില്ലേ. ആ വാക്കുകൾ ദയവായി നിസ്സാരമായി കരുതരുതേ. അവരുടെ കാര്യങ്ങൾ സ്‌നേഹപൂർവം കേൾക്കാൻ നിങ്ങൾ സമയം കണ്ടെത്തണം. അവരെ വൈകാരികമായി സഹായിക്കാൻ കൊള്ളാവുന്നവരാണ് നാം എന്നതിനാലാണ് അവർ നമ്മോട് അങ്ങനെ പറഞ്ഞതെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. നിങ്ങൾ ഒരിക്കൽ ആസ്വദിച്ച കാര്യങ്ങളിലും പ്രവർത്തനങ്ങളിലും സ്ഥിരമായ ദുഃഖവും താൽപര്യക്കുറവും ഉണ്ടാക്കുന്ന ഒരു മാനസികാവസ്ഥയാണ് വിഷാദം. ചിന്ത, ഓർമ, ഭക്ഷണം, ഉറക്കം എന്നിവയെ ഇത് സാരമായി ബാധിക്കുന്നു.
ജോലി നഷ്ടപ്പെടുമ്പോഴോ വിവാഹ മോചനം നേടുകയോ പോലുള്ള പ്രയാസകരമായ ജീവിത സാഹചര്യങ്ങളെക്കുറിച്ച് സങ്കടപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. എന്നാൽ വിഷാദം വ്യത്യസ്തമാണ്. അത് പ്രായോഗികമായി എല്ലാ ദിവസവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും നിലനിൽക്കുന്നു. സങ്കടം മാത്രമല്ല, മറ്റു ലക്ഷണങ്ങളും ഉൾപ്പെടുന്നു. പല തരത്തിലുള്ള ഡിപ്രസീവ് ഡിസോർഡേഴ്‌സ് ഉണ്ട്. ക്ലിനിക്കൽ ഡിപ്രഷൻ, അല്ലെങ്കിൽ മേജർ  ഡിപ്രസീവ് ഡിസോർഡറിനെ പലപ്പോഴും വിഷാദം എന്ന് വിളിക്കപ്പെടുന്നു. ഇതാണ്  വിഷാദത്തിന്റെ ഏറ്റവും കഠിനമായ ഇനം. 
ചികിത്സിക്കാതെ അവഗണിച്ചാൽ വിഷാദം കൂടുതൽ വഷളാകുകയും കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യും. ആശ്രദ്ധമായി കൈകാര്യം ചെയ്താൽ ഇത്, സ്വയം പരിക്കേൽപിക്കുന്നതിലേക്കും  ആത്മഹത്യയിലൂടെയുള്ള മരണത്തിലേക്കും  നയിച്ചേക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ  ഒട്ടും അമാന്തിക്കാതെ വിദഗ്ധ  ചികിത്സ തേടുന്നതാണ് നല്ലത്.
ചിലപ്പോൾ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ വിഷാദം ഉണ്ടാകൂ. എന്നാൽ പലർക്കും  സാധാരണയായി ഒന്നിലധികം എപ്പിസോഡുകൾ ഉണ്ടാകും. ഈ എപ്പിസോഡുകളിൽ, മിക്കവാറും എല്ലാ ദിവസവും രോഗലക്ഷണങ്ങൾ ഉണ്ടാകാം. സങ്കടം, കണ്ണുനീർ, ശൂന്യതാ ബോധം  അല്ലെങ്കിൽ നിരാശ, ചെറിയ കാര്യങ്ങളിൽ പോലും കോപാകുലമായ പൊട്ടിത്തെറികൾ, ക്ഷോഭം എന്നിവ ഉണ്ടാവുന്നു. സെക്സ്, ഹോബികൾ അല്ലെങ്കിൽ സ്പോർട്സ് പോലുള്ള മിക്ക സാധാരണ പ്രവർത്തനങ്ങളിലും താൽപര്യമോ ആനന്ദമോ ഇവർക്ക്  നഷ്ടപ്പെടുന്നു. ഉറക്കമില്ലായ്മ അല്ലെങ്കിൽ അമിതമായി ഉറങ്ങുന്നത് തുടങ്ങി ഉറക്ക തകരാറുകളും  ഇവരെ ബാധിക്കുന്നു. ക്ഷീണവും ഊർജമില്ലായ്മയും മൂലം  ചെറിയ ജോലികൾക്ക് പോലും അധിക പരിശ്രമം ഇവർക്ക് ആവശ്യമാണ്.  വിശപ്പില്ലായ്മയും ഭാരക്കുറവും അനുഭവപ്പെടുന്നു. അല്ലെങ്കിൽ ഭക്ഷണത്തിനായുള്ള ആസക്തിയും ശരീരഭാരം വർധപ്പിക്കാനുള്ള വ്യഗ്രതയും ഇവരിൽ  കാണുന്നു.  
ഉത്കണ്ഠ, സംഘർഷം,  അസ്വസ്ഥത, മന്ദഗതിയിലുള്ള ചിന്ത, സംസാരം,  ശരീര ചലനങ്ങൾ, മൂല്യമില്ലായ്മ,  കുറ്റബോധം, മുൻകാല പരാജയങ്ങൾ അല്ലെങ്കിൽ സ്വയം കുറ്റപ്പെടുത്തൽ എന്നിവയും വിഷാദം ബാധിച്ചവരിൽ  പ്രകടമായിരിക്കും. കാര്യകാരണ സഹിതം ചിന്തിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും കാര്യങ്ങൾ ഓർത്തെടുക്കുന്നതിലും ഇവർക്ക്  ബുദ്ധിമുട്ട് അനുഭപ്പെടാറുണ്ട്. പതിവിൽ കവിഞ്ഞ മരണത്തെക്കുറിച്ചുള്ള ചിന്തകൾ, ആത്മഹത്യ ചിന്തകൾ, ആത്മഹത്യാശ്രമങ്ങൾ എന്നിവ ഇവരിൽ രൂപപ്പെടുന്നു. കൂടാതെ പുറംവേദന അല്ലെങ്കിൽ തലവേദന പോലുള്ള വിശദീകരിക്കാനാകാത്ത ശാരീരിക പ്രശ്‌നങ്ങളും ഇവരിൽ ചിലരെ അലട്ടിയേക്കാം. 
വിഷാദ രോഗമുള്ള പലർക്കും ജോലി, സ്‌കൂൾ, സാമൂഹിക പ്രവർത്തനങ്ങൾ അല്ലെങ്കിൽ മറ്റുള്ളവരുമായുള്ള ബന്ധം എന്നിവ പോലുള്ള ദൈനംദിന പ്രവർത്തനങ്ങളിൽ  കാതലായ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ ഈ ലക്ഷണങ്ങൾ  പ്രകടമായേക്കാം. ഇത്തരം സന്ദർഭങ്ങളിൽ യഥാർത്ഥത്തിൽ എന്തുകൊണ്ടാണ്  താനിങ്ങനെയാവുന്നത് എന്നറിയാതെ  ചില ആളുകൾക്ക് പൊതുവെ അസന്തുഷ്ടിയോ അസ്വസ്ഥതയോ  തോന്നിയേക്കാം.
വിഷാദത്തിന് പല കാരണങ്ങളുണ്ട്. ആശ്ചര്യകരവും മറഞ്ഞിരിക്കുന്നതുമായ ഒരു കാരണം ഒരുപക്ഷേ കുട്ടിക്കാലത്ത് വേണ്ടത്ര വൈകാരിക ശ്രദ്ധ ലഭിക്കാത്തതാവാം. കുട്ടിക്കാലത്ത് സ്വയം അറിവ്, ആത്മപരിചരണം, ആത്മസ്‌നേഹം എന്നിവയിൽ മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും വേണ്ട പരിശീലനം കിട്ടിയിരുന്നെങ്കിൽ, നിങ്ങൾക്ക് പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും പരിഹരിക്കാനുളള ഊർജവും ഉൾവെളിച്ചവും അത് വഴി ലഭിച്ചേനേ. ഈ ബാല്യകാല പരിശീലനം ഇല്ലാതിരിക്കുമ്പോൾ  സമ്മർദത്തിലോ നഷ്ടത്തിലോ നിങ്ങൾ തളർന്നുപോകുന്ന വേളയിൽ  നിങ്ങളുടെ കരളുറപ്പിനെയും കാലുറപ്പിനെയും വീണ്ടെടുക്കുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കുന്നു. അതിനാൽ തന്നെ നിങ്ങൾ വിഷാദ രോഗത്തിന് കൂടുതൽ എളുപ്പത്തിൽ ഇരയാകുന്നു.
വികാരങ്ങൾ വേണ്ടത്ര അഭിസംബോധന ചെയ്യപ്പെടാത്ത ഒരു കുടുംബത്തിൽ വളരുന്നത് കുട്ടിയിൽ കനത്ത വൈകാരിക ആഘാതം ഏൽപിക്കുന്നുണ്ട്.  ജീവിതം അവരെ  ആഴത്തിൽ വെല്ലുവിളിക്കുമ്പോൾ, അവർ  സ്വയം നഷ്ടപ്പെട്ടതായി കണ്ടെത്തുകയും അവർ സ്വയം പഴിക്കുകയും ചെയ്യുന്നു. ഇത് കുട്ടികളെ അവരുടെ  ജീവിതകാലം മുഴുവൻ വിഷാദ രോഗത്തിന് കൂടുതൽ സാധ്യതയുള്ളതാക്കി മാറ്റുമെന്ന കാര്യം രക്ഷിതാക്കൾ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.
ജീവിതം നമുക്ക് ഒരു പ്രഹരം നൽകുമ്പോഴോ അല്ലെങ്കിൽ ആരെങ്കിലും നമ്മെ വേദനിപ്പിക്കുമ്പോഴോ, കോപം ഒരു സംരക്ഷക സംവിധാനമായി തീരാറുണ്ട്. കോപം നിരുപദ്രവകരമായി ശമിപ്പിക്കാതെ  മോശമായി കൈകാര്യം ചെയ്യുന്ന ഒരു കുടുംബാന്തരീക്ഷത്തിൽ നാം  വളരുമ്പോൾ നമ്മുടെ  കോപം എങ്ങനെ ശമിപ്പിക്കാമെന്നും ആരോഗ്യകരമായി എങ്ങനെ ഉപയോഗിക്കാമെന്നും നാം  പഠിക്കുന്നില്ല. അത്തരം ആളുകൾ അവരുടെ കോപം അവരുടെ ഉള്ളിലേക്ക് തിരിക്കുന്നു. എനിക്ക് ഇത് സംഭവിച്ചത് എന്റെ തെറ്റാണ്, എനിക്ക് ഒരിക്കലും ഇത് ഉണ്ടാകാൻ പാടില്ലായിരുന്നു എന്ന വിചാരം ഉള്ളിൽ പെരുകുന്നു. നിങ്ങളെ ശാക്തീകരിക്കുന്നതിനു പകരം, നിങ്ങളുടെ കോപം നിങ്ങളെ ദുർബലമാക്കുകയാണ് ചെയ്യുന്നത്. ഉള്ളിലേക്ക് തിരിയുന്ന കോപം പിന്നീട് വിഷാദമായി മാറുന്നു.
വിഷാദം തോന്നുന്നുവെങ്കിൽ കഴിയുന്നതും വേഗം നിങ്ങളുടെ ഡോക്ടറെയോ മാനസികാരോഗ്യ പ്രൊഫഷനലിനെയോ കാണാൻ മടിക്കരുത്. ചികിത്സ തേടാൻ വിമുഖതയുണ്ടെങ്കിൽ ഒരു സുഹൃത്തുമായോ പ്രിയപ്പെട്ടവരുമായോ, ഏതെങ്കിലും ആരോഗ്യ പരിപാലന വിദഗ്ധനോ, അല്ലെങ്കിൽ നിങ്ങൾ വിശ്വസിക്കുന്ന മറ്റാരെങ്കിലുമോ ആയി സംസാരിക്കുന്നത് ഏറെ പ്രയോജനപ്പെടുമെന്നറിയുക.

Latest News