രാമപുരം എൽ.പി സ്‌കൂൾ
ഒരു ഗ്രാമം മുഴുവനും ഒന്നിച്ചിരിക്കുകയാണ് ചരിത്ര തിരുശേഷിപ്പുകളുടെ കലവറയൊരുക്കാൻ. ചരിത്രം പഠിക്കുക മാത്രമല്ല, ചരിത്ര ശേഷിപ്പുകൾ പ്രദർശിപ്പിച്ച് ചരിത്രബോധം പുതുതലമുറക്ക് പഠിപ്പിക്കുക കൂടി ചെയ്യുകയാണ് രാമപുരം എ.എച്ച്.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾ. വള്ളുവനാട്ടിലെ ആദ്യത്തെ എഴുത്തുകളമായ വിദ്യാലയത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. നാടിന്റെ നാല് ദിക്കുകളിലുമുള്ള മനകളിൽനിന്നും പഴയ തറവാടുകളിൽ നിന്നും ശേഖരിച്ച ചരിത്രശേഷിപ്പുകൾ പ്രദർശിപ്പിച്ചാണ് പുതുതലമുറക്ക് ചരിത്രാവബോധം നൽകുന്നത്. പഴയ ഉപകരണങ്ങളും പ്രമാണങ്ങളുമടങ്ങുന്ന വൻ ശേഖരമാണ് ഒരുക്കൂട്ടിയത്.
രാമപുരം എ.എച്ച്.എൽ.പി സ്‌കൂൾ ചരിത്ര ശേഷിപ്പുകളെ കുറിച്ചുള്ള അറിവ് പകർന്നു നൽകി തുടങ്ങിയിട്ട് ഇത് തുടർച്ചയായ ഒൻപതാം വർഷമാണ്. മങ്കട ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ.പി സാമൂഹ്യ ശാസ്ത്ര കലക്ഷൻ വിഭാഗത്തിൽ ഈ കൊല്ലമത്രയും രാമപുരം സ്‌കൂളാണ് വിജയിക്കുന്നത്. സാമൂഹ്യ ശാസ്ത്ര മേളയിൽ കഴിഞ്ഞ നാല് വർഷങ്ങളിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പും നേടി.
പുതുതലമുറ മറന്നുപോയ ചെറുധാന്യങ്ങളുടെ ശേഖരണം, അന്യം നിന്നുപോകുന്നതും നമ്മുടെ പൂർവികർ തൊഴിലായി സ്വീകരിച്ചതും അവരുടെ നിത്യജീവിതത്തിൽ ഉപയോഗിച്ചതുമായ മുള ഉൽപന്നങ്ങൾ, മരം കൊണ്ടുള്ള ഉപകരണങ്ങൾ, ഓല കൊണ്ടുള്ള ഉൽപന്നങ്ങൾ, മരത്തിൽ കൊത്തുപണി എന്നിവയിലും അലങ്കാര വസ്തുക്കളുടെ നിർമാണത്തിലും കളിപ്പാട്ട നിർമാണത്തിലും വിദ്യാർഥികൾ ചരിത്ര ശേഖരണത്തോടൊപ്പം പരിശീലനം നടത്തുന്നുണ്ട്.