ശസ്ത ബോളിവുഡ് നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ ഇന്റർനെറ്റിൽ വൈറലായതിനു പിന്നാലെ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം വീണ്ടും ശക്തമായി. വിവാദവും പ്രതിഷേധവും ശക്തമായിക്കൊണ്ടിരിക്കേ ബോളിവുഡ് നടി കത്രീന കൈഫും സമാനമായ ഡീപ്‌ഫേക്ക് വീഡിയോക്ക് ഇരയായി. വരാനിരിക്കുന്ന ടൈഗർ 3 ലെ ഒരു ഫൈറ്റ് സീക്വൻസിലെ കൈഫിന്റെ ഒരു സ്‌ക്രീൻ ഷോട്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.
ജനപ്രിയ നടിമാരെ മോശക്കാരികളാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഡീപ്‌ഫേക്ക് വീഡിയോകൾ സൃഷ്ടിച്ചതെന്ന് വ്യക്തമാണ്. രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ പുറത്തു വന്നതിന് തൊട്ടുപിന്നാലെ അമിതാഭ് ബച്ചൻ ഉൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങൾ നടിയെ പിന്തുണച്ച് രംഗത്തു വന്നു. ഇക്കാര്യത്തിൽ ശക്തമായ നടപടി വേണമെന്ന് അധികൃതരോട് അഭ്യർത്ഥിച്ചു. തൊട്ടുപിന്നാലെ, ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം അയച്ചു. ആർടിഫിഷ്യൽ ഇന്റലിജൻസ് ഡീപ്‌ഫേക്കുകൾ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടത്.
രശ്മിക മന്ദാനയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവാദ കൊടുങ്കാറ്റ് സൃഷ്ടിച്ചെങ്കിലും ഡീപ്‌ഫേക്കുകൾ ഒരു പുതിയ പ്രതിഭാസമല്ല. കോവിഡ് മഹാമാരിയെ തുടർന്നുള്ള നിർബന്ധിത ലോക്ഡൗൺ സമയത്ത് ഹോളിവുഡ് സൂപ്പർ സ്റ്റാർ ടോം ക്രൂയിസിന്റെ രൂപവുമായി സമാനതയുള്ള മൈൽസ് ഫിഷർ എന്നറിയപ്പെടുന്ന ഒരു ടിക് ടോക്കർ ജനപ്രിയ താരത്തിന്റെ ഡീപ്‌ഫേക്ക് വീഡിയോകൾ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ കബളിപ്പിച്ചിരുന്നു. അക്കാലത്ത്, ക്രൂയിസ് ഗിത്താർ വായിക്കുന്നതിനും ടിക് ടോക്ക് ട്രെൻഡുകൾ പിന്തുടരുന്നതിനമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പ്രചരിച്ചു.
ഡീപ് ലേണിംഗ് എന്നറിയപ്പെടുന്ന കൃത്രിമ ബുദ്ധിയുടെ ഒരു രൂപത്തെ അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമാണ് ഡീപ്‌ഫേക്ക്. വ്യാജ ചിത്രങ്ങളും വീഡിയോകളും നിർമിക്കാനാണ് ഇത് പൊതുവെ ഉപയോഗിക്കുന്നത്. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് ആരെയും രാഷ്ട്രീയ നേതാവോ സെലിബ്രിറ്റിയോ ജനപ്രിയ അത്‌ലറ്റോ ആക്കാനാകും.
ഒരാൾക്ക് അവരുടെ പ്രിയപ്പെട്ടവരോ അല്ലാത്തവരോ ആയ താരങ്ങളെ അക്ഷരാർഥത്തിൽ തന്നെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാറ്റാൻ കഴിയും.
എ.ഐയുടെ സഹായത്തോടെ ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ എന്നിവ കൃത്രിമമായി നിർമിക്കുന്നതും പരിഷ്‌കരിക്കുന്നതുമായ സിന്തറ്റിക് മീഡിയയാണ് ഡീപ്‌ഫേക്കുകൾ. സിനിമാ മേഖലയിൽ വിഷ്വൽ ഇഫക്റ്റുകൾ വിവിധ സേവനങ്ങൾക്കായി ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള അവതാർ, സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം എന്നിയുൾപ്പെടെ വിവിധ കാര്യങ്ങൾക്കുമായി പോസിറ്റീവ് ആയി ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഈ സാങ്കേതിക വിദ്യ. എന്നാൽ അവ പ്രത്യക്ഷപ്പെട്ടതുമുതൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും അശ്ലീല ദൃശ്യങ്ങളിലൂടെ പ്രതികാരം തീർക്കാനുമൊക്കെയാണ് ഉപയോഗിച്ചുവരുന്നത്.
ഒട്ടും സംശയം ഉയർത്താതെ തന്നെ സെലിബ്രിറ്റികളുടെ വ്യാജ വീഡിയോകൾ നിർമിക്കുന്നതിനു പുറമെ, ഉപഭോക്താക്കളെ കബളിപ്പിക്കാനും ദൗർഭാഗ്യവശാൽ ഇത് കൂടുതലായി ഉപയോഗിച്ചു.
ദ്രുതഗതിയിൽ അവതരിപ്പിക്കപ്പെടുന്ന പുതിയ സാങ്കേതിക വിദ്യകൾ ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യയുടെ വ്യാപനത്തിനു കാരണമായി. എഡിറ്റിംഗ് വൈദഗ്ധ്യമില്ലെങ്കിലും ആർക്കും ഇപ്പോൾ ഡീപ്‌ഫേക്ക് വീഡിയോകളും ചിത്രങ്ങളും നിർമിക്കാൻ കഴിയുന്നു. ഡീപ്‌ഫേക്കുകൾ വീഡിയോകൾക്കായി മാത്രമല്ല, ഓഡിയോ കൈകാര്യം ചെയ്യാനും ഉപയോഗിക്കുന്നുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്.
അൽഗോരിതം മുഖങ്ങൾ തമ്മിലുള്ള സമാനതകൾ കണ്ടെത്തുകയും പിന്നീട് അവയെ പൊതുവായി പങ്കിടുന്ന സവിശേഷതകളിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് ഡീപ്‌ഫേക്ക്. രണ്ട് മുഖങ്ങളിലും വ്യത്യസ്ത സെറ്റ് ഡീകോഡറുകളുണ്ടാകും. അതത് ഡീകോഡറുകളിൽ നിന്ന് മുഖങ്ങൾ കൈമാറ്റം ചെയ്യേണ്ടതുണ്ട്. എ എന്ന വ്യക്തിയുടെ കംപ്രസ് ചെയ്ത ചിത്രം ഡീകോഡറിലേക്ക് നൽകപ്പെടുന്നു. അത് ബി എന്ന വ്യക്തിയിൽ ചേർക്കുന്നു. ഡീകോഡർ പിന്നീട് എ എന്ന വ്യക്തിയുടെ ഭാവങ്ങളെ അടിസ്ഥാനമാക്കി ബി എന്ന വ്യക്തിയുടെ മുഖം പുനഃക്രമീകരിക്കുന്നു.
ഡീപ്‌ഫേക്ക് നിർമിക്കുമ്പോൾ ഓരോ ഫ്രെയിമിലും ഈ പ്രകിയ തുടരേണ്ടതുണ്ട്. രണ്ട് എ.ഐ അൽഗോരിതങ്ങൾ ഉപയോഗിക്കുന്ന ജനറേറ്റീവ് അഡ്‌വേർസേറിയൽ നെറ്റ്‌വർക്ക് അല്ലെങ്കിൽ ജി.എൻ.എൻ എന്നറിയപ്പെടുന്ന രീതി ഉപയോഗിച്ചും ഡീപ്‌ഫേക്കുകൾ നിർമിക്കുന്നുണ്ട്.
സാങ്കേതിക വിദ്യ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കേ ഡീപ്‌ഫേക്ക് വീഡിയോകൾ തിരിച്ചറിയുക കൂടുതൽ പ്രയാസമായി വരികയാണ്. വ്യാജ ചിത്രങ്ങളിൽ നിന്ന് യഥാർത്ഥമായത് തിരിച്ചറിയാൻ കഴിയുന്നില്ല.
സാധാരണ മനുഷ്യരെപ്പോലെ ഡീപ്‌ഫേക്ക് മുഖങ്ങൾ മിന്നിമറയുന്നില്ല എന്നാണ് 2018 ൽ പ്രസിദ്ധീകരിച്ച ഇതു സംബന്ധിച്ച ഗവേഷണം അവകാശപ്പെട്ടിരുന്നത്. കണ്ണുകളിലേക്ക് നോക്കിയാൽ ഡീപ്‌ഫേക്ക് വീഡിയോ തിരിച്ചറിയാമായിരുന്നു. അതേസമയം, രശ്മിക മന്ദാനയുടെ വീഡിയോയിൽ നടി രണ്ടുതവണ കണ്ണു ചിമ്മുന്നത് കാണാൻ കഴിയും. എന്നിരുന്നാലും കണ്ണുകൾ വ്യത്യസ്തമായി കാണപ്പെടുന്നുണ്ട്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ കണ്ണുകൾക്ക് പലതും വെളിപ്പെടുത്താനാകും. അങ്ങനെ ഡീപ്‌ഫേക്ക് കണ്ടെത്താനും കഴിയും.
മോശം ഗുണനിലവാരമുള്ള ഡീപ്‌ഫേക്കുകൾ എളുപ്പത്തിൽ കണ്ടെത്താനാകും. പ്രധാനമായും ചുണ്ടുകൾ സമന്വയിപ്പിക്കുന്നത് ശരിയായിട്ടുണ്ടാവില്ല. ഓഡിയോയുടെ അടിസ്ഥാനത്തിൽ ചുണ്ടുകൾ ചലിക്കുന്ന രീതി നോക്കിയാൽ ഡീപ്‌ഫേക്ക് വീഡിയോകളിൽ അപാകതകൾ വ്യക്തമാകും.
യഥാർത്ഥ വ്യക്തിയുടെ സ്‌കിൻ ടോണും വ്യാജനെ കണ്ടെത്താൻ സഹായിക്കും. ഡീപ്‌ഫേക്ക് വീഡിയോകൾ പലപ്പോഴും ഒട്ടും ചുളിവില്ലാത്ത ചർമമാണ് കാണിക്കുക. വിചിത്രമായ ശരീര ചലനങ്ങളും ഡീപ്‌ഫേക്ക് തിരിച്ചറിയാവുന്ന അടയാളങ്ങളിൽ ഒന്നായിരിക്കും.
മുടിയും പല്ലുകളുമാണ് ഡീപ്‌ഫേക്ക് തിരിച്ചറിയാൻ സഹായിക്കുന്ന മറ്റൊരു ഘടകം. മുടിയിൽ സൂക്ഷ്മമായ വിശദാംശങ്ങൾ അടങ്ങിയിട്ടുണ്ട്. ഡീപ്‌ഫേക്ക് സോഫ്റ്റ് വെയറുകൾ മടിയുടെ സമാനത സൃഷ്ടിക്കുന്നതിൽ പരാജയപ്പെടാം. ചിലപ്പോൾ ഫേക്ക് വീഡിയോ ഡീകോഡ് ചെയ്യാൻ മുടി സഹായിച്ചേക്കും. പല്ലുകളും ചിലപ്പോൾ വലിയ സഹായകമാകും. സ്വാഭാവികമായ പല്ലുകൾ ദൃശ്യമാകില്ലെന്നതാണ് കാരണം.
ആഭരണങ്ങളാണ് മറ്റൊരു ഘടകം. വ്യക്തി ആഭരണങ്ങൾ ധരിച്ചിട്ടുണ്ടെങ്കിൽ ലൈറ്റിംഗ് ഇഫക്റ്റുകൾ കാരണം അവ അസാധാരണമായി കാണപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.