ഇസ്‌ലാമാബാദ്- അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാന് കൈമാറിയതോടെ പാകിസ്താനിലേക്കുള്ള അവരുടെ ഭീകര വാദത്തില്‍ 60 ശതമാനം വര്‍ധനവുണ്ടായതായി കാവല്‍ പ്രധാനമന്ത്രി അന്‍വറുല്‍ ഹഖ് കാക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനുമായി 2,640 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന പാകിസ്ഥാന്‍ അമേരിക്കന്‍ അധിനിവേശത്തിന് ശേഷം അവരെ പിന്തുണക്കുകയും പിന്നീട് ഭരണം സ്ഥാപിച്ചപ്പോള്‍ ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിച്ച് തങ്ങളുടെ അംഗങ്ങളെ കാബൂളിലേക്ക് ആദ്യമായി അയക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അഫ്ഗാന്‍ മണ്ണില്‍ നിന്നുയരുന്ന ഭീകരതയ്ക്കെതിരെ അഫ്ഗാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പാകിസ്ഥാന്‍ ഇപ്പോള്‍ പറയുന്നത്. യു. എസ്- താലിബാന്‍ ദോഹ ഉടമ്പടിയുടെ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ 'ഭീകരര്‍ക്ക് സുരക്ഷിത താവളമാകില്ല' എന്ന താലിബാന്റെ ഉറപ്പുണ്ടായിരുന്നുവെന്ന് ഇസ്‌ലാമാബാദ് അവകാശപ്പെടുന്നു.
സോവിയറ്റുകള്‍ അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയ 1970 മുതല്‍ ജീവിച്ചിരുന്ന, രേഖകളില്ലാത്ത ആളുകളെ അതിര്‍ത്തിക്കുള്ളില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഇസ്‌ലാമാബാദിന്റെ ഉത്തരവ് നടപ്പാക്കിയതിനാല്‍ ലക്ഷക്കണക്കിന് അഫ്ഗാന്‍ അഭയാര്‍ഥികള്‍ പാകിസ്ഥാന്‍ വിടാന്‍ നിര്‍ബന്ധിതരായിരുന്നു. പാക്കിസ്ഥാനില്‍ താമസിക്കുന്ന നാലു ദശലക്ഷം അഫ്ഗാനികളില്‍ ഏകദേശം 1.7 ദശലക്ഷം ആളുകള്‍ ഈ പദ്ധതിയുടെ അറസ്റ്റ് ഭീഷണിയിലാണ്.
പാകിസ്ഥാനില്‍ നിന്ന് സ്വമേധയാ മടങ്ങിയ അഫ്ഗാനികളുടെ എണ്ണം 252,000 ആണെന്ന് പാകിസ്ഥാന്‍ താല്‍ക്കാലിക പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാനില്‍ അനധികൃതമായി താമസിക്കുന്ന അഫ്ഗാനികളാണ്് രാജ്യത്ത് അസ്ഥിരതാ സാഹചര്യം ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തില്‍ പാകിസ്ഥാന്‍ ആവശ്യപ്പെടുന്ന എല്ലാവരെയും കൈമാറണമെന്ന് പാകിസ്ഥാന്‍ ഇടക്കാല അഫ്ഗാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം പാക്കിസ്ഥാനില്‍ നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ 15 അഫ്ഗാന്‍ പൗരന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇസ്‌ലാമാബാദ് അവകാശപ്പെട്ടു. എന്നാല്‍ അവകാശവാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും നല്‍കിയില്ല.