Sorry, you need to enable JavaScript to visit this website.

അയൺ ലേഡി റിട്ടേൺ

ഒരു കാലത്ത് നായകന്മാരുടെ നിഴലായി മാത്രം അഭിനയിക്കാൻ വിധിക്കപ്പെട്ടിരുന്ന നടിമാരായിരുന്നു മലയാള സിനിമയിലുണ്ടായിരുന്നത്. ആക്ഷൻ ഹീറോകൾ അരങ്ങു വാണിരുന്ന അക്കാലത്ത് വില്ലന്റെ മൂക്ക് ഇടിച്ചു പരത്തുന്ന ഒരു നായിക രംഗപ്രവേശം ചെയ്തു. കണ്ണീരൊഴുക്കാൻ മാത്രമല്ല, പ്രതികരിക്കാനും സ്ത്രീക്ക് കഴിയുമെന്ന് തെളിയിക്കുകയായിരുന്നു അവർ. മലയാള സിനിമയുടെ വണ്ടർ വുമണായി രംഗപ്രവേശം ചെയ്ത ആ നായികയുടെ പേരായിരുന്നു വാണി വിശ്വനാഥ്. മിന്നൽ വേഗത്തിൽ ഓടിയും ചാടിയും വില്ലനെ ഇടിച്ച് നിലംപരിശാക്കിയും മൂർച്ചയേറിയ സംഭാഷണങ്ങൾ കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ചെയ്തിരുന്ന നായിക. വില്ലനെ മാത്രമല്ല, നായകനെപ്പോലും അവർ ചോദ്യം ചെയ്തു. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും വരെയെത്തിയ അഭിനയ യാത്ര. ആക്ഷൻ രംഗങ്ങളിൽ വാണി വിശ്വനാഥിനെപ്പോലെ തിളങ്ങിയ നടികൾ മലയാളത്തിൽ വേറെയില്ലെന്നു പറയാം. പോലീസ് വേഷങ്ങളാണെങ്കിൽ പറയുകയും വേണ്ട. പ്രേക്ഷകരുടെ ഇഷ്ട നായികയായിട്ടും പൊടുന്നനെ ഒരു ദിവസം അഭിനയ രംഗത്തുനിന്നും വിട പറയുകയായിരുന്നു വാണി വിശ്വനാഥ്. വിവാഹവും കുടുംബവുമെല്ലാമായി ജീവിതം അഭിനയിച്ചു തീർക്കുകയായിരുന്നു അവർ.


എന്നാൽ പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം വാണി വിശ്വനാഥ് തിരിച്ചെത്തുകയാണ്. ശ്രീനാഥ് ഭാസിയും ലാലും സൈജു കുറുപ്പുമെല്ലാം പ്രധാന വേഷങ്ങളിലെത്തുന്ന ആസാദി എന്ന ചിത്രത്തിലൂടെയാണ് വാണിയുടെ തിരിച്ചുവരവ്. ഫൈസൽ രാജയുടെ നിർമാണത്തിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ത്രില്ലർ ഗണത്തിൽപെട്ട ആസാദിയിലും പോലീസ് വേഷത്തിലാണ് വാണി എത്തുന്നത്.
തൃശൂർ ജില്ലയിലെ ഒല്ലൂരിൽ ജ്യോതിഷ പണ്ഡിതനായ താഴത്തു വീട്ടിൽ വിശ്വനാഥന്റെയും ഗിരിജയുടെയും മകളായാണ് ജനിച്ചത്. മകൾ സിനിമയിലെത്തുമെന്ന് ജ്യോതിഷിയായ അച്ഛൻ നേരത്തെ പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹവും അതുത ന്നെയായിരുന്നു. കുട്ടിക്കാലം തൊട്ടേ അഭിനയമോഹം ഉള്ളിലൊളിപ്പിച്ച വാണിക്ക് സംഘട്ടന രംഗങ്ങളോട് വല്ലാത്ത ആവേശമായിരുന്നു. ആക്ഷൻ സീനുകൾ അവതരിപ്പിക്കുന്നതിന് പ്രത്യേക പരിശീലനമൊന്നും നേടിയിട്ടില്ല. എങ്കിലും മനസ്സിൽ ആ സീൻ ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തിലാണ് അഭിനയിക്കുന്നത്. പിന്നീട് സിനിമ കാണുമ്പോൾ അതൊക്കെ ഞാൻ തന്നെയാണോ ചെയ്തതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ടെന്നും വാണി പറയുന്നു.


?എന്തുകൊണ്ട് ഇടവേള.
ഇടവേളകൾ മനപ്പൂർവമായിരുന്നു. വിവാഹം കഴിഞ്ഞ കാലത്തും മലയാളത്തിൽനിന്നും തെലുങ്കിൽനിന്നുമെല്ലാം അവസരങ്ങളുണ്ടായിരുന്നു. ഇഷ്ടപ്പെട്ട വേഷങ്ങളായിരുന്നു പലതും. എങ്കിലും മക്കളുടെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന നിശ്ചയത്തിലാണ് പലതും വേണ്ടെന്നുവെച്ചത്. മകൾ ആർച്ച എം.ബി.ബി.എസ് വിദ്യാർഥിനിയാണിപ്പോൾ. മകൻ ആർദ്രി പത്താം ക്ലാസിലുമെത്തി. കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ അവർക്ക് പ്രാപ്തിയായി എന്നു തോന്നിയപ്പോഴാണ് വീണ്ടും പഴയ തട്ടകത്തിലേയ്ക്ക് തിരിച്ചുവരാൻ ആലോചിച്ചത്. ഇഷ്ടപ്പെട്ട വേഷം കൂടിയായപ്പോൾ സമ്മതം മൂളുകയായിരുന്നു. പ്രേക്ഷകർ എന്നെ കാണാൻ ആഗ്രഹിക്കുന്ന വേഷം കിട്ടിയപ്പോൾ ഏറെ സന്തോഷം.


?ആസാദിയിലെ വേഷം.
സസ്‌പെൻഷനിൽ കഴിയുന്ന ഒരു പോലീസ് ഓഫീസറുടെ വേഷമാണിതിൽ. ഒരു ആശുപത്രിയിൽ നടക്കുന്ന സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന ചുമതല എന്നിൽ വന്നുചേരുകയായിരുന്നു. സസ്‌പെൻഷനിലാണെങ്കിലും ഞാൻ തന്നെ അന്വേഷണം നടത്തണമെന്ന ഉന്നത തലത്തിൽനിന്നുള്ള നിർദേശമനുസരിച്ച് പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥ. തുടർന്ന് കേസന്വേഷണവുമായി മുന്നോട്ടു പോവുകയാണ് ആ കഥാപാത്രം.


?മനസ്സിൽ തങ്ങിനിൽക്കുന്ന വേഷങ്ങൾ.
വിനയൻ സാർ സംവിധാനം ചെയ്ത ഇൻഡിപെൻഡൻസിലെ പോലീസ് ഉദ്യോഗസ്ഥയായ ഇന്ദുവർമ എന്ന ആക്ഷൻ ഹീറോ ഇന്നും മനസ്സിലുണ്ട്. മാന്നാർ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിലെ ഭ്രാന്ത് അഭിനയിക്കുന്ന മീര, ഇന്ദ്രിയത്തിലെയും ഈ ഭാർഗവീ നിലയത്തിലെയും ആരേയും ഭയപ്പെടുത്തുന്ന യക്ഷി, ഹിറ്റ്‌ലറിലെ മാധവൻക ുട്ടിയുടെ സഹോദരിയായ അമ്മു, ദി കിംഗിലെ അസിസ്റ്റന്റ് കലക്ടറായ അനുരാധ മുഖർജി, ഉസ്താദിലെ പോലീസ് കമ്മീഷണർ വർഷ വർമ, ദി ട്രൂത്തിലെ മീനാ നമ്പ്യാർ ഐ.പി.എസ്... തുടങ്ങി മനസ്സിൽ തങ്ങിനിൽക്കുന്ന നിരവധി വേഷങ്ങൾ. ഇതിനിടയിൽ സൂസന്ന എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്‌കാരവും കിട്ടിയിരുന്നു.


?സിനിമയിലെത്തിയത്.
മലയാളിയെങ്കിലും ആദ്യമായി അഭിനയിച്ചത് തമിഴിലായിരുന്നു. മണ്ണുക്കുൾ വൈരം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ശിവാജി ഗണേശൻ സാറിന്റെ കൊച്ചുമകളുടെ വേഷം. തുടർന്ന് തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും വേഷമിട്ടു. മിഥുൻ ചക്രവർത്തിക്കൊപ്പമായിരുന്നു ഹിന്ദിയിലെ രണ്ടു ചിത്രങ്ങളിലും വേഷമിട്ടത്. കുട്ടിക്കാലം തൊട്ടേ അദ്ദേഹത്തിന്റെ വലിയ ഫാനായിരുന്നു. ആദ്യ ചിത്രത്തിൽ ചെറിയ വേഷത്തിലാണെങ്കിൽ പിന്നീട് നായികയായും തിളങ്ങി. മാന്നാർ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. 


?ദി ക്രിമിനൽ ലോയർ.
കൊറോണക്കാലത്ത് ആലോചനയിലുണ്ടായിരുന്ന ഒരു ചിത്രത്തിന്റെ പേരാണ് ദി ക്രിമിനൽ ലോയർ. ഞാനും ഭർത്താവായ ബാബുരാജും ചേർന്നഭിനയിക്കുന്ന ചിത്രം. എന്നാൽ സിനിമയുടെ കഥാപശ്ചാത്തലത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു കോവിഡിന്റെ വ്യാപനം. രണ്ടും കൂടിയായപ്പോൾ ആ ചിത്രം നിലച്ചുപോവുകയായിരുന്നു. ഭാവിയിൽ എന്നെങ്കിലും അവസരം ലഭിക്കുകയാണെങ്കിൽ ആ ചിത്രം തുടങ്ങണമെന്നാണ് ആലോചന.


?സിനിമയിൽ സ്ത്രീ കരുത്തയാവണം.
ശക്തമായ സ്ത്രീകഥാപാത്രങ്ങൾ സൃഷ്ടിക്കേണ്ടത് തിരക്കഥാകൃത്തുക്കളുടെ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാൻ. സൂപ്പർ താരങ്ങൾക്കു വേണ്ടി കഥകളെഴുതാതെ നല്ല തിരക്കഥയെഴുതിയതിനു ശേഷം കഥയ്ക്ക് അനുയോജ്യരായവരെ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഈ കഥാപാത്രം അവതരിപ്പിക്കേണ്ടത് ആണാകണോ പെണ്ണാകണോ എന്നു ചിന്തിച്ചു തുടങ്ങിയാൽ ഇവിടെ മാറ്റം സംഭവിക്കും.


?രാഷ്ട്രീയ പ്രവേശം.
സിനിമയിലും രാഷ്ട്രീയത്തിലുമെത്തുമെന്നായിരുന്നു അച്ഛന്റെ പ്രവചനം. അത് സത്യമാവുകയായിരുന്നു. ആദ്യം സിനിമയിലെത്തി. രാഷ്ട്രീയത്തിൽ ക്ഷണം ലഭിച്ചത് തെലുങ്കിലെ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പിയിൽ നിന്നായിരുന്നു. അക്കാലത്തായിരുന്നു അച്ഛന്റെ മരണം. അതോടെ ആ ക്ഷണം സ്വീകരിക്കാനായില്ല. എന്നാൽ ആ തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിന്റെ പാർട്ടി പിറകിലാവുകയും ജഗന്റെ പാർട്ടി അധികാരത്തിലെത്തുകയും ചെയ്തു. ഇപ്പോഴും തെലുങ്ക് രാഷ്ട്രീയത്തിൽനിന്നും വിളികളെത്താറുണ്ട്.


?പുതിയ ചിത്രങ്ങൾ.
ആസാദിക്കു പിന്നാലെ രണ്ടു മൂന്നു ചിത്രങ്ങളിലേയ്ക്ക് ക്ഷണമെത്തിയിട്ടുണ്ട്. എന്നാൽ ആസാദി പുറത്തിറങ്ങിയിട്ടു മാത്രമേ അടുത്ത ചിത്രത്തിൽ അഭിനയിക്കുകയുള്ളൂ എന്ന തീരുമാനത്തിലാണ്. ഓടിനടന്ന് അഭിനയിക്കാനില്ല. പ്രായത്തിനു ചേർന്ന, അഭിനയിക്കാൻ കഴിയുമെന്ന് ഉറപ്പുള്ള, കംഫർട്ടബിളായ കഥാപാത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. എങ്കിലും എനിക്ക് അവതരിപ്പിക്കാൻ കഴിയാതെ പോയ കുറെ കഥാപാത്രങ്ങളുണ്ട്. അത്തരം കഥാപാത്രങ്ങൾക്കായാണ് എന്റെ കാത്തിരിപ്പ്.

Latest News