Sorry, you need to enable JavaScript to visit this website.

ഇസ്രായിലിനെ പിന്തുണക്കുന്ന ബ്രാന്‍ഡുകള്‍ നീക്കം ചെയ്ത് തുര്‍ക്കി പാര്‍ലമെന്റ്; കൊക്ക കോളയും നെസ്‌ലെയും ഔട്ട്

ഇസ്താംബൂളിൽ ഒക്ടോബർ 28 ന് നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി

അങ്കാറ- ഗാസയിലെ ഇസ്രായില്‍ ക്രൂരതക്ക്് പിന്തുണ നല്‍കിയെന്ന് ആരോപിച്ച് തുര്‍ക്കി പാര്‍ലമെന്റിലെ റെസ്‌റ്റോറന്റുകളില്‍നിന്ന് കൊക്ക കോള, നെസ്‌ലെ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തു.
ഇസ്രായിലിനെ പിന്തുണക്കുന്ന കമ്പനികളുടെ ഉല്‍പന്നങ്ങള്‍ പാര്‍ലമെന്റ് കാമ്പസിലെ റെസ്‌റ്റോറന്റുകള്‍, കഫ്റ്റീരിയകള്‍, ടീ ഹൗസുകള്‍ എന്നിവിടങ്ങളില്‍ വില്‍ക്കില്ലെന്ന് തീരുമാനിച്ചതായി പാര്‍ലമെന്റ് പ്രസ്താവനയില്‍ പറഞ്ഞു.
പാര്‍ലമെന്റ് സ്പീക്കര്‍ നുമാന്‍ കുര്‍ത്തുല്‍മസ് ആണ് തീരുമാനമെടുത്തതെന്നും പ്രസ്താവനയില്‍ പറയുന്നു. പത്രക്കുറിപ്പില്‍ കമ്പനികളുടെ പേര് പറഞ്ഞിട്ടില്ല.
എന്നാല്‍ കൊക്കകോള പാനീയങ്ങളും നെസ്‌ലെ ഇന്‍സ്റ്റന്റ് കോഫിയും മാത്രമാണ് മെനുവില്‍ നിന്ന് നീക്കം ചെയ്തതെന്ന് പാര്‍ലമെന്ററി വൃത്തങ്ങള്‍ പറഞ്ഞു.

പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് തുര്‍ക്കി അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങളുടെ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് സ്പീക്കറുടെ ഓഫീസിന് നിസ്സംഗത പുലര്‍ത്താനാവില്ല. പാര്‍ലമെന്റിലെ കഫേകളുടെയും റെസ്‌റ്റോറന്റുകളുടെയും മെനുവില്‍ നിന്ന് ഈ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചു-ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ഇസ്രായില്‍ ഉല്‍പ്പന്നങ്ങളും ഇസ്രായിലിനെ അനുകൂലിക്കുന്ന പാശ്ചാത്യ കമ്പനികളുടേയും ഉല്‍പന്നങ്ങള്‍  ബഹിഷ്‌കരിക്കണമെന്ന് തുര്‍ക്കി ആക്ടിവിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരുന്നു. രണ്ട് കമ്പനികളുടെയും പേര് അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍  എടുത്തു പറഞ്ഞിരുന്നു.
ഗാസയില്‍ ഇസ്രായില്‍ തുടരുന്ന ബോംബാക്രമണത്തെയും പാശ്ചാത്യ രാജ്യങ്ങള്‍ ഇസ്രായിലിനു നല്‍കുന്ന പിന്തുണയെയും തുര്‍ക്കി സര്‍ക്കാര്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.
ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനുശേഷം ഇസ്രായില്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ ഇതുവരെ ഏകദേശം 4,100 കുട്ടികള്‍ ഉള്‍പ്പെടെ പതിനായിരത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ വകുപ്പ് പറയുന്നു.
ഒരു മാസം മുമ്പ് തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,400 പേര്‍ കൊല്ലപ്പെട്ടിരുന്നു. 240 പേരെ ബന്ദികളായി  പിടികൂടുകയും ചെയ്തു.
ഇസ്രായില്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച്
ലക്ഷക്കണക്കിന് തുര്‍ക്കികള്‍ തെരുവിലിറങ്ങി.

 

 

Latest News