Sorry, you need to enable JavaScript to visit this website.

മാധ്യമ പ്രവർത്തകരുടെ ഫോൺ പിടിച്ചെടുക്കാൻ മാർഗനിർദ്ദേശം വേണം-സുപ്രീം കോടതി

ന്യൂദൽഹി- മാധ്യമ പ്രവർത്തകരുടെ മൊബൈൽ ഫോൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിന് മാർഗനിർദേശം വേണമെന്ന് സുപ്രീംകോടതി. അന്വേഷണ ഏജൻസികളുടെ അന്യായമായ ഇടപെടലുകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട്  ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽസ് എന്ന സംഘടന നൽകിയ ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.  വ്യക്തികളുടെ, പ്രത്യേകിച്ച് മാധ്യമപ്രവർത്തകരുടെ ഫോണുകളോ മറ്റ് ഡിജിറ്റൽ ഉപകരണങ്ങളോ തിരയുന്നതിനും പിടിച്ചെടുക്കുന്നതിനും മാർഗനിർദ്ദേശങ്ങൾ വേണമെന്ന് ബഞ്ച് പറഞ്ഞു. മാധ്യമ പ്രവർത്തകർക്ക് അവരുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ വാർത്ത ലഭിക്കുന്ന ഉറവിടങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളോ വിശദാംശങ്ങളോ ഉണ്ടായിരിക്കുമെന്നും ബഞ്ച് ചൂണ്ടിക്കാട്ടി. പ്രൊഫഷണൽ മാധ്യമപ്രവർത്തകരുടെ ഫോണുകളിൽ ഉറവിടങ്ങളെ സംബന്ധിച്ച വിവരങ്ങളും കോൺടാക്റ്റുകളും ഉണ്ടാകും. അതിനാൽ ഇവ പിടിച്ചെടുക്കുന്നതിന് ചില മാർഗനിർദ്ദേശങ്ങൾ ആവശ്യമാണ്. ഇത് ഗൗരവമുള്ള കാര്യമാണെന്നും  ജസ്റ്റിസ് എസ് കെ കൗൾ വാക്കാൽ നിരീക്ഷിച്ചു. എന്നാൽ, ഇത്തരം ഉപകരണങ്ങൾ പരിശോധിക്കുന്നതിൽ നിന്ന് ഏജൻസികളെ പൂർണമായി ഒഴിവാക്കാനാകില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു പറഞ്ഞു. ഇത്തരം ആളുകൾക്കിടിയിൽ ദേശവിരുദ്ധരുണ്ട്. ഏജൻസികളെ  പൂർണ്ണമായും തടയാൻ കഴിയില്ല. മാധ്യമങ്ങൾ നിയമത്തിന് അതീതരല്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു. സങ്കീർണ്ണവും നിയമപരവുമായ നിരവധി പ്രശ്‌നങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്വി രാജു വ്യക്തമാക്കി.  അന്വേഷണത്തിന്റെ ഭാഗമായി ഏജൻസികൾക്ക് ഡാറ്റ പരിശോധിക്കേണ്ടതുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞു. എന്നാൽ,  മാർഗനിർദേശങ്ങളുടെ അഭാവത്തിൽ ഇത്തരം വിഷയങ്ങളിൽ സർക്കാറിന് സമഗ്രമായ അധികാരം നൽകുന്നത് അപകടകരമാണെന്ന് ബഞ്ച് ആവർത്തിച്ചു.  ഹരജിയിൽ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങൾ വളരെ ഗൗരവതരമാണ്.  എപ്പോൾ, എന്ത് പിടിച്ചെടുക്കാം, എന്തൊക്കെ ആക്‌സസ് ചെയ്യാം, വ്യക്തിഗത ഡാറ്റ, ആരോഗ്യ ഡാറ്റ, സാമ്പത്തിക ഡാറ്റ എന്നിവ്ക്ക് എന്ത് തരത്തിലുള്ള പരിരക്ഷയാണ് ഉറപ്പാക്കുന്നത്. ഇത് സംബന്ധിച്ച  മാർഗനിർദ്ദേശങ്ങളൊന്നുമില്ല.  ഏജൻസി അധികാരങ്ങൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ ആവശ്യമാണെന്നും ബഞ്ച് പറഞ്ഞു. ഇത്തരം ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കു്‌മ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ എന്തെല്ലാമാകണമെന്ന് 
നിർദേശിക്കാൻ കേന്ദ്ര സർക്കാരിന് കോടതി ഒരു മാസത്തെ സമയം അനുവദിക്കുകയും ചെയ്തു. വിഷയം പ്രതികൂലമാണെന്ന് കണക്കാക്കാനാകില്ലെന്നും ആവശ്യമായ മാർഗനിർദേശങ്ങൾ രൂപവത്കരിക്കുന്നതിൽ സർക്കാർ പങ്കുവഹിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. അന്വേഷണ ഏജൻസിയുടെ അനിയന്ത്രിതമായ പിടിച്ചെടുക്കൽ ഭരണഘടന നൽകുന്ന ഉറപ്പുകൾ ലംഘിക്കുന്നതാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് അഗർവാൾ പറഞ്ഞു. ബയോമെട്രിക് വിവരങ്ങൾ നൽകാൻ പോലും അന്വേഷണ ഏജൻസികൾ പൗരൻമാരെ നിർബന്ധിക്കുന്നുണ്ട്. സത്യം പുറത്ത് കൊണ്ടുവരുന്നതിനാൽ മാധ്യമങ്ങൾ എല്ലാവർക്കും  പൊതു ശത്രുവാണെന്നും  സിദ്ധാർഥ് അഗർവാൾ വ്യക്തമാക്കി. നിയമം സ്ഥാപിക്കണമെന്ന് മാത്രമാണ് തങ്ങൾ പറയുന്നതെന്ന് അഡീഷണൽ സോളിസിറ്റർ ജനറലിനുള്ള മറുപടിയായി  സിദ്ധാർഥ് അഗർവാൾ പറഞ്ഞു. ഇതേ ആവശ്യത്തിൽ അഞ്ച് അക്കാദമിക് വിദഗ്ധരും ഗവേഷകരും അടങ്ങുന്ന  സംഘം സമർപ്പിച്ച സമാനമായ മറ്റൊരു ഹരജിയും സുപ്രീം കോടതിയുടെ മുമ്പിലുണ്ട്.
 

Latest News