പറ്റ്ന- ജാതി സര്‍വേയില്‍ കള്ളക്കളി കളിക്കുന്ന കേന്ദ്രത്തിന് ബീഹാറിന്റെ പ്രഹരം. ജാതി സര്‍വേയുടെ വിശദ റിപ്പോര്‍ട്ട് നിയസഭയുടെ മേശപ്പുറത്ത് വെച്ചു. സംസ്ഥാനത്തെ മൂന്നിലൊന്ന് കുടുംബങ്ങളുടേയും പ്രതിമാസ വരുമാനം കേവലം ആറായിരം രൂപയോ അതില്‍ കുറവോ എന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. പാര്‍ലമെന്ററികാര്യ മന്ത്രി വിജയ് കുമാര്‍ ചൗധരിയാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം വിമുഖത കാട്ടിയതിനെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ ബിഹാറില്‍ സര്‍വേ നടത്താന്‍ ഉത്തരവിറക്കിയത്.
പിന്നാക്ക വിഭാഗങ്ങള്‍, ദലിതര്‍, ആദിവാസികള്‍ എന്നിവരിലാണ് ദാരിദ്ര്യത്തിന്റെ ശതമാനം ഏറ്റവും ഉയര്‍ന്ന തലത്തിലുള്ളത്. ഉയര്‍ന്ന ജാതിക്കാര്‍ക്കിടയിലും നേരിയ ദാരിദ്ര്യം റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഏകദേശം 2.97 കോടി കുടുംബങ്ങളുള്ളതില്‍ 34.13 ശതമാനം അഥവാ 94 ലക്ഷത്തിലധികം ദാരിദ്ര്യാവസ്ഥയിലാണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 60 ശതമാനത്തിലധികം വരുന്ന ഒ ബി സികളും അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങളും (ഇ ബി സി) ആണെന്നും ഉയര്‍ന്ന ജാതിയില്‍ ഉയര്‍ന്നവര്‍ ഏകദേശം 10 ശതമാനം ആണെന്നും പ്രാഥമിക കണ്ടെത്തലുകള്‍ വിശദമാക്കുന്നു.
ജാതി സര്‍വേ മുസ്ലിംകളിലെ ജാതിരഹിത സമൂഹത്തെക്കുറിച്ചുള്ള മിഥ്യാ ധാരണയെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് പസ്മണ്ട നേതാക്കള്‍ വിശദമാക്കുന്നു. മുസ്ലിം ജനസമൂഹത്തിലെ ഏറ്റവും അരികുവത്ക്കരിക്കപ്പെട്ട വിഭാഗമാണ് പസ്മണ്ടകള്‍ എന്നറിയപ്പെടുന്നത്.
സര്‍വേയുടെ മറ്റൊരു പ്രധാന കണ്ടെത്തല്‍ ബീഹാറില്‍ നിന്നുള്ള 50 ലക്ഷത്തിലധികം ആളുകള്‍ ഉപജീവനമാര്‍ഗ്ഗമോ മികച്ച വിദ്യാഭ്യാസ അവസരങ്ങളോ തേടി സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നു എന്നതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ഉപജീവനം നടത്തുന്നവരുടെ എണ്ണം 46 ലക്ഷത്തോളം വരും. 2.17 ലക്ഷം പേര്‍ വിദേശങ്ങളിലാണ് ജീവിക്കുന്നത്.
ബീഹാറിലെ 5.52 ലക്ഷം പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ 27,000 പേരാണ് പഠനം നടത്തുന്നത്. ജാതി സര്‍വേയുടെ പ്രാഥമിക വിവരങ്ങള്‍ ഗാന്ധി ജയന്തി ദിനത്തല്‍ ഒക്ടോബര്‍ രണ്ടിനാണ് പുറത്തുവന്നത്.
1990-കളിലെ മണ്ഡല്‍ തരംഗം പുതിയ അധികാര ഘടന ഉയര്‍ത്തുന്നത് വരെ സംസ്ഥാന രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ബീഹാറിലെ ഏറ്റവും വലിയ ഭൂവുടമകളുടെ ജാതിയായി കണക്കാക്കപ്പെടുന്ന ഭൂമിഹാറുകളുടെ ദാരിദ്ര്യ അനുപാതത്തിലും വലിയ വ്യത്യാസമാണ് പ്രകടമാകുന്നത്.