മനില- അധികാരം ദുര്‍വിനിയോഗം ചെയ്ത് അഴിമതി നടത്തുന്ന നൂറോളം പോലീസുകാരെ കൊല്ലുമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടര്‍ട്ടേയുടെ മുന്നറിയിപ്പ്. മലാക്കനാങ് പാലസില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലാണ് പ്രസിഡന്റിന്റെ മുന്നറിയിപ്പെന്ന് ഫിലിപ്പൈന്‍സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി നടത്തിയ പ്രസംഗം ബുധനാഴ്ച ഫിലിപ്പൈന്‍സ് ചാനലുകള്‍ ആവര്‍ത്തിച്ച് സംപ്രേഷണം ചെയ്തു.
നിങ്ങള്‍ എനിക്ക് കൊള്ളരുതാത്തവരാണ്. പ്രയോജന ശൂന്യരായ നിങ്ങള്‍ സമൂഹത്തിന് ശല്യമാണ്-ഡ്യൂട്ടര്‍ട്ടേ പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരെ പ്രസിഡന്‍ഷ്യല്‍ പാലസിലേക്ക് വിളിച്ചുവരുത്തിയാണ് ഡ്യൂട്ടര്‍ട്ടേ അവര്‍ക്ക് നേരിട്ട് മുന്നറിയിപ്പ് നല്‍കിയത്. ജയിലില്‍ കഴിയുന്ന മൂന്ന് പോലീസുകാരേയും പ്രസംഗം കേള്‍ക്കാനായി മാത്രം യോഗത്തിനെത്തിച്ചിരുന്നുവെന്ന് എഫെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കവര്‍ച്ച, ഭീഷണിപ്പെടുത്തി പണം വാങ്ങല്‍, നിയമവിരുദ്ധമായി തടങ്കലില്‍ വക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, അധികാര ദുര്‍വിനിയോഗം, അനുമതിയില്ലാതെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുക തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ഉദ്യോഗസ്ഥര്‍ അഭിമുഖീകരിക്കുന്നത്. ഇതേ രീതി നിങ്ങള്‍ തുടരുകയാണെങ്കില്‍ ഉറപ്പായും ഞാന്‍ നിങ്ങളെ കൊല്ലും- ഡ്യൂട്ടര്‍ട്ടേ പറഞ്ഞു.
എൻമകജെ പഞ്ചായത്തിലും ബി.ജെ.പിക്ക് ഭരണം നഷ്ടമായി
മീശ എഴുതിയ ഹരീഷ് എ.ബി.വി.പിയായിരുന്നുവെന്ന് സഹപാഠി
മയക്കുമരുന്ന് കടത്തുമായും ആസൂത്രിത കുറ്റകൃത്യങ്ങളുമായും ബന്ധമുള്ള ഏജന്റുമാരെ അവരുടെ ജീവിതകാല മുഴുവന്‍ പിന്തടുരുമെന്നും നിരീക്ഷിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അഴിമതിക്കാരും അധികാര ദുര്‍വിനിയോഗക്കാരുമായ പോലീസ് ഉദ്യോഗസ്ഥരെ ഇതു രണ്ടാം തവണയാണ് ഡ്യൂട്ടര്‍ട്ടേ പരസ്യമായി താക്കീത് ചെയ്യുന്നത്. ഇതിനു മുമ്പും അദ്ദേഹം അവരെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. രാജ്യത്തെ പോലീസില്‍ ശുദ്ധികലശം ആരംഭിച്ച അദ്ദേഹം മയക്കുമരുന്നിനെതിരായ നടപടികളില്‍നിന്ന് സംശയമുളള പോലിസ് ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. അധികാര ദുര്‍വിനിയോഗം നടത്തുകയും മയക്കുമരുന്ന് കടത്തുകാര്‍ക്ക് റെയ്ഡ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്ത പോലീസുകാരെയാണ് അകറ്റി നിര്‍ത്തിയത്. മയക്കുമരുന്ന് വിരുദ്ധ നടപടിയില്‍ 4500 ലേറെ പേരെ കൊലപ്പെടുത്തിയെന്നാണ് ഫിലിപ്പൈന്‍സ് അധികൃതര്‍ നല്‍കുന്ന ഔദ്യോഗിക കണക്ക്. എന്നാല്‍ 12,000 മുതല്‍ 15,000 വരെ ആളുകളെ കൊലപ്പെടുത്തിയെന്ന് മനുഷ്യാവകാശ സംഘടനകള്‍ അവകാശപ്പെടുന്നു.