കാസർകോട്- ജില്ലയിലെ എൻമകജെ പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് നഷ്ടപ്പെട്ടു. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം എൽ.ഡി.എഫ് പിന്തുണയോടെ പാസാകുകയായിരുന്നു. പ്രസിഡന്റ് രൂപവാണി ആർ ഭട്ടിനെതിരെ യു.ഡി.എഫിനെ വൈ. ശാരദയാണ് പ്രമേയം അവതരിപ്പിച്ചത്. പതിനേഴ് അംഗ ഭരണസമിതിയിൽ ബി.ജെ.പിക്കും യു.ഡി.എഫിനും ഏഴു വീതം അംഗങ്ങളാണുള്ളത്. മൂന്ന് പേർ എൽ.ഡി.എഫിനും. യു.ഡി.എഫിൽ കോൺഗ്രസിന് നാലും ലീഗിന് മൂന്നും അംഗങ്ങൾ. 2016-ലും യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നെങ്കിലും ക്വാറം തികയാത്തതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. നേരത്തെ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിക്ക് പ്രസിഡന്റ് വൈസ് പ്രസിഡന്റ് പദവി ലഭിച്ചത്. വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസം വ്യാഴാഴ്ച്ച പരിഗണിക്കും.
നേരത്തെ കാറടുക്ക പഞ്ചായത്തിലും ബി.ജെ.പിക്ക് ഭരണം നഷ്ടമായിരുന്നു.