കഴിഞ്ഞ ഓണത്തിന് കേരളക്കരയെ ഒട്ടാകെ കൈയിലെടുത്ത ഗാനമായിരുന്നു ജിമിക്കി കമ്മൽ. മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഗാനം ആലപിച്ചത് രഞ്ജിത് ഉണ്ണിയാണ്. ഇപ്പോൾ മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗിലും രഞ്ജിത് ഒരു ഗാനം ആലപിക്കുന്നുണ്ട്. ഏലം പാടി ഏലേലോ എന്നു തുടങ്ങുന്ന നാടൻപാട്ടാണ് രഞ്ജിത് ആലപിക്കുന്നത്. ഭയാനകം ഫെയിം അഭിജിത്ത് കൊല്ലത്തിനൊപ്പമാണ് രഞ്ജിത് ഗാനം ആലപിക്കുന്നത്. ഷിൻസൺ പൂവത്തിങ്ങലിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ശ്രീനാഥ് ആണ്.
കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കൽപിക ഗ്രാമത്തിലെ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്. ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ഷംന കാസിമിന്. നീന എന്നാണ് കഥാപാത്രത്തിന്റെ പേര്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രദീപാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്രീനാഥാണ് സംഗീത സംവിധാനം. പശ്ചാത്തല സംഗീതം ബിജിപാൽ. മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറിൽ പി. മുരളീധരനും ശാന്താ മുരളീധരനുമാണ് ചിത്രം നിർമ്മിക്കുന്നത്. സണ്ണി വെയ്‌നും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബ്ലോഗറുടെ വേഷത്തിലാണ് സണ്ണി വെയ്ൻ. കൂടാതെ, റായ് ലക്ഷ്മിയും ചിത്രത്തിൽ അഭിനയിക്കുന്നു. മോഡേൺ പെൺകുട്ടിയായാണ് റായ് ലക്ഷ്മി എത്തുന്നത്.