ജൊഹനാസ്ബർഗ്- ഗാസയിൽ ഇസ്രായിൽ നടത്തുന്ന നരമേധത്തിൽ പ്രതിഷേധിച്ച് അംബാസിഡറെ തിരിച്ചുവിളിക്കാൻ ദക്ഷിണാഫ്രിക്ക തീരുമാനിച്ചു. കൂടിയാലോചനകൾക്കായി ഇസ്രായിലിൽനിന്നുള്ള മുഴുവൻ നയതന്ത്രജ്ഞരെയും തിരിച്ചുവിളിക്കുന്നതായി ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു.
ടെൽ അവീവിലെ എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരോടും കൂടിയാലോചനകൾക്കായി പ്രിട്ടോറിയയിലേക്ക് തിരികെവരാൻ ആവശ്യപ്പെടുമെന്ന് പ്രസിഡന്റിന്റെ ഓഫീസിലെ മന്ത്രി ഖുംബുഡ്‌സോ നത്ഷാവ്‌ഹേനി ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
ഫലസ്തീൻ പ്രദേശങ്ങളിൽ തുടർച്ചയായി കുട്ടികളെയും നിരപരാധികളായ സാധാരണക്കാരെയും കൊലപ്പെടുത്തുന്നതിൽ ഞങ്ങൾ അതീവ ഉത്കണ്ഠാകുലരാണ്. ഇസ്രായിലിന്റെ പ്രതികരണത്തിന്റെ സ്വഭാവം കൂട്ടായ ശിക്ഷയായി മാറിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു-വിദേശകാര്യ മന്ത്രി നലേഡി പണ്ടോർ ഒരു പറഞ്ഞു. നേരത്തെ തുർക്കി, ജോർദാൻ, ബൊളീവിയ, ഹോണ്ടുറാസ്, കൊളംബിയ, ചിലി, ബഹ്‌റൈൻ, ഛാഡ് തുടങ്ങിയ രാജ്യങ്ങളും അംബാസിഡറെ തിരിച്ചുവിളിച്ചിരുന്നു. ഗാസയിലെ അതിക്രമങ്ങളെ തുടർന്ന് ബൊളീവിയ ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചു.