മുളപ്പിച്ച ധാന്യങ്ങളിൽ നിന്ന് പ്രോട്ടീൻ അധിഷ്ഠിത ഭക്ഷ്യപദാർത്ഥങ്ങൾ മോസ ഓർഗാനിക് വിപണിയിലിറക്കുന്നു. ഗവേഷക സംഘത്തിന്റെ വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷം ന്യൂദൽഹിയിൽ നടക്കുന്ന വേൾഡ് ഫുഡ് ഇന്ത്യ 2023 ലാണ് ഈ ഉത്പന്നങ്ങൾ പുറത്തിറക്കിയത്. മുളപ്പിച്ച ധാന്യങ്ങളിൽ നിന്ന് പ്രോട്ടീൻ അധിഷ്ഠിത ഭക്ഷ്യപദാർത്ഥം രൂപപ്പെടുത്തിയ ഗവേഷണമാണ് മോസ ഓർഗാനിക്കിലെ ഗവേഷകയായ റിന്റ സൂസൻ മാത്യുവിനെ മാഞ്ചസ്റ്റർ സർവകലാശാലയിലെ ഒന്നരക്കോടി രൂപയുടെ സ്‌കോളർഷിപ്പിന് അർഹയാക്കിയത്. ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനവും വിപണനവും നടത്തുന്നത് മോസയാണ്. സ്‌പ്രോട്ടോൺ എന്ന ഭക്ഷണക്കൂട്ടിൽ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഘടകങ്ങൾ ഉണ്ടെന്നും അലോപ്പതി മരുന്നിന് തുല്യമാണിതെന്നുമുള്ളതായിരുന്നു ഗവേഷണ ഫലം.
ഗോതമ്പ്, റാഗി, മുതിര, ചെറുപയർ, ഉലുവ, ഫ്‌ളാക് സീഡ് എന്നിവ മുളപ്പിച്ച് അതിൽ നിന്നാണ് പ്രോട്ടീൻ അധിഷ്ഠിത പൊടിയുണ്ടാക്കുന്നത്. നേരിട്ടോ, അല്ലെങ്കിൽ പുട്ട്, ദോശ, ഇഡലി മുതലായവ പാകം ചെയ്യുമ്പോഴോ ഇത് ചേർക്കാം. ഇതിനു പുറമെ ധാന്യങ്ങളിൽ നിന്ന് പ്രോട്ടീൻ വേർതിരിച്ചെടുത്ത പ്രോട്ടീനോ നാച്ചുറോ എന്ന ഉൽപന്നവും ഇറക്കുന്നുണ്ട്.
ഏത്തയ്ക്ക, ചെറുപയർ എന്നിവയിൽ നിന്നുള്ള ബനാഗ്രാം, ഏത്തയ്ക്കയിൽ നിന്നുള്ള ബനാഗ്രിറ്റ് എന്നിവയും വർഷങ്ങളുടെ ഗവേഷണഫലമായി വികസിപ്പിച്ചെടുത്തതാണ്.
രാജ്യത്താദ്യമായി വൈറ്റമിൻ ഡി3 ഉൾപ്പെടുത്തിയ ഡാർക്ക് ചോക്ലേറ്റ് മോസ ഓർഗാനിക് വിപണിയിലിറക്കുകയാണ്. മൈൻഫുൾ ചോക്ലേറ്റ് എന്ന പേരിലാണിത്.
വേൾഡ് ഫുഡ് ഇന്ത്യയിലെ മോസ ഓർഗാനിക് സ്റ്റാൾ മുൻ നെതർലാൻറ്‌സ് സ്ഥാനപതി വേണു രാജാമണി ഉദ്ഘാടനം ചെയ്തു.
ജവാഹർലാൽ നെഹ്‌റു സർവകലാശാല മുൻ പ്രൊഫസർ ഡോ. പുഷ്‌പേഷ് പന്ത്, എൽ ടി ഫുഡ്‌സ് ചെയർമാനും എംഡിയുമായ ഡോ. വി കെ അറോറ, മോസ ഓർഗാനിക് സ്ഥാപകനും സിഇഒയുമായ ഡോ. കമറുദ്ദീൻ മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു.