ദീപാവലി വേളയിൽ വെളിച്ചെണ്ണ പരമാവധി വിറ്റുമാറാനുള്ള ശ്രമത്തിലാണ് അയൽ സംസ്ഥനങ്ങളിലെ വൻകിട മില്ലുകാർ. കാങ്കയത്ത് പ്രവർത്തിക്കുന്ന മില്ലുകാർ വെളിച്ചെണ്ണ റിലീസിങ് ശക്തമാക്കിയെങ്കിലും പുതിയ കൊപ്ര ഉയർന്ന വിലയ്ക്ക് ശേഖരിക്കാൻ ഉത്സാഹം കാണിച്ചില്ല. പുതിയ സാഹചര്യത്തിൽ വാരാന്ത്യത്തിലെ ദീപാവലി ആഘോഷങ്ങൾക്ക് ശേഷം വെളിച്ചെണ്ണ വിപണിയിൽ തിരുത്തൽ സാധ്യതകൾ തല ഉയർത്താം. കൊച്ചിയിൽ വെളിച്ചെണ്ണ 13,500 രൂപയിലും കൊപ്ര 9200 രൂപയിലും സ്‌റ്റെഡിയാണ്.
അന്തർസംസ്ഥാന വ്യാപാരികൾ ദീപാവലി വേളയിലെ ആവശ്യങ്ങൾക്കുള്ള കുരുമുളക് സംഭരണം പൂർത്തിയാക്കി. ഉത്തരേന്ത്യൻ വാങ്ങലുകാർ സംഭരണം പൂർത്തിയാക്കി വാരമധ്യം രംഗം വിട്ടതോടെ ഉൽപന്ന വില ക്വിന്റലിന് 1800 രൂപ ഇടിഞ്ഞു. ഇതിനിടയിൽ തുലാവർഷം സജീവമായത് കുരുമുളക് തോട്ടങ്ങൾക്ക് അനുകൂലമാവും. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 62,900 രൂപയിൽ നിന്നും 61,100 രൂപയായി. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 7300 ഡോളർ.
ആഭ്യന്തര വിദേശ ഡിമാന്റിനിടയിൽ ലേല കേന്ദ്രങ്ങളിൽ ഏലക്ക ഉയർന്ന അളവിൽ വിൽപനയ്ക്ക് എത്തി. ലേലത്തിന് എത്തുന്ന എലക്കയിൽ വലിയ പങ്കും വിറ്റഴിയുമ്പോഴും ഉൽപാദകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് വില ഉയർന്നില്ല. ദീപാവലി ഡിമാന്റ് മുൻനിർത്തിയുള്ള ചരക്ക് സംഭരണം പുരോഗമിക്കുന്നു. വാരാന്ത്യം ശരാശരി ഇനങ്ങൾ 1499 രൂപയിലും വലിപ്പം കൂടിയ ഇനങ്ങൾ കിലോ 2023 രൂപയിലും കൈമാറി. അന്താരാഷ്ട്ര കൊക്കോ വിപണിയിലെ വിലക്കയറ്റം ഇന്ത്യൻ മാർക്കറ്റിനും നേട്ടമാവും. ആഫ്രിക്കയിൽ വരുന്ന സീസണിൽ കൊക്കോ ഉൽപാദനം ചുരുങ്ങുമെന്നാണ് പുതിയ വിലയിരുത്തൽ. മഴ മൂലം കൊക്കോയിൽ കറുത്ത പോട് രോഗം വ്യാപകമാണ്. ന്യൂയോർക്ക് എക്‌സ്‌ചേഞ്ചിൽ കൊക്കോ അര നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന വിലയെ ഉറ്റു നോക്കുന്നു. സംസ്ഥാനത്ത് പച്ച കൊക്കോ വില കിലോ 50 രൂപയിലും ഉണക്ക 210 രൂപയിലുമാണ്.
അനുകൂല കാലാവസ്ഥയിൽ റബർ വെട്ട് പരമാവധി ഉയർത്താനുള്ള ശ്രമത്തിലാണ് ഉൽപാദകർ.
കാർഷിക മേഖലകളിൽ നിന്നും കൊച്ചി, കോട്ടയം വിപണികളിൽ ചരക്ക് വരവ് കുറവാണ്. കർഷകർ ഷീറ്റ് നീക്കം നിയന്ത്രിച്ചതിനാൽ ടയർ കമ്പനികൾ നാലാം ഗ്രേഡ് റബർ 15,200 രൂപയ്ക്കും അഞ്ചാം ഗ്രേഡ് റബർ 15,000 രൂപയ്ക്കും സംഭരിച്ചു. കേരളത്തിൽ സ്വർണ വില പവന് 45,920 രൂപയിൽ നിന്നും 45,200 രൂപയായി.