Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മ്യൂച്വൽ ഫണ്ട് തെരഞ്ഞെടുക്കേണ്ടത് മുൻ പ്രകടനങ്ങൾ നോക്കിയല്ല

പുതിയ കാലഘട്ടത്തിൽ സമ്പത്ത് വർധിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം. വ്യക്തിപരമായ ആവശ്യങ്ങളും റിസ്‌കെടുക്കാനുള്ള കഴിവും നോക്കി ശരിയായ ഫണ്ടുകൾ തെരഞ്ഞെടുത്താൽ മ്യൂച്വൽ ഫണ്ട് നിങ്ങളെ നിരാശപ്പെടുത്തില്ല. പോയ വർഷം മികച്ച പ്രകടനം നടത്തിയ ഫണ്ടുകളിൽ നിക്ഷേപിക്കുക എന്നതാണ് തെരഞ്ഞെടുപ്പിനുള്ള ഒരു മാനദണ്ഡം. ഇത് നല്ല ആശയമെന്നു തോന്നാമെങ്കിലും എല്ലായ്‌പോഴും ബുദ്ധിപരമല്ല. വ്യത്യസ്ത വിഭാഗത്തിൽ പെട്ട ഫണ്ടുകൾ പല ഘട്ടത്തിലും പല രീതിയിലുള്ള പ്രകടനമാണ് നടത്തുക. ഉദാഹരണത്തിന് സമീപ വർഷങ്ങളിൽ സ്‌മോൾ കാപ് ഫണ്ടുകൾ ലാർജ് കാപ് ഫണ്ടുകളേക്കാൾ നല്ല പ്രകടനം നടത്തിയിട്ടുണ്ട്.  എന്നാൽ ഇതിനർത്ഥം ചെറുകിട ഫണ്ടുകൾ എന്നും ഈ പ്രകടന നിലവാരം നിലനിർത്തുമെന്നല്ല.  പോയ വർഷം  മികച്ച പ്രകടനം നടത്തിയ ഫണ്ടുകൾ തെരഞ്ഞെടുക്കുന്നതിലൂടെ നിരാശാജനകമായ ഫലങ്ങളും ലഭിച്ചേക്കാം. അതിനാൽ ഇതൊരു ആശ്രയിക്കാവുന്ന തന്ത്രമായി വിലയിരുത്താൻ കഴിയില്ല.
പോയ കാലത്തെ പ്രകടനം പിന്തുടരുന്നതിനു പകരം വ്യത്യസ്ത വിപണി ചക്രങ്ങളിൽ ദീർഘകാലത്തെ പ്രകടന സ്ഥിരതയുള്ള ഫണ്ടുകളാണ് തെരഞ്ഞെടുക്കേണ്ടത്. വെല്ലുവിളികൾ നിറഞ്ഞ വിപണി സാഹചര്യങ്ങളിൽ പോലും നിശ്ചിത അളവുകോലുകൾക്കും ശരാശരി ലാഭത്തിനും അപ്പുറം പല വർഷങ്ങളിൽ  നല്ല പ്രകടനം നടത്തിയ ഫണ്ടുകൾ കണ്ടെത്തണം.  മ്യൂച്വൽ ഫണ്ടുകൾ തെരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട  ഘടകങ്ങൾ:  
റിസ്‌ക് പ്രൊഫൈൽ: റിസ്‌കെടുക്കാനുള്ള കഴിവിന്റെ  കാര്യത്തിൽ ഫണ്ടുകൾ വ്യത്യസ്തമാണ്. കൂടുതൽ റിസ്‌കെടുക്കാൻ കെൽപുള്ളവയാണ് ഊർജസ്വലമായ ചില ഫണ്ടുകൾ. വ്യക്തിപരമായി റിസകെടുക്കാനുള്ള കെൽപിനനുസരിച്ചു വേണം ഫണ്ടുകൾ തെരഞ്ഞെടുക്കാൻ.
നിക്ഷേപ രീതി:  നിക്ഷേപ രീതികളുടെ കാര്യത്തിലും മ്യൂച്വൽ ഫണ്ടുകൾ വ്യത്യസ്തമാണ്. ചില ഫണ്ടുകൾ വളർച്ചാ സാധ്യതയുള്ള ഫണ്ടുകളിൽ കേന്ദ്രീകരിക്കുമ്പോൾ ചിലവ ഗുണനിലവാരമുള്ള ഓഹരികളിലും ലാഭ വിഹിതത്തിലും കേന്ദ്രീകരിക്കുന്നു. വ്യക്തിപരമായ ലക്ഷ്യങ്ങൾക്കും റിസ്‌ക് ക്ഷമതയ്ക്കുമനുസരിച്ച് ഫണ്ടുകൾ തെരഞ്ഞെടുക്കുക പ്രധാനമാണ്.
റിസ്‌ക് സംബന്ധിച്ച അളവുകോലുകൾ: ഫണ്ടുകളുടെ റിസ്‌കിനുള്ള കഴിവ്, അസ്ഥിരത, ശരാശരി വ്യതിയാനം എന്നീ ഘടകങ്ങളും കണക്കിലെടുക്കണം. ഫണ്ട് എത്രമാത്രം പിടിച്ചു നിൽക്കും, അവയുടെ ലാഭത്തിൽ എത വ്യതിയാനമുണ്ടാകും എന്നീ കാര്യങ്ങൾ മനസ്സിലാക്കാൻ ഇതു സഹായിക്കും.
ഫണ്ട് കൈകകാര്യം: ഫണ്ട് കൈകാര്യം ചെയ്യുന്നവരുടെ നിക്ഷേപ തത്വശാസ്ത്രം മനസ്സിലാക്കേണ്ടത് അങ്ങേയറ്റം പ്രധാനമാണ്. ആസ്തി വർഗങ്ങളെക്കുറിച്ചും നിക്ഷേപ രീതികളെക്കുറിച്ചും ഫണ്ട് കൈകാര്യം ചെയ്യുന്നയാൾക്ക് നല്ല അറിവുണ്ടെന്ന് ഉറപ്പു വരുത്തണം.
ചെലവിന്റെ അനുപാതം: താഴ്ന്ന ചെലവനുപാതമുള്ള ഫണ്ടുകൾ തെരഞ്ഞെടുക്കുക. കൂടിയ തോതിലുള്ള ചെലവനുപാതം നിക്ഷേപ ലാഭത്തെ ബാധിക്കും.
സ്ഥിരത: ദീർഘ കാലയളവിൽ വ്യത്യസ്ത വിപണി ചക്രങ്ങളിൽ നല്ല പ്രകടനം നടത്തിയ ഫണ്ടുകൾ അന്വേഷിക്കുക. പഴയ കാല പ്രകടനങ്ങൾ ഭാവി ഫലങ്ങളുടെ സൂചകമല്ലെന്നു കൂടി മനസ്സിലാക്കണം. മ്യൂച്വൽ ഫണ്ട്  വെബ്‌സൈറ്റുകളിലും ബ്രോഷറുകളിലും കാണുന്നത് കണ്ണടച്ചു വിശ്വസിക്കരുത്. ഭൂതകാലത്ത് നല്ല പ്രകടനം നടത്തിയതുകൊണ്ടു മാത്രം ഭാവിയിൽ മികവ് പ്രതീക്ഷിച്ചു കൂടാ. വിപണി ചക്രങ്ങൾ ഒരു യാഥാർത്ഥ്യമാണ്. വ്യത്യസ്ത ആസ്തി വർഗങ്ങളും നിക്ഷേപ ശൈലികളും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്തമായ പ്രകടനമാണ് നടത്തുക.  ഫണ്ട് കൈകകാര്യം ചെയ്യുന്നവരുടെ നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാൽ ചില ഘട്ടങ്ങളിൽ ഫണ്ടുകൾ മോശം പ്രകടനം നടത്തിയേക്കാം.  രാഷ്ട്രീയ പ്രശ്‌നങ്ങൾ, പലിശ നിരക്കുകൾ, സർക്കാർ നയങ്ങൾ എന്നിവയുടെ വ്യത്യാസമനുസരിച്ച് പ്രകടനത്തിൽ വ്യത്യാസം വരാം.
ഇവയ്ക്കു പുറമെ ഇനി പറയുന്ന കാര്യങ്ങളും മ്യൂച്വൽ ഫണ്ടുകൾ തെരഞ്ഞെടുക്കുന്നതിനു മുമ്പ് നിക്ഷേപകർ മനസ്സിൽ സൂക്ഷിക്കണം.
പോർട്‌ഫോളിയോ വൈവിധ്യവൽക്കരിക്കുക: എല്ലാ മുട്ടകളും ഒരേ കുട്ടയിൽ നിക്ഷേപിക്കാതിരിക്കുക എന്ന തത്വം പ്രസക്തമാണ്. പകരം വ്യത്യസ്ത ആസ്തി വർഗങ്ങളും നിക്ഷേപ രീതികളും  പിന്തുടരുന്ന ഫണ്ടുകളിൽ നിക്ഷേപിക്കുക. മൊത്തത്തിലുള്ള പരിക്കുകൾ കുറയ്ക്കാൻ ഇതു സഹായിക്കും.
സ്ഥിരമായി പോർട്‌ഫോളിയോ പുനഃസന്തുലനം ഉറപ്പാക്കുക: ധനസ്ഥിതിയും നിക്ഷേപ ലക്ഷ്യങ്ങളും മാറുന്നതിനനുസരിച്ച് ലക്ഷ്യങ്ങളുമായി ഒത്തു പോകുന്നതിന് പോർട് ഫോളിയോ പുനഃസന്തുലനം വേണ്ടി രും.
പരിഭ്രാന്തിയോടെ വിൽപന അരുത്: വിപണി താഴോട്ടു പോകുമ്പോൾ കൂടുതൽ നഷ്ടം ഒഴിവാക്കാനായി വിൽപനയുടെ പ്രലോഭനം ഉണ്ടാകും. വിൽപനയ്ക്ക് ഏറ്റവും മോശമായ സമയമായിരിക്കും ഇത്. പകരം, ശാന്തമായിരുന്ന് ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.
ചുരുക്കിപ്പറഞ്ഞാൽ, സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിന് ശരിയായ മ്യൂച്വൽ ഫണ്ട് തെരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. എന്തായാലും പഴയ പ്രകടനത്തിനു പിന്നാലെ പോകുന്നത്  ഒഴിവാക്കണം, കാരണം ഭാവിയിലെ  പ്രകടനത്തിന് ആശ്രയിക്കാവുന്ന സൂചകമല്ല അത്.  പോയ വർഷത്തെ ജേതാക്കളായ ഫണ്ടിൽ നിക്ഷേപിക്കാനുള്ള പ്രേരണയേയും മറികടക്കണം. മ്യൂച്വൽ ഫണ്ട് തെരഞ്ഞെടുക്കുമ്പോൾ റിസ്‌കെടുക്കാനുള്ള നിങ്ങളുടെ കഴിവും നിക്ഷേപ ലക്ഷ്യങ്ങളും കൂടി നിശ്ചയമായും പരിഗണിക്കണം.
ഏതു മ്യൂച്വൽ ഫണ്ടാണ് അനുയോജ്യം എന്നു മനസ്സിലാക്കാൻ പ്രയാസമുണ്ടെങ്കിൽ ഒരു ധനകാര്യ ഉപദേഷ്ടാവിനെ സമീപിക്കുന്നത് പരിഗണിക്കുക. ആവശ്യങ്ങളും റിസ്‌കെടുക്കാനുള്ള കെൽപും അപഗ്രഥിക്കാനും വ്യക്തിപരമായി നമ്മുടെ സാഹചര്യത്തിന് ഏറ്റവും അനുയോജ്യമായ ഫണ്ട്  തെരഞ്ഞെടുത്തു തരാനും അയാൾക്കു കഴിയും.

(എൽഐസി മ്യൂച്വൽ ഫണ്ട് ഫിക്‌സ്ഡ് ഇൻകം, ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറാണ് ലേഖകൻ)

Latest News