പാരീസ്- ഫ്രഞ്ച് വിമാനത്താവളത്തില്‍ മുസ്ലീം യാത്രക്കാര്‍ ജമാഅത്ത് നമസ്‌കാരം നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ വിവാദമായി. എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ ഖേദകരമാണെന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ജോര്‍ദാനിലേക്കുള്ള വിമാനത്തിന് മുമ്പായി പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ഹാളിലാണ് നിരവധി യാത്രക്കാര്‍ ഒരുമിച്ച് നമസ്‌കാരം നിര്‍വഹിച്ചത്. ഫലസ്തീനില്‍ ഇസ്രായില്‍ തുടരുന്ന യുദ്ധത്തെച്ചൊല്ലി ഫ്രാന്‍സില്‍ സംഘര്‍ഷം ഉടലെടുക്കുന്നതിനിടെയാണ് ചിത്രങ്ങള്‍ വിവാദമായത്.
വലിയ തോതില്‍ മുസ്ലീം, ജൂത സമുദായങ്ങള്‍ താമസിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. വിമാനത്താവള അധികൃതര്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാകണമെന്നും കര്‍ശന നപടികളുണ്ടാകുമെന്നും ഗതാഗത മന്ത്രി ക്ലെമന്റ് ബ്യൂണ്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
ഫ്രാന്‍സിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ട് ബിയില്‍ ഏതാണ്ട് പത്ത് മിനിറ്റ് നീണ്ടുനിന്ന പ്രാര്‍ത്ഥനയില്‍ 30 പേരാണ് പങ്കെടുത്തതെന്ന് എയര്‍പോര്‍ട്ട് ഉദ്ധരിച്ചുള്ള എ.എഫ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു.
എല്ലാ മതസ്ഥര്‍ക്കും സ്വകാര്യമായി പ്രാര്‍ത്ഥിക്കുന്നതിനായി വിമാനത്താവളത്തില്‍ പ്രത്യേക സ്ഥലങ്ങള്‍ നീക്കിവച്ചിട്ടുണ്ട്.
ഫ്രാന്‍സ് കര്‍ശന മതേതര രാജ്യമാണെന്നും സ്‌കൂളുകള്‍ പോലുള്ള പൊതു ഇടങ്ങളിലും വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു കെട്ടിടങ്ങളിലും മതവിശ്വാസം പ്രദര്‍ശിപ്പിക്കുന്നതിന് പരിധിയുണ്ടെന്നും ഈ സംഭവം ഖേദകരമാണെന്നും എയര്‍പോര്‍ട്‌സ് ഡി പാരിസിന്റെ (എഡിപി) ചീഫ് എക്‌സിക്യൂട്ടീവ് അഗസ്റ്റിന്‍ ഡി റൊമാനറ്റ് എക്‌സില്‍ കുറിച്ചു. ഇസ്രായിലും ഹമാസും തമ്മിലുള്ള യുദ്ധം തുടരുന്ന സാഹചര്യത്തില്‍ സംഭവം പെരുപ്പിച്ചു കാണിക്കുന്നതിനെതിരെ ഡി റൊമാനറ്റ് മുന്നറിയിപ്പ് നല്‍കി.
വലതുപക്ഷ പ്രസിഡന്റ് ജാക്വസ് ചിറാക്കിന്റെ കീഴിലുണ്ടായിരുന്ന മുന്‍ യൂറോപ്യന്‍ കാര്യ മന്ത്രിയായ നോയല്‍ ലെനോയിറാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
വിമാനത്താവളം ഒരു പള്ളിയായി മാറുമ്പോള്‍ എയ്‌റോപോര്‍ട്‌സ് ഡി പാരീസിന്റെ സിഇഒ എന്താണ് ചെയ്യുന്നത്? ഈ മാറ്റം ഔദ്യോഗികമാണോ? അവര്‍ പരിഹാസത്തോടെ ചോദിച്ചു.
വിമാനത്താവളത്തില്‍ പ്രത്യേകം ആരാധനാലയങ്ങളുണ്ടെന്നും നിയമം കര്‍ശനമായി പാലിക്കണമെന്നും ഭരണകക്ഷി എംപി ആസ്ട്രിഡ് പനോസ്യന്‍ ബൗവെറ്റ് പറഞ്ഞു. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ഫ്രാന്‍സില്‍ നിലവിലുള്ള നിയമങ്ങള്‍' അധികൃതര്‍ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേമയം, മുന്‍മന്ത്രി നോയലിന്റെ നടപടി ഇസ്ലാം ഭീതി പരത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണവുമായി നിരവധി പേര്‍ രംഗത്തുവന്നു. ഇസ്‌ലാമോഫോബിയയുമായി താരതമ്യപ്പെടുത്താവുന്ന വിചിത്രമായ അഭിപ്രായങ്ങളാണിതെന്ന് ആരോപിച്ച പാരീസിന് പുറത്തുള്ള ആല്‍ഫോര്‍ട്ട്‌വില്ലെയിലെ സോഷ്യലിസ്റ്റ് മേയര്‍ ലൂക്ക് കാര്‍വൂനാസ് പനോസിയന്‍ ഭരണകക്ഷി എം.പി ആസ്ട്രിഡ് പനോസ്യന്‍ ബൗവെറ്റ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.